തിരുവനന്തപുരം
സംസ്ഥാനത്ത് പരിസ്ഥിതി സൗഹൃദ ഹരിത ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ബസും ബോട്ടും അടുത്തവർഷം പുറത്തിറക്കും. തുടക്കം തിരുവനന്തപുരത്തും കൊച്ചിയിലും. ഇതിനായി ഇരു ജില്ലകളിലും ആദ്യഘട്ടം ദിവസം 100 കിലോഗ്രാംവരെ ഹരിത ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന ചെറുകിട യൂണിറ്റുകൾ ആരംഭിക്കാനും നടപടിയായി. അനെർട്ടിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസിയും കെഎസ്ഐഡിസിയും ജലഗതാഗത വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുക.
ഒരു വർഷത്തിനകം ഹരിത ഹൈഡ്രജൻ ഉൽപാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. രണ്ട് ജില്ലകളിലുമായി പത്തുവീതം ബസ്സും ബോട്ടും പുറത്തിറക്കും. തിരുവനന്തപുരം മുട്ടത്തറയിൽ ജല അതോറിറ്റിയുടെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനുസമീപവും കൊച്ചിയിൽ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (ടിസിസി) ഫാക്ടറിക്ക് സമീപവുമാണ് യൂണിറ്റുകൾ സ്ഥാപിക്കുക. ഹരിത ഹൈഡ്രജൻ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാൻ 200 കോടി രൂപ സംസ്ഥാന ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. പരീക്ഷണം വിജയിച്ചാൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം തുടങ്ങും. കൂടുതൽ ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.
വമ്പൻ പദ്ധതികൾ വരും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം-, കൊച്ചി തുറമുഖം എന്നിവ കേന്ദ്രീകരിച്ച് ഹരിത ഹൈഡ്രജൻ പാർക്കുകൾ ഉൾപ്പെടെ വമ്പൻ പദ്ധതികൾ നടപ്പാക്കാൻ സ്വകാര്യ കമ്പനികൾ താൽപ്പര്യം അറിയിച്ചിട്ടുണ്ട്. 70,000 കോടിരൂപയുടെ പദ്ധതി നടപ്പാക്കാൻ താൽപ്പര്യം അറിയിച്ച് റിന്യു പവർ, ലീപ് എനർജി, എച്ച്എൽസി, എൻഫിനിറ്റി എന്നീ കമ്പനികളാണ് എത്തിയിട്ടുള്ളത്. കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതികൾ ആരംഭിക്കാം. ഹരിത ഹൈഡ്രജൻ കയറ്റി അയക്കാനും പദ്ധതിയുണ്ട്.
ഹരിത ഹൈഡ്രജൻ
ഫോസിൽഇന്ധനത്തെ ആശ്രയിക്കാതെ പൂർണമായും പുനരുപയോഗ ഊർജം അധിഷ്ഠിതമാക്കി ഉൽപ്പാദിപ്പിക്കുന്നതാണ് ഹരിത ഹൈഡ്രജൻ. ജലകണികകളെ ഇലക്ട്രോളിസിസിലൂടെ വിഘടിപ്പിച്ച്, സൗരോർജവും കാറ്റും ഉപയോഗപ്പെടുത്തിയാണ് ഉൽപ്പാദനം. കാർബൺ പുറന്തള്ളൽ കുറവായതിനാൽ പരിസ്ഥിതിസൗഹൃദമാണ്. വിഴിഞ്ഞം,കൊച്ചി തുറമുഖങ്ങൾക്കുസമീപം കടൽവെള്ളം ശുദ്ധീകരിച്ച് വിഘടിപ്പിച്ച് ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാനാകും.