മലപ്പുറം > നിപാ പ്രതിരോധത്തിൽ കേരളം പിന്നിലെന്ന മനോരമ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ്. കേരളത്തിൽ നിപാ വ്യാപനമെന്ന നിലയിൽ ഒന്നിലധികം ആളുകളെ ബാധിച്ചത് 2018ലും 2023ലുമാണ്. 2023ൽ വ്യാപനം വളരെപെട്ടെന്ന് പിടിച്ചുനിർത്താനായി. നിപാ മരണനിരക്ക് അന്തർദേശീയതലത്തിൽ 70 ശതമാനത്തിന് മുകളിലാണെങ്കിൽ കേരളത്തിൽ 33 ശതമാനമാണ്. വാർത്തയിൽ പറയുന്ന ബംഗ്ലാദേശിൽ 2001ൽ ആദ്യം നിപാ വ്യാപനമുണ്ടായശേഷം അമ്പതോളം തവണ വീണ്ടും രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് ‘ഇ പാത്തോജൻ ബിഎസ്എൽ ഫോർ ലാബി’ൽമാത്രമേ നിപാ ഫലം പ്രഖ്യാപിക്കാനാകൂ. ഈ സൗകര്യം കേരളത്തിലും സജ്ജീകരിച്ചു.
2021ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധനാ സംവിധാനമൊരുക്കി. കോഴിക്കോട്ട് നിപാ റിസർച്ച് സെന്റർ പ്രത്യേകമായി പ്രവർത്തിക്കുന്നുണ്ട്. ലോകത്തൊരിടത്തും ഇത്രയധികം സാമ്പിൾ പരിശോധിക്കുകയോ ആന്റിബോഡിയും ആർഎൻഎയും കണ്ടെത്തുകയോ ചെയ്തിട്ടില്ല. മോണോക്ലോണൽ ആന്റിബോഡി തദ്ദേശീയമായി വികസിപ്പിക്കാനുള്ള ശ്രമവും കേരളം നടത്തുന്നതായി മന്ത്രി പറഞ്ഞു.