കായികതാരങ്ങളിൽ സൂപ്പർതാരമായിരുന്നു ജിം തോർപ്. സ്പോർട്സിലെ അവിശ്വസനീയമായ പ്രകടനങ്ങൾ ജിം തോർപ് എന്ന അത് ലറ്റിനെ ഇതിഹാസമാക്കി മാറ്റി. കായികവേദികളിൽ വൈയക്തികമായ കരുത്തിന്റെ പുതിയ സങ്കലനങ്ങളും പുതു ഉറവിടവും കണ്ടെത്തിയ പ്രതിഭ. വ്യക്തിപരമായ പരിമിതികൾ ഉല്ലംഘിച്ച അപ്രമേയമായ കരുത്തിന്റെ അഗാധസ്പർശിയായ അനുഭൂതിയാണ് ജിമ്മിന്റെ ബഹുമുഖസിദ്ധികൾക്ക് നൽകാൻ കഴിഞ്ഞത്‐ പാരീസ് ഒളിമ്പിക്സിന് തിരിതെളിയാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ലോകം കണ്ട ഏറ്റവും മികച്ച അത്ലറ്റുകളിലൊരാളായ ജിം തോർപിനെ ഓർക്കുകയാണ് എ എൻ രവീന്ദ്രദാസ്
എ എൻ രവീന്ദ്രദാസ്
വീണ്ടും വിശ്വകായികമേള. 1896ൽ ഗ്രീസിലെ ആതൻസിൽ ആധുനിക ഒളിമ്പിക് സിന് തിരിതെളിഞ്ഞപ്പോൾ മുതൽ ഏറ്റവും ബൃഹത്തായ കായികമാമാങ്കത്തെ, സംസ്കാരങ്ങളുടെ സംഗമഭൂമിയെ ഓരോ നാലുവർഷം കൂടുമ്പോഴും ലോകം വരവേൽക്കുന്നു. ഒളിമ്പിക് സ് വേദിയിൽ വിരിയുന്ന ഓരോ വിജയവും മനുഷ്യശക്തിയുടെ മഹനീയ ഇതിഹാസങ്ങളാണ്.
അതിന്റെ രേഖകൾ മനുഷ്യവംശത്തിന്റെ തന്നെ വികാസരേഖകളാണ്. ഒളിമ്പിക്സ് മത്സരങ്ങൾ വിജയത്തിന്റെ മാത്രം കഥയല്ല. സന്തോഷവും കണ്ണുനീരും പോരാട്ടവും മനുഷ്യത്വവുമെല്ലാം അതിലടങ്ങിയിരിക്കുന്നു. ഒന്നേകാൽ നൂറ്റാണ്ട് മുമ്പ് ആതൻസിലെ ഒലീവിലകളിൽ പുളകംകൊണ്ട ആധുനിക ഒളിമ്പിക്സ് കാലത്തിനൊത്തു കോലം മാറിക്കഴിഞ്ഞു.
അമേച്വറിസത്തിനു കളങ്കമേൽപ്പിച്ച പ്രൊഫഷണലെന്നു മുദ്രകുത്തിയ ജിം തോർപിന്റെയും പാവോ നൂർമിയുടെയും കാലത്തുനിന്ന് സ്പോൺസർഷിപ്പും പരസ്യക്കാരും വാരിയെടുക്കുന്ന കോടികളിൽ നീരാടുന്ന അത് ലറ്റുകളുടെ യുഗത്തിലേക്ക് ഒളിമ്പിക് സ് എന്നേ എത്തിക്കഴിഞ്ഞു. ഒളിമ്പിക് സ് സ്പിരിറ്റിനു വെള്ളം ചേർത്ത് കച്ചവടവൽക്കരണം പുതിയ വേഗത്തിനും ഉയരത്തിനും ദൂരത്തിനും മുമ്പേ പറക്കുന്ന ലാഭനഷ്ട കണക്കുകൾ കൂടിയാണ് ഇന്ന് വിശ്വകായികമേള.
