തൃശൂർ > കെ വി രവീന്ദ്രൻ, കുരിയക്കോട്ടിൽ വീട്, പി ഒ മാടക്കത്തറ വിലാസത്തിൽ അപ്രതീക്ഷിതമായൊരു കത്ത്. മറു വിലാസം നോക്കിയപ്പോൾ എം ടി വാസുദേവൻ നായർ. കത്തിലെ വാചകങ്ങൾ ഇങ്ങനെ ’എന്റെ പുസ്തകങ്ങൾ ഇനി വില കൊടുത്തു വാങ്ങേണ്ട, ശേഖരത്തിലില്ലാത്തവയും ഇനി വരുന്നവയും ഞാനയച്ചുതരും’. കാർഷിക സർവകലാശാലാ തൊഴിലാളിയായി വിരമിക്കുന്ന ദിവസം, തന്നെത്തേടിയെത്തിയ എംടിയുടെ കൈയൊപ്പുള്ള കത്തും പുസ്തകങ്ങളും കണ്ട് രവീന്ദ്രന്റെ മനം നിറഞ്ഞു. ആ കത്ത് നിധിപോലെ സൂക്ഷിക്കുകയാണ്. എംടിയെത്തേടിയും അദ്ദേഹത്തിന്റെ കഥകളുടെ പിന്നാമ്പുറം തേടിയും എഴുപത്തിയേഴാം വയസ്സിലും രവീന്ദ്രൻ യാത്രയിലാണ്. എംടിയുടെ എല്ലാ പിറന്നാളിനും ആശംസാകത്ത് അയക്കും. എം ടി പുസ്തകങ്ങൾ തിരിച്ചയക്കും. എംടിയുടെ 91-ാം പിറന്നാൾ കർക്കടകത്തിലെ ഉത്രട്ടാതി നക്ഷത്ര ദിനമായ വെള്ളിയാഴ്ചയാണ്. ഈ വേളയിലും രവീന്ദ്രന്റെ കത്ത് എത്തിയിരിക്കും.
രണ്ടാംക്ലാസിൽ ജയിച്ചിട്ടും രവീന്ദ്രന് തുടർന്ന് പഠിക്കാനായില്ല. ആടുമേയ്ക്കാൻ പോകാനായിരുന്നു അച്ഛൻ വേലായുധന്റെ നിർദേശം. ഇഷ്ടതാരം നസീറിന്റെ മുറപ്പെണ്ണ് സിനിമ കണ്ടതോടെ എംടി മനസ്സിൽ പതിഞ്ഞു. പിന്നെ അദ്ദേഹത്തിന്റെ കഥകൾ വായിക്കാൻ തുടങ്ങി. 1975ൽ തൃപ്പൂണിത്തുറ അത്തച്ചമയം ഉദ്ഘാടനത്തിന് എംടി വരുന്നതറിഞ്ഞ് അങ്ങോട്ട് പോയി. ജീവിതയാത്രയ്ക്കിടെ എംടിയുടെ നിർമാല്യം സിനിമയിൽ ഭ്രാന്തനിരുന്ന കണ്ണേങ്കാവ് ക്ഷേത്രമൈതാനിയിലെ ആൽമരം കണ്ടപ്പോൾ സന്തോഷത്താൽ തുള്ളിച്ചാടിയതായി രവീന്ദ്രൻ പറഞ്ഞു. ഒരിക്കൽ തിരുവോണനാളിൽ നാലുകെട്ടിൽ എംടി വരുമെന്നറിഞ്ഞ് കൂടല്ലൂർക്ക് യാത്രതിരിച്ചു. ഒപ്പമിരുത്തി എംടി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഭക്ഷണത്തിനും ക്ഷണിച്ചു. പിന്നീടൊരിക്കൽ നാലുകെട്ട് നോവൽ ഒപ്പിട്ടു നൽകി. 2017ൽ ദേശാഭിമാനി പുരസ്കാരം നൽകി എംടിയെ ആദരിക്കുന്ന വേളയിൽ കോഴിക്കോട്ടെ വീട്ടിലേക്ക് പോയി. അസുരവിത്ത് പുസ്തകം അദ്ദേഹം സമ്മാനിച്ചു. വി കെ ശ്രീരാമൻ രചിച്ച ‘കാലത്തിന്റെ നാലുകെട്ട്’ എന്ന കൃതി പുന്നയൂർക്കുളത്ത് എംടി പ്രകാശനം ചെയ്തു. ഏറ്റുവാങ്ങാനായി തന്നെ ക്ഷണിച്ചപ്പോൾ ഞെട്ടിപ്പോയതായും അദ്ദേഹം പറഞ്ഞു. രവീന്ദ്രന്റെ വീട് പുസ്തക ലോകമാണ്. മക്കളായ രഞ്ജിത്ത് എക്സൈസിലും രേഖ റവന്യു വകുപ്പിലും ജോലിക്കാരാണ്. ഭാര്യ മല്ലിക വീട്ടമ്മയാണ്.