ലോകമെമ്പാടും ആരാധകരുള്ള ജോക്കർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ജോക്കർ: ഫോളി എ ഡ്യൂക്സ്’ ട്രെയിലർ പുറത്തിറങ്ങി. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 2നാണ് ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. അമേരിക്കയിൽ ഒക്ടോബർ 4 ന് ചിത്രം പുറത്തിറങ്ങും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ ഇതിനകം സാമൂഹ്യമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്. ഒന്നാം ഭാഗത്തിൽ ജോക്കറിനെ അനശ്വരമാക്കിയ ജാക്വിൻ ഫീനിക്സ് തന്നെയാണ് രണ്ടാം ഭാഗത്തിലുമെത്തുന്നത്. പ്രശസ്ത ഗായിക ലേഡി ഗാഗയാണ് ഹാർലി ക്വിൻ ആയി എത്തുന്നത്. മ്യൂസിക്കൽ സൈക്കോളജിക്കൽ ത്രില്ലർ ജോണറിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
ലോകമെമ്പാടുമായി ഏറെ ആരാധകരുള്ള കഥാപാത്രമാണ് ജോക്കർ. പ്രതിനായകനായാണ് മിക്ക ചിത്രങ്ങളിലും ജോക്കർ പ്രത്യക്ഷപ്പെടുന്നതെങ്കിലും നായക കഥാപാത്രത്തേക്കാൾ കയ്യടി ജോക്കറിനു കിട്ടുന്നതായി കാണാം. സാമ്പത്തികമായും ജോക്കർ ചിത്രങ്ങൾ ഏറെ വിജയിക്കുന്നുണ്ട്. ഡിസി കോമിക്സിൽ ബാറ്റ്മാൻ കഥാപാത്രത്തിന്റെ വില്ലനായാണ് ജോക്കർ ആദ്യം പ്രത്യക്ഷപ്പെട്ടത്. 1966 – 68 കാലഘട്ടത്തിൽ അമേരിക്കൻ ടെലിവിഷൻ പരമ്പരയായാണ് ബാറ്റ്മാൻ ആരംഭിച്ചത്. 1966ൽ ‘ബാറ്റ്മാൻ’ ചിത്രത്തിൽ സീസർ റൊമേറോ ജോക്കറായി വേഷമിട്ടു. 1989ലെ ബാറ്റ്മാനിൽ ജോൺ നിക്കോൾസണും 2008ലെ ക്രിസ്റ്റഫർ നോളൻ ചിത്രം ‘ദ ഡാർക്ക് നൈറ്റി’ൽ ഹീത്ത് ലെഡ്ജറും ജോക്കറായെത്തി. 2016ൽ പുറത്തിറങ്ങിയ ‘സൂയിസൈഡ് സ്ക്വാഡി’ൽ ജേർഡ് ലെറ്റോയും 2019ലെ ജോക്കറിൽ ജാക്വിൻ ഫീനിക്സും ജോക്കറായി. ഇതിൽ ഹീത്തിന്റെയും ജാക്വിന്റെയും ജോക്കർ കഥാപാത്രങ്ങളാണ് ശ്രദ്ധേയമായത്.
ഇരുവർക്കും ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനും മികച്ച നടനുമുള്ള ഓസ്കറും ലഭിച്ചു.