പാരീസ്: ഇതാദ്യമായി സ്റ്റേഡിയത്തിന് പുറത്തൊരു ഉദ്ഘാടനം. ചരിത്രത്തിലേക്ക് ഇടം നേടുകയാണ് പാരീസ് ഒളിമ്പിക്സ്. വെള്ളിയാഴ്ച ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകൾ സെൻ നദിയിലാകും നടക്കുക. ട്രാക്കിലൂടെ തരങ്ങളെ സ്വാഗത ചെയ്യുന്ന സ്ഥിരം ശൈലി ഒഴിവാക്കി സെൻ നദിയിൽ ബോട്ടുകളിലായിരിക്കും താരങ്ങളെ വരവേൽക്കുന്നത്. നദിയുടെ ആറുകിലോമീറ്റർ ദൂരത്തിൽ നുറുകണക്കിന് ബോട്ടുകളിലായി 10500 താരങ്ങളാണ് അണിനിരക്കുന്നത്.
മൂന്ന് മണിക്കൂറോളം നിറഞ്ഞുനിൽക്കുന്ന ഉദ്ഘാടന ചടങ്ങിലെ വിസ്മയങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. നാലായിരത്തോളം നർത്തകരും മൂവായിരത്തോളം കലാകാരൻമാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.ഫ്രഞ്ച് സംവിധായകൻ തോമസ് ജോളിയാണ് പാരീസ് ഒളിമ്പിക്സിന്റെ കലാസംവിധായകൻ. ഇന്ത്യൻ സമയം രാത്രി പതിനൊന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ.
അതിനിടെ, ഒളിംപിക്സിന് എത്തിയ ഓസ്ട്രേലിയൻ വാട്ടർ പോളോ ടീമിലെ മൂന്ന് താരങ്ങൾക്ക് കൂടി വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ടീമിലെ വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി. നേരത്തെ ചൊവ്വാഴ്ച രണ്ട് കളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.നിലവിൽ വാട്ടർ പോളോ ടീമംഗങ്ങൾക്ക് മാത്രമാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ഓസ്ട്രേലിയയുടെ ഒളിംപിക്സ് ടീം ചീഫ് അന്ന മെയേഴ്സ് പറഞ്ഞു.
32 കായിക ഇനങ്ങളിലായി ആകെ 329 മത്സരങ്ങളാണുള്ളത്. 200-ലധികം രാജ്യങ്ങളാണ് ഇത്തവണ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. ഇത്തവണ പുതിയ നാല് മത്സരയിനങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രേക്കിംഗ്, സ്കേറ്റ്ബോർഡിംഗ്, സർഫിംഗ്, സ്പോർട്സ് ക്ലൈംബിംഗ് എന്നിവയാണ് പുതിയ വിഭാഗങ്ങൾ.പാരീസ് സമയം ഓഗസ്റ്റ് 11-നാണ് ഒളിമ്പിക്സിന്റെ സമാപനം. എന്നാൽ ഇന്ത്യയിൽ ഇത് ഓഗസ്റ്റ് 12 തിങ്കളാഴ്ച പുലർച്ചെയായിരിക്കും.
ഒളിമ്പിക് ഫ്രൈജ് എന്നതാണ് ഇത്തവണത്തെ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം. ഫ്രാൻസിലെ പരമ്പരാഗത ചെറിയ ഫ്രിജിയൻ തൊപ്പികളെ അടിസ്ഥാനമാക്കിയാണ് ചിഹ്നം രൂപപ്പെടുത്തിയത്. സ്വാതന്ത്രത്തിന്റെ പ്രതീകങ്ങളായാണ് ഇവ അറിയപ്പെടുന്നത്. ഇന്ത്യയിൽ ഒളിമ്പിക്സ് ജിയോസിനിമയിൽ സൗജന്യായി കാണാൻ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ സ്ട്രീമിങ് ലഭ്യമാകും. സ്പോർസ് 18 ചാനലുകളും ഒളിമ്പിക്സ് തൽസമയം സംപ്രേഷണം ചെയ്യും.
Read More
- രോഹിതിന്റെയും കോഹ്ലിയുടെയും അഭാവം ഇന്ത്യക്ക് വലിയ നഷ്ടം: ജയസൂര്യ
- സഞ്ജുവിന്റെ ഏകദിന കണക്കുകൾ അവിശ്വസനീയം; തഴയുന്നത് ആദ്യമായല്ല: റോബിൻ ഉത്തപ്പ
- പാരീസ് ഒളിമ്പിക്സ് അവസാന ടൂര്ണമെന്റ്; വിരമിക്കൻ പ്രഖ്യാപിച്ച് ആൻഡി മുറെ
- വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യ ഹോക്കി ഇതിഹാസം പിആർ ശ്രീജേഷ്
- സഞ്ജു സാംസണ് അവസരം നഷ്ടപ്പെട്ടതിന് കാരണം ഇതാണ്; മറുപടിയുമായി അഗാർക്കർ