തിരുവനന്തപുരം > ഇന്ത്യയിലെ വർത്തമാനകാല യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കാത്ത സാമ്പത്തിക സർവേ റിപ്പോർട്ടാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ സമർപ്പിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ദാരിദ്രം, തൊഴിലില്ലായ്മത, വിലക്കയറ്റം, ഉൽപാദന മുരടിപ്പ് തുടങ്ങിയ മേഖലകളിലെല്ലാം രാജ്യത്തിന്റെ പിന്നോക്കാവസ്ഥയാണ് റിപ്പോർട്ടിൽ പ്രതിഫലിക്കുന്നത്. ഇന്ത്യയിൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 9.36 ശതമാനമാണെന്ന് ജൂണിലെ വിവിധ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും വിലക്കയറ്റമില്ലെന്നാണ് കേന്ദ്ര സർക്കാർ അവകാശവാദം. ദാരിദ്ര സൂചികയിൽ 125 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 111 ആണ്. 67 ലക്ഷം കുട്ടികൾക്ക് ദിവസം ഒരു നേരംപോലും ഭക്ഷണം കിട്ടാത്ത രാജ്യമാണ് ഇന്ത്യയെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റി പഠനത്തിൽ പറയുന്നു. എന്നിട്ടും വലിയ സാമ്പത്തിക വളർച്ച നേടി എന്ന മേനി നടിക്കൽ മാത്രമാണുള്ളത്.
ഈ സാമ്പത്തിക വർഷം (2024–25) 6.5 മുതൽ ഏഴ് ശതമാനംവരെ വളർച്ചയാണ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്. ആഗോള സാമ്പത്തിക വളർച്ച 3.2 ശതമാനത്തിൽ നിൽക്കുമ്പോഴാണ് ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നത്. കഴിഞ്ഞവർഷം 8.2 ശതമാനം വളർച്ച നേടി എന്ന അവകാശവാദത്തിന് സാധൂകരണം നൽകുന്ന വസ്തുതകളൊന്നും മുന്നോട്ടുവയ്ക്കുന്നുമില്ല.
രാജ്യത്തിന്റെ കട ബാധ്യത ഉയർന്നുകൊണ്ടിരിക്കുന്നു എന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് മിണ്ടാട്ടമില്ല. 2011–12ൽ ഇന്ത്യയുടെ ആകെ കടം 45,17,252 കോടി രൂപയായിരുന്നു. നിലവിൽ 1,83,67,133 കോടി രൂപയായി ഉയർന്നു. ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ 51.7 ശതമാനമായിരുന്നു 2011–21ലെ കടം. നിലവിൽ അത് 56 ശതമാനമായി.
ഇതേ സാഹചര്യത്തിൽ അക്കൗണ്ടന്റ് ജനറലിന്റെ അവസാനത്തെ കണക്കുപ്രകാരം കേരളത്തിന്റെ കടം ആഭ്യന്തര ഉൽപാദനത്തിന്റെ 33.09 ശതമാനം മാത്രമാണ്. എന്നിട്ടാണ് കേരളം കടക്കെണിയിലാണെന്ന ദുഷ്പ്രചാരണം നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ 2023–24ൽ റവന്യു കമ്മി 8,40,527 കോടി രൂപയാണ്. ആഭ്യന്തര മൊത്ത ഉൽപദാനത്തിന്റെ 2.8 ശതമാനം. അക്കൗണ്ടന്റ് ജനറലിന്റെ അവസാനത്തെ കണക്കുപ്രകാരം കേരളത്തിന്റേത് 1.48 ശതമാനവും. കേന്ദ്രത്തിന്റെ ധന കമ്മി 5.9 ശതമാനമാണ്. കേരളത്തിന്റേത് 2.81 ശതമാനവും. ധന ഉത്തരവാദിത്ത നിയമം അനുശാസിക്കുന്ന ധനദൃഡീകരണ പ്രവർത്തനങ്ങൾ ഫലപ്രദമായി ഏറ്റെടുക്കുന്നത് കേരളമാണെന്ന് വ്യക്തം.
സാമ്പത്തിക സർവേയിൽ ഇന്ത്യയിലെ പണപ്പെരുപ്പം (വിലക്കയറ്റം) 5.4 ശതമാനമെന്നാണ് പറയുന്നു. ഇത് മുൻവർഷത്തെ 6.7 ശതമാനത്തേക്കാൾ കുറവാണെന്നും അവകാശപ്പെടുന്നു. എന്നാൽ, ഈവർഷം ജൂണിൽ പുറത്തിറക്കിയ കണക്കുകൾ അനുസരിച്ച് രാജ്യത്തെ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന വിലക്കയറ്റത്തിൽ വലിയ അന്തരം ഉണ്ട്. ഉദാഹരണത്തിന് ഒറീസയിൽ വിലക്കയറ്റ നിരക്ക് 7.2 ശതമാനവും, ആളോഹരി വരുമാനം ഏറ്റവും കുറവുള്ള ബീഹാറിൽ ഇത് 6.4 ശതമാനമാനവുമായിരുന്നു. കേരളത്തിൽ ഇത് 5.83 ശതമാനമാണ്. രാജ്യത്ത് വിലക്കയറ്റം കുറവാണെന്ന് അവകാപ്പെടുമ്പോഴും സാധാരണ ജനങ്ങൾ വല്ലാതെ ദുരിതത്തിലാണെന്നാണ് എല്ലാ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.
