തിരൂർ
‘ഒരുമാസത്തിനുള്ളിൽ പുതിയ കെട്ടിടനിര്‍മാണം ആരംഭിക്കും. അതുവരെ സ്കൂളിനടുത്തുള്ള ഡയറ്റ് സ്ഥാപനത്തിലെ കെട്ടിടം വിദ്യാലയത്തിന് ഉപയോഗിക്കാം’. ബിപി അങ്ങാടി ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂൾ വിദ്യാർഥികൾക്ക് മന്ത്രി വി ശിവൻകുട്ടിയുടെ ഉറപ്പ്. സ്കൂളിലെ പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ വ്യാഴാഴ്ചയാണ് മന്ത്രിയുടെ ഓഫീസിലെത്തിയത്.
ശാശ്വത പരിഹാരമുണ്ടാകുമെന്നും പുതിയ കെട്ടിടം നിര്‍മിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. കലക്ടർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, തിരൂർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ ഫോണിൽ വിളിച്ച് പ്രശ്നപരിഹാരങ്ങൾ നിർദേശിച്ചു.
കെട്ടിട നിര്‍മാണത്തിനായി 3.90 കോടി കിഫ്ബിവഴിയും ഒരുകോടി പ്ലാൻ ഫണ്ടിലും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പ്ലസ്ടു വിദ്യാർഥികളായ അനാമിക, ഫിദ, നിയ, റമീസ, ഷമീമ എന്നിവരാണ് മന്ത്രിയെ കണ്ട് പരാതി നല്‍കിയത്. ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പുതന്നതായും അതില്‍ വിശ്വാസമുണ്ടെന്നും സന്തോഷത്തോടെയാണ് നാട്ടിലേക്ക് മടങ്ങുന്നതെന്നും അനാമിക പറഞ്ഞു.