തിരുവനന്തപുരം> അങ്കോള മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനത്തിൽ കർണാടക സർക്കാറിന്റെ അനാസ്ഥ മറച്ചു വെയ്ക്കാൻ വ്യാജപ്രചരണവുമായി കോൺഗ്രസ് സൈബർ സംഘം. രക്ഷാപ്രവർത്തനത്തിലെ അലംഭാവത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് സർക്കാരിനെ വെള്ളപൂശാനുള്ള സൈബർസേനയുടെ ശ്രമം.
“ഒരു മല ഒന്നാകെ ഇടിഞ്ഞ് റോഡ് മൂടിയ സ്ഥലത്ത് ഇങ്ങനെയെ കാര്യങ്ങൾ നടത്താൻ സാധിക്കൂ’ എന്നു തുടങ്ങുന്ന പോസ്റ്റിൽ അങ്കോളയിലെയെന്നപേരിൽ ഒരു ചിത്രം പങ്കുവെച്ചാണ് രക്ഷാപ്രവർത്തനത്തിലെ കാലതാമസത്തെ ന്യായീകരിക്കാൻ ശ്രമിച്ചത്. എന്നാൽ സൈബർ കോൺഗ്രസ് പ്രചരിപ്പിച്ച ചിത്രം അങ്കോളയിലെയല്ല, 2010 ഏപ്രിലിൽ തായ്വാനിലുണ്ടായ മണ്ണിടിച്ചിലിന്റേതാണ്. വ്യാജപ്രചാരണം കമന്റുകളിലൂടെ നിരവധി പേർ തുറന്നുകാട്ടിയതിനു പിന്നാലെ പോസ്റ്റ് പിൻവലിച്ചു.
കർണാടകയിലെ രക്ഷാപ്രവർത്തനത്തെ കവളപ്പാറയിലുെം പൊൻമുടിയിലും നടന്നിട്ടുള്ള രക്ഷാപ്രവർത്തനങ്ങളുമായി താരതമ്യപ്പെടുത്താനും പോസ്റ്റിൽ ശ്രമിക്കുന്നുണ്ട്. എന്നാൽ രാപ്പകലില്ലാതെ രക്ഷാപ്രവർത്തനം നടന്ന കവളപ്പാറയുമായുള്ള താരതമ്യം ബാലിശമാണ്.
‘കർണ്ണാടകയിൽ ഇന്ന് നടക്കുന്ന പോലെയുള്ള പ്രവർത്തനമല്ല കവളപ്പാറയിൽ നടന്നത്. മത-രാഷ്ട്രീയഭേദമില്ലാതെ ആയിരങ്ങൾ അവിടുത്തെ റെസ്ക്യൂ മിഷനിൽ പങ്കെടുത്തിട്ടുണ്ട്.ഒരു സർക്കാരിനെ കൊണ്ട് എന്തൊക്കെ ചെയ്യാൻ കഴിയുമോ,അതെല്ലാം അവിടെ ചെയ്തിട്ടുണ്ട്.രാത്രിയെന്നോ,പകലെന്നോ വ്യത്യാസമില്ലാതെ അവിടെ തിരച്ചിൽ നടന്നിട്ടുണ്ട്.ആഴ്ച്ചകൾക്കും ശേഷമാണ് അവിടുത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്.അല്ലാതെ കർണ്ണാടകയിലെ പോലെ മണി അഞ്ചടിച്ചാൽ ഉടൻ നിർത്തി വച്ച് വിശ്രമിക്കാൻ പോകുന്ന വഴിപാടായിരുന്നില്ല’–സൈബർ കോൺഗ്രസിനു മറുപടിയുമായി പി വി അൻവർ എംഎൽഎ ഫെയ്സ്ബുക്കിൽ കുറിച്ചു.