ഇതിനൊക്കെ ഇടയിലും തലയുയർത്തി നിൽക്കുന്ന കുറേപ്പേർ. ട്രാക്കിലും ഫീൽഡിലും ഒളിമങ്ങാത്ത പ്രകടനങ്ങളിലൂടെ അനശ്വരത നേടിയവർ. കാലം ക്ലാവുപിടിക്കാത്ത നേട്ടങ്ങളുടെ പത്തരമാറ്റ് തിളക്കമുള്ള ആ മഹാരഥന്മാർ
പാവോ നൂർമി
ഗെയിംസിന്റെ സംഭവബഹുലമായ പ്രയാണത്തിൽ ഓരോ തവണയും തിരുത്തിയെഴുതിയത് മാനവചരിത്രം തന്നെയാണ്.
കാലചക്രത്തിന്റെ ഓരോ നാലാമത്തെ തിരിവിലും ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചുകൊണ്ട് ഒളിമ്പിക് സ് ആവർത്തിക്കുന്നു. ഇത്തവണ ഇതാ, ഫ്രഞ്ച് നഗരമായ പാരീസിൽ വിശ്വമേളയ്ക്ക് തിരിതെളിയാൻ ആഴ്ചകൾ മാത്രം. ആതൻസിനും പാരീസിനുമിടയിൽ നീണ്ടുകിടക്കുന്ന 128 വർഷങ്ങളിൽ ഒളിമ്പിക്സ് സമ്മാനിച്ച ചരിത്ര നിമിഷങ്ങളിൽ ചിലതെങ്കിലും നമുക്ക് ഓർക്കാം.
കായികതാരങ്ങളിൽ സൂപ്പർതാരമായിരുന്നു ജിം തോർപ്. സ്പോർട്സിലെ അവിശ്വസനീയമായ പ്രകടനങ്ങൾ ജിം തോർപ് എന്ന അത് ലറ്റിനെ ഇതിഹാസമാക്കി മാറ്റി. കായികവേദികളിൽ വൈയക്തികമായ കരുത്തിന്റെ പുതിയ സങ്കലനങ്ങളും പുതു ഉറവിടവും കണ്ടെത്തിയ പ്രതിഭ. വ്യക്തിപരമായ പരിമിതികൾ ഉല്ലംഘിച്ച അപ്രമേയമായ കരുത്തിന്റെ അഗാധസ്പർശിയായ അനുഭൂതിയാണ് ജിമ്മിന്റെ ബഹുമുഖസിദ്ധികൾക്ക് നൽകാൻ കഴിഞ്ഞത്.
തന്റെ പ്രകടനത്തിന്റെ കരുത്തിൽ 1912ലെ സ്റ്റോക്ഹോം ഒളിമ്പിക് സിനെ രക്ഷിച്ച അമേരിക്കൻ താരം. പെന്റാത്ലണിലും ഡെക്കാത് ലണിലും (ഇന്ന് പെന്റാത് ലൺ ഇല്ല) ചാമ്പ്യൻ. ഹൈജമ്പിൽ നാലാമനും ബ്രോഡ് ജമ്പിൽ ഏഴാമനും. ഡെക്കാത് ലണിൽ ലോകറെക്കോർഡിനുടമ. ലോകത്തിലെ ഏറ്റവും മികച്ച അത് ലറ്റെന്ന് സ്വീഡന്റെ ഗുസ് താവ് അഞ്ചാമൻ രാജാവ് വിശേഷിപ്പിച്ച ആൾ. പെൻസിൽവേനിയയിലെ കാർലൈലിലെ അമേരിന്ത്യൻ സ്കൂളിൽ ഫുട്ബോൾ താരം.