പൊതുചെലവുകളുടെ യുക്തിസഹമാക്കുമെന്ന പ്രഖ്യാപനത്തിലും വലിയ പ്രതീക്ഷകൾ വേണ്ട. വളം സബ്സിഡി 22.4 ശതമാനവും, ഭക്ഷ്യ സബ്സിഡി 24 ശതമാനവും കുറച്ച സർക്കാരാണ് ഈ അവകാശവാദം ഉയർത്തുന്നത്. കേന്ദ്ര സർക്കാരിന്റെ നിരവധി നയങ്ങളാൽ ശ്വാസം മുട്ടിനിൽക്കുന്ന കാർഷിക മേഖലയെ പുതിയ നയങ്ങൾ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ഇന്ത്യൻ സമ്പദ്ഘടനയെ ചൈനയ്ക്കൊപ്പം വളർച്ചയുള്ളതാക്കി മാറ്റുമെന്നാണ് മറ്റൊരു അവകാശവാദം. ഇതിനായി ഒരു വികസന തന്ത്ര അധ്യായം തന്നെ സാമ്പത്തിക സർവേ റിപ്പോർട്ടിൽ അവതരിപ്പിക്കുന്നു. ചൈന നാൽപത് വർഷത്തിലാണ് 9.6 ശതമാനം വളർച്ചയുള്ള സമ്പദ്ഘടനയായി രൂപാന്തരപ്പെട്ടത്. അത്തരത്തിലുള്ള സാഹചര്യമല്ല വികസിത രാജ്യം സ്വപ്നം കാണുന്ന ഇന്ത്യയ്ക്കു മുന്നിലുള്ളത്. വിദേശ മൂലധനവും ഉപയോഗപ്പെടുത്തി ആഭ്യന്തര വിപണി വികസിപ്പിച്ചാണ് ചൈന ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്ക് ഉറപ്പാക്കിയത്. ഇന്നത്തെ ആഗോള സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങൾ ഇന്ത്യ കാണുന്ന സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാണെന്നത് മറച്ചുവയ്ക്കുകയാണ്.
ചൈന ആഗോള ഉൽപാദന ശൃംഖലയെ ഉപയോഗിച്ചതുപോലെ വിവിധ സംസ്ഥാനങ്ങളുടെ വികസന സാധ്യതകളെ മുതലെടുത്ത് ഒരു ആഭ്യന്തര ഉൽപാദന ശൃംഖല സൃഷ്ടിച്ച് മുന്നേറുന്നയാതിരിക്കും ഇന്ത്യയ്ക്ക് ഉചിതമെന്ന പൊതുഅഭിപ്രായത്തിന് ചെവി കൊടുക്കാനും കേന്ദ്ര സർക്കാർ ഇനിയും തയ്യാറാകുന്നില്ലെന്നതാണ് പ്രശ്നം.
വ്യവസായ മേഖലയിൽ നാം ഇപ്പോഴും വളരെ പിന്നിലാണെന്ന സൂചനകളും സർവേ റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നു. ആഭ്യന്തര ഉൽപാദനത്തിന്റെ 25 ശതമാനം വ്യവസായ മേഖലയിൽ നിന്നകാണമെന്ന ലക്ഷ്യം നിശ്ചയിച്ചത് 2011ൽ ആണ്. ഈ മേഖലയിൽനിന്ന് 10 കോടി തൊഴിൽ ദിനങ്ങളും ലക്ഷ്യമിട്ടു. തുടർന്ന് മോദി സർക്കാർ മേയ്ക്ക് ഇൻ ഇന്ത്യ പ്രഖ്യാപിച്ചു. നിരവധി പദ്ധതി പ്രഖ്യാപനങ്ങളും തുടർന്നു. എന്നിട്ടും ആഭ്യന്തര ഇൽപാദനത്തിൽ വ്യവസായ മേഖലയുടെ പങ്ക് 17 ശതമാനത്തിൽ ഒതുങ്ങി. പുതിയ സർവേയിലെ കണക്ക് അനുസരിച്ച് വ്യവസായ മേഖലയിൽ മൊത്തം തൊഴിൽ അവസരങ്ങളിൽ വെറും 1.3 ശതമാനം വളർച്ച മാത്രമാണുണ്ടായത്.
ഇന്ത്യയുടെ കയറ്റുമതി വളർച്ചാ നിരക്കിൽ ഒരു വളർച്ചയും കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിട്ടില്ലെന്നതാണ് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ കുറഞ്ഞ മത്സരശേഷിയാണ് ഇത് വ്യക്തമാക്കുന്നത്. അമൃത കാലത്തെ ഊന്നൽ മേഖലകളും റിപ്പോർട്ടിൽ പറയുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും കൃഷിയുടെയും വികസനമാണ് ശ്രദ്ധാകേന്ദ്രങ്ങളിലായി പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ കാലത്തും ഈ പ്രഖ്യാപനങ്ങളല്ലാതെ ഈ മേഖലകൾക്ക് കാര്യമായ പ്രോത്സാഹനം ലഭിക്കാറില്ല. സ്വകാര്യ നിക്ഷേപത്തിന്റെ കുതിപ്പാണ് മറ്റൊരു ലക്ഷ്യം. പൊതുമേഖലയുടെ വിൽപന ത്വരിതപ്പെടുത്താനുള്ള മറ്റൊരു ഉപാധിയായി ഇത് മാറിയാലും അത്ഭുതപ്പെടാനില്ല. അതാണ് മുൻ അനുഭവങ്ങൾ.
ചൈനയിൽനിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം വർധിക്കുന്നത് ആഗോള വിതരണ ശൃംഖലയിലെ ഇന്ത്യയുടെ പങ്കാളിത്തം വർധിപ്പിക്കാനും കയറ്റുമതി ഉയർത്താനും കഴിയുമെന്ന പ്രതീക്ഷയാണ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം (ട്രേഡ് ഡെഫിസിറ്റ്) അതിവേഗം വർധിക്കുന്ന അവസ്ഥയിൽ നിന്നുകൊണ്ടാണ് അത്തരമൊരു അവകാശവാദം കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.