ന്യൂഡൽഹി
ഖനികൾക്കും പാറമടകള്‍ക്കും ധാതു സമ്പത്തിനും നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. പാർലമെന്റ് പാസാക്കിയ 1957ലെ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) നിയമം നികുതി ഈടാക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കുന്നില്ലെന്ന് വിധിയിൽ വ്യക്തമാക്കി. ഒമ്പതംഗ ഭരണഘടനാബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉൾപ്പെടെ എട്ട് ജഡ്ജിമാർ സംസ്ഥാനങ്ങളുടെ നികുതി അവകാശം ശരിവച്ചപ്പോൾ ജസ്റ്റിസ് ബി വി നാഗരത്ന ഭിന്നവിധി പുറപ്പെടുവിച്ചു. വിവിധ സംസ്ഥാനങ്ങൾ ഫയൽ ചെയ്ത 86 അപ്പീലുകളിലാണ് ഫെഡറല്‍ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സുപ്രധാനവിധി.
ഖനികൾക്കും ക്വാറികൾക്കും നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം ഭരണഘടനയുടെ 247–-ാം അനുച്ഛേദം, സംസ്ഥാനപട്ടികയിലെ 49–-ാം എൻട്രി എന്നിവയിൽനിന്നും ഉരുത്തിരിയുന്നതാണെന്ന് ഭൂരിപക്ഷവിധി ചൂണ്ടിക്കാട്ടി. ‘ഭൂമികളും കെട്ടിടങ്ങളും’ സംസ്ഥാനപട്ടികയിൽ 49–-ാം എൻട്രി ആയിട്ടാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.അതിന് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനനിയമസഭകൾക്കുണ്ട്. പൊതുജനതാൽപര്യം മുൻനിർത്തി ധാതുവികസനത്തിനും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം ഭരണഘടന കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ട്. എന്നാൽ, ആ അധികാരം വിനിയോഗിച്ച് നികുതി വിഷയത്തിൽ നിയന്ത്രണം ഏർപ്പെടുത്താനാകില്ല. ഈ നിഗമനങ്ങളോടെല്ലാം വിയോജിച്ചാണ് ജസ്റ്റിസ് ബി വി നാഗരത്ന ഭിന്നവിധി പുറപ്പെടുവിച്ചത്. മുൻകാലപ്രാബല്യം സംബന്ധിച്ച് പിന്നീട് വ്യക്തത വരുത്തുമെന്ന് കോടതി അറിയിച്ചു.
റോയൽറ്റി നികുതിയല്ല
ഖനികൾ പാട്ടത്തിനെടുക്കുന്നവർ സംസ്ഥാനങ്ങൾക്ക് നൽകുന്ന റോയൽറ്റിയെ നികുതിയായി കണക്കാക്കാൻ കഴിയില്ലെന്ന് ഭൂരിപക്ഷ വിധി നിരീക്ഷിച്ചു. ‘റോയൽറ്റി പാട്ടക്കാരൻ പാട്ടം നൽകിയ ആൾക്ക് കരാർപ്രകാരം നൽകുന്ന തുകയാണ്. അതിന് നികുതിയുടെ സ്വഭാവമില്ല. റോയൽറ്റി നികുതിയാണെന്ന ഇന്ത്യാ സിമന്റ്സ് കേസിലെ (1989) ഈ കോടതിയുടെതന്നെ മുൻ ഉത്തരവ് റദ്ദാക്കുന്നതായി ഭൂരിപക്ഷവിധിയിൽ പറഞ്ഞു. ഇന്ത്യാ സിമന്റ്സും തമിഴ്നാട് സർക്കാരും തമ്മിലുള്ള തർക്കമാണ് കേസിന് അടിസ്ഥാനം.
തമിഴ്നാട് സർക്കാരിൽനിന്നും ഖനനത്തിനുള്ള പാട്ടക്കരാർ എടുത്ത ഇന്ത്യാ സിമന്റ്സിൽനിന്നും റോയൽറ്റിക്ക് പുറമേ തീരുവ ചുമത്താനുള്ള തീരുമാനത്തിന് എതിരെ അവർ കോടതിയെ സമീപിക്കുകയായിരുന്നു. 1989ൽ സുപ്രീംകോടതിയുടെ ഏഴംഗഭരണഘടനാബെഞ്ച് ഇന്ത്യാ സിമന്റ്സിന് അനുകൂലവിധി നൽകി. ഇതിനെതിരെ വിവിധ സംസ്ഥാനങ്ങൾ നൽകിയ അപ്പീലിലാണ് ഇപ്പോഴത്തെ വിധി.