തൃശൂർ> ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് മറിച്ചതിനെത്തുടർന്ന് തൃശൂരിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തായതിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് ടി എൻ പ്രതാപനെതിരെ നടപടിയുണ്ടാകും. പരാജയം അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച സമിതി ഈയാഴ്ച നൽകുന്ന റിപ്പോർട്ടിൽ ടി എൻ പ്രതാപൻ, കെപിസിസി എക്സിക്യുട്ടീവംഗം അനിൽ അക്കര, മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവരാണ് പ്രതിസ്ഥാനത്തുള്ള പ്രമുഖർ.
തെളിവെടുപ്പിനെത്തിയ കെപിസിസി, ഡിസിസി, ബ്ലോക്ക്, പോഷക സംഘടനാ ഭാരവാഹികൾ ഇവർക്കെതിരെ ശക്തമായ പരാതികളാണ് ഉന്നയിച്ചത്. ഇതവഗണിച്ച് മുന്നോട്ടുപോകാനാകില്ലെന്നാണ് കെ സി ജോസഫ്, ടി സിദ്ദിഖ്, ആർ ചന്ദ്രശേഖരൻ എന്നിവരടങ്ങുന്ന സമിതിയുടെ നിലപാട്. ടി എൻ പ്രതാപനെ വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയേക്കും. തെരഞ്ഞെടുപ്പ് കോ–-ഓർഡിനേറ്ററായിരുന്ന അനിൽ അക്കരക്കെതിരെയും നടപടിയുണ്ടാകും. ജോസ് വള്ളൂരിനെ നേരത്തേ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. എന്നാൽ ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ നടപടി എടുത്താലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രതാപൻപക്ഷം മുന്നറിയിപ്പ് നൽകി.
കെ മുരളീധരൻ എഴുതി നൽകിയ പരാതിയിൽ ഈ മൂന്നുപേരടക്കം 28 നേതാക്കളുടെ പേരുണ്ട്. ഡിസിസി സെക്രട്ടറിമാരായ കെ ഗോപാലകൃഷ്ണൻ, ലൈജു സെബാസ്റ്റ്യൻ, ടി എം രാജീവ്, ടി എം ചന്ദ്രൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി, അരവിന്ദൻ പല്ലത്ത്, സിജോ ജോർജ്, റിസൺ വർഗീസ്, ഗോപപ്രതാപൻ എന്നിവരുമുണ്ട്. 28 പേരും ടി എൻ പ്രതാപൻ പക്ഷക്കാരാണ്.
കെ കരുണാകരൻ സ്റ്റഡി സെന്ററുമായി മുരളീധരൻ
തോൽവിയെത്തുടർന്ന് രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കുന്നുവെന്ന് പ്രഖ്യാപിച്ച കെ മുരളീധരൻ കെ കരുണാകരൻ സ്റ്റഡി സെന്ററിന്റെ പ്രവർത്തനം സജീവമാക്കുകയാണ്. സെന്ററിന്റെ പ്രവർത്തനം സംസ്ഥാനത്താകെ വ്യാപിപ്പിക്കാനാണ് നീക്കം. ജില്ലാ കമ്മിറ്റികൾ രൂപീകരിക്കും. ഇതിന്റെ ആദ്യഘട്ടമായാണ് തിരുവനന്തപുരത്ത് നടന്ന കെ കരുണാകരൻ അനുസ്മരണം.