കൊടുമണ്
കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മിറ്റി ഓഫീസ് സർക്കാർ പുറമ്പോക്ക് ഭൂമിയിലെന്ന് സർവേ രേഖകൾ. കൊടുമൺ സ്റ്റേഡിയത്തിന് സമീപം സർവേ നമ്പർ 524/3ൽ പണിത ഓഫീസിന്റെ വടക്കേയറ്റത്ത് 2.718 സെന്റ് ഭൂമിയാണ് കൈയേറിയിരിക്കുന്നത്. ഓഫീസിന് നിയമപ്രകാരം 5.683 സെന്റ് സ്ഥലമുണ്ട്. അതിന് പുറമെയാണ് കൈയേറ്റം നടന്നിട്ടുള്ളതെന്ന് റവന്യൂ വിഭാഗം നടത്തിയ സർവേയിൽ തെളിഞ്ഞു. എഴംകുളം –- കൈപ്പട്ടൂർ റോഡിൽനിന്ന് കൊടുമൺ വലിയതോട്ടിലേക്ക് പോകുന്ന പഞ്ചായത്ത് റോഡിനോട് ചേർന്നാണ് കെട്ടിടം നിൽക്കുന്നത്.
അടൂർ താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ പ്രദേശത്ത് നടത്തിയ സർവേയിലാണ് കൈയേറ്റം വ്യക്തമായത്. കെട്ടിടത്തിന്റെ മുൻവശത്ത് ഏഴംകുളം–-കൈപ്പട്ടൂർ റോഡിനോട് ചേർന്ന് അതിരടയാളപ്പെടുത്തിയ സർവേക്കല്ലും സ്ഥാപിച്ചിട്ടുണ്ട്. സർവേക്കല്ലിൽനിന്ന് പടിഞ്ഞാറേക്കുള്ള പ്രധാന കെട്ടിടഭാഗങ്ങളെല്ലാം പുറമ്പോക്ക് ഭൂമിയിലാണ്.
കൊടുമൺ ജങ്ഷനിൽ വ്യാപകമായി റോഡ് പുറമ്പോക്ക് കൈയേറി കെട്ടിടങ്ങളും മറ്റ് വ്യാപാരസ്ഥാപനങ്ങളും നിർമിച്ചിട്ടുണ്ടെന്നും അതെല്ലാം അളന്ന് തിട്ടപ്പെടുത്തണമെന്നും നിർദേശം വച്ചത് കോൺഗ്രസുകാരാണ്. സർവേ നടത്തുന്നതിന് കാലതാമസം വരുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഹർത്താലാചരിക്കുകയും ചെയ്തു. കൈയേറ്റ വിവരം പുറത്തുവന്നിട്ടും കോൺഗ്രസ് മൗനത്തിലാണ്.
മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടം പുറമ്പോക്ക് ഭൂമിയിലാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രക്ഷോഭം നടത്തിയിരുന്നു. ഒരുവിഭാഗം മാധ്യമങ്ങളും ഇതിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.
മാധ്യമങ്ങളും കോൺഗ്രസും ഇപ്പോൾ ഇതേക്കുറിച്ച് മിണ്ടുന്നില്ല. കൊടുമൺ പഞ്ചായത്തിന്റെ ഭരണം നറുക്കെടുപ്പിലൂടെ കോൺഗ്രസിന് ലഭിച്ച കാലത്താണ് ഓഫീസ് കെട്ടിടം നിർമിച്ചത്. കെട്ടിത്തിന്റെ മുൻഭാഗത്തെ മുറികൾ വ്യാപാര സ്ഥാപനമായാണ് പ്രവർത്തിക്കുന്നത്.