തിരുവനന്തപുരം > സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂൾ വിദ്യാർഥികളും റോബോടിക് സാങ്കേതികവിദ്യ പഠിക്കും. ഇതിനായി അടുത്ത അധ്യയന വർഷം എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ഐസിടി പാഠപുസ്തകങ്ങളിൽ റോബോടിക് പഠനവും ഉൾപ്പെടുത്തുമെന്ന് കൈറ്റ്സ് സിഇഒ കെ അൻവർ സാദത്ത്. ഇതിന്റെ മുന്നോടിയായി 20,000 റോബോടിക് കിറ്റുകൾ ലിറ്റിൽ കൈറ്റ് ക്ലബ്ബുകൾക്ക് കൈമാറി തുടങ്ങി. ഐഒടി (ഇന്റർനെറ്റ് ഓഫ് തിംഗ്സ്) എഐ (ആർടിഫിഷ്യൽ ഇന്റലിജൻസ്) എന്നിവയും ഹൈസ്കൂൾ പാഠപുസ്തകത്തിന്റെ ഭാഗമാകും. നിലവിൽ ഏഴിലെ ഐസിടി പുസ്തകത്തിൽ എഐ പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്. എഐ പരിശീലനം നേടിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പൊതുജനങ്ങൾക്ക് ഈ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്നതിനുള്ള പദ്ധതിയും കൈറ്റ്സ് തയ്യാറാക്കും.
കൈറ്റ്സ് സിഇഒ കെ അൻവർ സാദത്ത് ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകൾക്ക് 9,000 റോബോടിക് കിറ്റ് നേരത്തെ നൽകിയിട്ടുണ്ട്. ഇതിന് പുറമെയാണ് 20,000 കിറ്റുകൾ നൽകുന്നത്. ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകി അവരെ റിസോഴ്സ് പേഴ്സൺമാരാക്കി മുഴുവൻ വിദ്യാർഥികൾക്കും റോബോടിക് പരിശീലനം നൽകാനാണ് പദ്ധതി. നിലവിൽ 1,3,57 ക്ലാസുകളിലെ ഐസിടി പാഠപുസ്തകമാണ് പരിഷ്കരിച്ചത്. മറ്റു ക്ലാസുകളിലേത് അടുത്ത അധ്യയന വർഷം പരിഷ്കരിക്കും. 80,000 അധ്യാപർക്ക് നിലവിൽ എഐ പരിശീലനം നൽകിയിട്ടുണ്ട്. ഏഴാം ക്ലാസിൽ എഐ പാഠ്യപദ്ധതിയുടെ ഭാഗമായതിനാൽ നാല് ലക്ഷം കുട്ടികൾക്ക് എഐ പരിശീലനം ലഭിക്കും. രാജ്യത്ത് ആദ്യമായാണിത്.
ആദിവാസി മേഖലയിലെ കുട്ടികൾക്ക് ഐടി പഠനം കൂടുതൽ മികവോടെ നൽകുന്നതിന് ആവശ്യമായ പദ്ധതി കൊണ്ടുവരും. ലിറ്റിൽ കൈറ്റ്സിന്റെ തുടർച്ച ഹയർസെക്കന്ററിയിലും ഉണ്ടാകേണ്ടതുണ്ട്. അതേ കുറിച്ചുള്ള ആലോചനയിലാണ് കൈറ്റ്സ്. വിൻഡോസ് പണിമുടക്കിയപ്പോഴും കേരളത്തിന്റെ സർക്കാർ സംവിധാനത്തെ അവ ബാധിക്കാത്തത് നമ്മൾ സ്വതന്ത്ര സോഫ്റ്റ്വെയറുകളെ ആശ്രയിച്ചതിനാലാണ്. ഇവ കൂടുതൽ ശക്തിപ്പെടുത്താനുള്ള സർക്കാർ തീരുമാനം ഏറെ ഗുണകരമാണെന്നും അൻവർ സാദത്ത് പറഞ്ഞു.