വാഷിങ്ടൺ> ആഗോള ജനജീവിതത്തെ സ്തംഭിപ്പിച്ച ചരിത്രത്തിലെ ഏറ്റവും വലിയ ഐടി സ്തംഭനാവസ്ഥ മൂന്നാംദിനവും പരിഹാരമില്ലാതെ തുടരുന്നു. കംപ്യൂട്ടര് സാങ്കേതികവിദ്യാരംഗത്തെ ആഗോള കുത്തക സ്ഥാപനമായ മൈക്രോസോഫ്റ്റിന് സൈബര് സുരക്ഷ ഒരുക്കുന്ന അമേരിക്കന് കമ്പനി ക്രൗഡ് സ്ട്രൈക്കിന്റെ സോഫ്റ്റ്വെയർ തകരാർ പൂർണമായി പരിഹരിക്കാൻ ആഴ്ചകൾ എടുക്കുമെന്ന് വിദഗ്ധർ. നിലവിലെ പ്രതിസന്ധി മുതലെടുത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കാനിടയുണ്ടെന്നും മുന്നറിയിപ്പ്.
മൈക്രോസോഫ്റ്റിന്റെ വിൻഡോസ് പത്ത് ശ്രേണി അധിഷ്ഠിത സോഫ്റ്റ്വെയര് ഉപയോഗിക്കുന്ന ലക്ഷക്കണക്കിനു കംപ്യൂട്ടറുകള് പ്രവര്ത്തനരഹിതമായതോടെ ആഗോള ഐടിരംഗം നിശ്ചലമായി. യൂറോപ്പിലാകെ ഐടി കമ്പനി ജീവനക്കാര് കൂട്ട അവധിയെടുക്കുന്നതായും റിപ്പോര്ട്ടുണ്ട്.
വിവിധ രാജ്യങ്ങളിലായി 1639 വിമാന സർവീസ് ശനിയാഴ്ച റദ്ദാക്കി. വെള്ളിയാഴ്ച 6855 സർവീസ് റദ്ദാക്കിയിരുന്നു. ഷെഡ്യൂൾ ചെയ്ത മൊത്തം സർവീസുകളുടെ 6.2 ശതമാനമാണിത്. മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ആശുപത്രി പ്രവർത്തനം താളംതെറ്റി. ജർമനിയിൽ ഗുരുതരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവച്ചു. ബാങ്കിങ് രംഗത്തും ഓണ്ലൈന് പണമിടപാടുകളിലും പ്രതിസന്ധി തുടരുന്നു.
സ്വതന്ത്ര സോഫ്റ്റ്വെയറുകളും വിന്ഡോസിനു ബദലായ ഓപ്പറേറ്റിങ് സോഫ്റ്റ്വെയറുകളും ഉപയോഗിക്കുന്ന സ്ഥാപനങ്ങളെ പ്രതിസന്ധി ബാധിച്ചിട്ടില്ല. വിന്ഡോസ് കാര്യമായി പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടില്ലാത്ത ചൈനയെ പ്രശ്നം ബാധിച്ചിട്ടില്ല. ഇന്ത്യൻ സമയം വെള്ളി പുലർച്ചെ മൂന്നരയോടെ ഉണ്ടായ പ്രതിസന്ധി പരിഹരിച്ചുവരികയാണെന്ന് ക്രൗഡ് സ്ട്രൈക് സിഇഒ ജോർജ് കർട്സ് സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു. നേരിട്ട ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, വിൻഡോസ് സൈബർ ആക്രമണം നേരിട്ടെന്ന പ്രചാരണം ക്രൗഡ് സ്ട്രൈക് നിഷേധിച്ചു.
മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിദഗ്ധർ
ഇപ്പോഴത്തെ പ്രതിസന്ധി മുതലെടുത്ത് സൈബർ കുറ്റകൃത്യം വർധിക്കാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ക്രൗഡ് സ്ട്രൈക് എന്ന് അവകാശപ്പെടുന്ന വ്യാജ സോഫ്റ്റ്വെയര് അപ്ഡേഷനുകൾ ഹാക്കർമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകി.
രാജ്യത്ത് 200 വിമാന
സർവീസ് റദ്ദാക്കി
മൈക്രോസോഫ്റ്റ് സ്തംഭനം രാജ്യത്തെ വ്യോമയാന മേഖലയെ ബാധിച്ചു. ആകെ 200ഓളം സർവീസ് റദ്ദാക്കി. ഇതിൽ 192 എണ്ണവും ഇൻഡിഗോയുടേതാണ്. ഡൽഹി, മുംബൈ, ചെന്നൈ വിമാനത്താവളങ്ങളിൽ അടക്കം സർവീസുകൾ തടസ്സപ്പെട്ടു.കേരളത്തിൽ നെടുമ്പാശേരി–-9, തിരുവനന്തപുരം–- 2, കണ്ണൂർ–- എന്നിങ്ങനെ 14 വിമാന സർവ്വീസും മുടങ്ങി’’