തൃപ്രയാർ> ഫിനാൻസ് കമ്പനിയിൽ നിന്നും 19.94 കോടി രൂപയുമായി ജീവനക്കാരി മുങ്ങി. വലപ്പാട് മണപ്പുറം കോംപ്ടെക് ആൻഡ് കൺസൾട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന കൊല്ലം സ്വദേശി ധന്യ മോഹൻ ആണ് തട്ടിപ്പ് നടത്തിയത്.
സ്ഥാപന അധികൃതരുടെ പരാതിയെ തുടർന്ന് തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പൊലീസ് യുവതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വലപ്പാട് സിഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ അംഗ സംഘത്തിനാണ് അന്വേഷണച്ചുമതല.
2020 മെയ് മുതൽ സ്ഥാപനത്തിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽ നിന്നും യുവതിയും യുവതിയുടെ പിതാവിന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 19.94 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി.
ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങി. പിടിയിലാവുമെന്ന് മനസ്സിലായ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസിൽ നിന്നും മുങ്ങിയെന്നും പരാതിയിൽ പറയുന്നു. യുവതി ഒളിവിൽ പോകുന്നതിനു തൊട്ടുമുമ്പ് വരെ 18 വർഷത്തോളമായി തിരുപഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.