ന്യൂഡൽഹി
മൈക്രോസോഫ്റ്റ് സ്തംഭനം രാജ്യത്തെ വ്യോമയാന മേഖലയെ രണ്ടാം നാളിലും ബാധിച്ചു. ആകെ 200ഓളം സർവീസ് റദ്ദാക്കി. ഇതിൽ 192 എണ്ണവും ഇൻഡിഗോയുടേതാണ്. ഡൽഹിയിൽ മാത്രം 400 വിമാനങ്ങൾ വൈകി. 50 എണ്ണം റദ്ദാക്കി. ശനിയാഴ്ച രാവിലെ മൂന്നോടെ സർവീസുകൾ സാധാരണ നിലയിലായെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അവകാശപ്പെട്ടു. എന്നാൽ ഡൽഹി, മുംബൈ, ചെന്നൈ വിമാനത്താവളങ്ങളിൽ അടക്കം സർവീസുകൾ തടസ്സപ്പെട്ടു. രാജ്യാന്തര സർവീസുകൾ വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി.
ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജറ്റ്, അകാശ എയർ തുടങ്ങിയ കമ്പനികളുടെ നിരവധി സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക മടക്കിനൽകുന്നതിനുള്ള നടപടി അഞ്ച് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു. തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രശ്നമല്ല യാത്ര മുടങ്ങാൻ കാരണം എന്നതിനാൽ പണം മടക്കി നൽകലോ മറ്റൊരു ദിവസം യാത്ര അനുവദിക്കലോ ഉണ്ടാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഇൻഡിഗോയുടെ നിലപാട്. അതേസമയം,
വിമാന സർവീസുകൾ റദ്ദാക്കിയിട്ടില്ലെന്നും പുറപ്പെടൽ സമയം നീട്ടുകയാണ് ചെയ്തിട്ടുള്ളതെന്ന് എയർ ഇന്ത്യ പ്രതികരിച്ചു.