തിരുവനന്തപുരം > കോഴ്സ് കാലയളവിൽ ഒരു സ്റ്റാർട്ടപ് ആരംഭിച്ച് ഉൽപ്പന്നം പുറത്തിറക്കുന്ന വിദ്യാർഥികൾക്ക് ക്രെഡിറ്റ് നൽകുമെന്ന സുപ്രധാന പ്രഖ്യാപനവുമായി സാങ്കേതിക സർവകലാശാല ബജറ്റ്. കഴിഞ്ഞയാഴ്ച സർവകലാശാല കൊച്ചിയിൽ സംഘടിപ്പിച്ച സ്റ്റാർട്ടപ് ബൂട്ട് ക്യാമ്പിലെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രി പി രാജീവിന്റെ നിർദേശം അംഗീകരിച്ചാണ് തീരുമാനം.
വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് ഓഫ് ഗവേണൻസ് യോഗത്തിൽ സിൻഡിക്കറ്റ് അംഗം ഡോ. പി കെ ബിജു ബജറ്റ് അവതരിപ്പിച്ചു. 234 കോടി രൂപ വരവും 378 കോടി രൂപ ചെലവും 144 കോടി രൂപയുടെ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
വിദ്യാർഥികളിൽ സംരംഭകത്വ താൽപ്പര്യം വളർത്താൻ കേരള സർക്കാർ രൂപം നൽകിയ നൂതന ആശയമായ ക്യാമ്പസ് ഇൻഡസ്ട്രിയൽ റിസർച്ച് പാർക്ക് പദ്ധതി എൻജിനിയറിങ് കോളേജുകളിൽ ആരംഭിക്കാൻ 10 കോടി രൂപയാണ് നീക്കിവച്ചത്. അക്കാദമിക-, വ്യാവസായിക ബന്ധം ശക്തിപ്പെടുത്തുക, വിദ്യാർഥികളിൽ സംരംഭകത്വ താൽപ്പര്യം വളർത്തുക, നൈപുണ്യവൽക്കരണത്തിലൂടെ കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സർവകലാശാലയും വ്യവസായമേഖലയും ചേർന്ന് കുറഞ്ഞത് അഞ്ച് സംരംഭം സൃഷ്ടിക്കും. നാല് പിജി പഠന വകുപ്പുകൾ ഈ വർഷംമുതൽ ആരംഭിക്കാൻ യൂണിവേഴ്സിറ്റി ചെയർ സ്ഥാപിക്കും. 1.4 കോടി രൂപയാണ് ചെലവഴിക്കുക. അക്കാദമിക പ്രഭാഷണങ്ങൾ, ഗവേഷണം, പൊതുപ്രഭാഷണങ്ങൾ, സെമിനാറുകൾ, സിമ്പോസിയങ്ങൾ എന്നിവയിൽ ചെയർ പങ്കാളിയാകും.
വിളപ്പിൽശാലയിൽ അന്താരാഷ്ട്ര ശാസ്ത്ര വ്യാപാര പ്രദർശന കേന്ദ്രം സ്ഥാപിക്കും. 50 ലക്ഷം രൂപ ആദ്യഗഡു അനുവദിച്ചു. ചോദ്യപേപ്പറുകളുടെ സമഗ്ര ശേഖരം ഒരുക്കാൻ വികസിപ്പിക്കാൻ ഓട്ടോമേറ്റഡ് ചോദ്യ ബാങ്ക് വികസിപ്പിക്കാൻ രണ്ടുകോടി രൂപ വകയിരുത്തി. അംഗീകൃത കോളേജുകളിലെ അധ്യാപകർക്ക് മുമ്പേ അതത് വിഷയത്തിലെ വിദഗ്ധരും ചോദ്യങ്ങൾ ഉണ്ടാക്കും. തൊഴിലവസരങ്ങളും തൊഴിൽസംബന്ധിയായ വിവരങ്ങളും വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ കരിയർ പോർട്ടൽ, 50 ലക്ഷം രൂപ മാറ്റിവച്ചു. ഈ വർഷത്തെ ബിരുദദാന ചടങ്ങ് ആഗസ്തിൽ നടത്താനും ബോർഡ് ഓഫ് ഗവേണൻസ് യോഗം തീരുമാനിച്ചു.
പ്രധാന പ്രഖ്യാപനങ്ങൾ
• ക്യാമ്പസ് ഇൻഡസ്ട്രിയൽ റിസർച്ച് പാർക്ക് പദ്ധതിക്ക് 10 കോടി
• ഡാറ്റ സെന്ററിനും അന്താരാഷ്ട്ര ഹോസ്റ്റൽ, ഗസ്റ്റ് ഹൗസ് എന്നിവയ്ക്കുമായി 10 കോടി രൂപ വീതം
• സർവകലാശാല ചെയർ സ്ഥാപിക്കാൻ 1.4 കോടി
• അനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിങ്, കോമിക്സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി ഇക്കോസിസ്റ്റം നിർമിക്കുന്നതിന് 1.2 കോടി
• ഔട്ട്റീച്ച് പ്രോഗ്രാമുകൾക്കായി യൂണിവേഴ്സിറ്റി 10 സോഷ്യൽ ലാബുകൾ നിർമിക്കാൻ 60 ലക്ഷം
• അഫിലിയേറ്റഡ് കോളേജുകളുടെ മികവ് ഉറപ്പാക്കാൻ രണ്ടുകോടി
• ഒരുകോടി രൂപ ചെലവിൽ യൂണിവേഴ്സിറ്റി ലൈബ്രറിയും 50 ലക്ഷം രൂപ ചെലവിൽ കിൻഫ്രാ പാർക്കിൽ യൂണിവേഴ്സിറ്റി ഐടി സോഫ്റ്റ്വെയർ ഡെവലപ്മെന്റ് സെന്ററും