ഹാർവാർഡിനെയും ആർമിയെയും തോൽപ്പിച്ച പ്രതിഭ. ഓട്ടം, ചാട്ടം, ഹർഡിലിങ്, ഷോട്ട്പുട്ട്, പോൾവോൾട്ട്, നീന്തൽ, ഷൂട്ടിങ്, സ്കേറ്റിങ്, ടെന്നീസ്, ഹോക്കി, ലക്രോസി എന്നീ ഇനങ്ങളിൽ ചാമ്പ്യൻഷിപ്പുകൾ. ബാസ്കറ്റ്ബോൾ, ബില്യാഡ്സ്, ഗുസ് തി, ബോക് സിങ് എന്നിവയിൽ മികച്ച പോരാളി.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയുടെ ഏറ്റവും മികച്ച കായികതാരമെന്ന് അസോഷ്യേറ്റഡ് പ്രസ്സിന്റെ പ്രശംസ നേടിയ ഒളിമ്പ്യൻ. മദ്യത്തിനും കാൻസറിനും കീഴടങ്ങി 1953 മാർച്ച് 28ന് മരണം.
അമേരിക്കയിലെ ഓക് ലഹാമ പ്രവിശ്യയിലെ ഷാനേ ഗ്രമത്തിൽ സൗക് ഫോക് സ്പോട്ടോ റെഡ് ഇന്ത്യൻ വംശത്തിൽപ്പെട്ട ഇടയദമ്പതികൾക്ക് 1887 മെയ് 28ന് ഇരട്ടക്കുട്ടികൾ പിറന്നു. അതിലൊരാൾക്ക് തിളങ്ങുന്ന പൊൻപാത എന്നർഥമുള്ള വാ‐തോ‐ഹക് എന്ന പ്രാകൃത ഇടയനാമമാണ് അവർ നൽകിയത്.
അവന്റെ മുതുമുത്തച്ഛൻ ബ്ലാക്ക് ഹ്വാക്ക് ഗോത്രങ്ങളുടെ ആദരം പിടിച്ചുപറ്റിയ പോരാളിയായിരുന്നു. ആ പോരാട്ടവീര്യമാണ് ജിം തോർപ്പായ വാ‐തോയെ കളിക്കളങ്ങളിലും ഒളിമ്പിക് സ് വേദിയിലും എത്തിച്ചത്.
രണ്ട് വയസ്സ് തികയും മുമ്പേ ജിം മേച്ചിൽ സ്ഥലങ്ങളിൽ കന്നുകാലിക്കൂട്ടങ്ങൾക്കൊപ്പം കൂടി. കാലികളെ മേച്ചും വേട്ടയാടിയും ജോലിചെയ്തും കുട്ടിക്കാലം ചെലവഴിച്ച അവൻ കാർലൈലിലെ ഇന്ത്യൻ സ്കൂളിൽ ചേർന്നതോടെ കളിയിൽ ആകൃഷ്ടനായി.
റെഡ് ഇന്ത്യക്കാരെ അമേരിക്കൻ പൊതുധാരയിലേക്ക് കൊണ്ടുവരാനുള്ള പ്രത്യേക പാഠ്യപദ്ധതിയാണ് സ്കൂളിലുണ്ടായിരുന്നത്. എന്നാൽ, അവിടെ കൈത്തൊഴിലുകൾ പഠിക്കുന്നതിനേക്കാൾ കളികളിലാണ് ജിം താല്പര്യം കാട്ടിയത്.
കോച്ച് ഗ് ലെൻ പോപ് വാർണറിനൊപ്പം ജിം തോർപ്
എട്ടാം വയസ്സിൽ ഇരട്ട സഹോദരൻ ചാർളിയെ നഷ്ടപ്പെട്ട് സ്കൂൾ വിദ്യാഭ്യാസവുമായി കഴിയുമ്പോഴാണ് ജിം തോർപ് കാർലൈലിലെ അത് ലറ്റിക് ടീമിന്റെ പ്രതിനിധിയായി യുഎസ്എയിലെ ലഫായെറ്റ് യൂണിവേഴ് സിറ്റിയിലെ അത് ലറ്റിക് മീറ്റിലെ ഹൈജമ്പ് പ്രകടനത്തിലൂടെ അന്നത്തെ അമേരിക്കൻ കോച്ച് ഗ് ലെൻ പോപ്പ് വാർണറുടെ ശ്രദ്ധ കവർന്നത്.
കളിയിൽ ജിം തോർപ്പിന്റെ ഇഷ്ട ഇനം ബേസ്ബോളായിരുന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റി ടീമിനെ 18‐15ന് തുരത്തിവിട്ട മത്സരം ഈ കളിക്കാരന്റെ അത്ഭുതപ്രകടനം കൊണ്ട് അത്യുജ്വലമായി.
ന്യൂയോർക്ക് ജയന്റ്സിനായി കളിച്ച മത്സരത്തിൽ ജിം അടിച്ചിട്ട മൂന്ന് പന്തുകൾ മൈതാനത്തിന് എതിർവശത്തുള്ള ഉയരം കൂടിയ കെട്ടിടത്തിന്റെ മുകൾഭാഗത്താണ് ചെന്നുവീണത്.
ആറ് മാസത്തിനകം തോർപ് അമേരിക്കൻ ടീമിലെ തന്നെ അംഗമായി. അവനിൽ തെളിഞ്ഞിരിക്കുന്ന കായികപാടവം തിരിച്ചറിഞ്ഞ് ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ പ്രത്യേക പരിശീലനം നൽകിയത് വാർണറാണ്. അതോടെ സ്പ്രിന്റിലും ഹൈജമ്പിലും ലോങ്ജമ്പിലും ജിം പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു.
ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ അമേരിക്കൻ കായികരംഗത്ത് അതികായനാകാൻ തോർപിന് സാധിച്ചു. യുഎസ്എ സൃഷ്ടിച്ച ഏറ്റവും മികച്ച ബഹുമുഖ അത്ലറ്റായി ആ റെഡ് ഇന്ത്യൻ.
കോച്ച് പോപ്പ് വാർണർ കണ്ടെടുത്തില്ലായിരുന്നെങ്കിൽ ജിം തോർപ് എന്ന അത് ലറ്റ് ജനിക്കുമായിരുന്നില്ല. അദ്ദേഹം തന്നെയാണ് ആ യുവാവിനെ ഒളിമ്പിക് സിനുള്ള അത് ലറ്റിക് ടീമിൽ പരിശീലിപ്പിച്ചത്.
പത്തിനങ്ങളിൽ പങ്കെടുത്ത് പത്തിലും വിജയിച്ചുകൊണ്ട് അധീശത്വം തെളിയിച്ചാണ് അമേരിക്കൻ ടീമിലെ കിടയറ്റ താരമായി ജിം തോർപ് 1912ൽ ആദ്യമായി ഒളിമ്പിക് സ് വേദിയിലെത്തിയത്.
ജൂലൈ ഏഴിനും പതിനഞ്ചിനുമിടയ്ക്ക് സ്റ്റോക്ഹോമിലെ ട്രാക്കിലും ഫീൽഡിലും പതിനേഴ് ഇനങ്ങളിൽ മത്സരിച്ചു.
1912ലെ സ്റ്റോക്ഹോം ഒളിമ്പിക്സിൽ മത്സരിക്കുന്ന ജിം തോർപ്
അഞ്ച് ഇനങ്ങൾ ഉൾപ്പെട്ട പെന് റാത് ലണിൽ ജാവലിൻ ത്രോയിൽ മാത്രമേ പിന്നോട്ടുപോയുള്ളൂ. 7.07 മീറ്ററിന് ലോങ്ജമ്പും 35.75 മീറ്ററിന് ഡിസ്കസ് ത്രോയും 22.9 സെക്കൻഡിന് 200 മീറ്ററും നാല് മിനിട്ട് 44.8 സെക്കൻഡിന് 1500 മീറ്ററും തോർപ് സ്വന്തമാക്കി.
പത്തിനങ്ങളുടെ ആത്മഹത്യയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഡെക്കാത് ലണിൽ സാധ്യമായ 10000 പോയിന്റിൽ 8413 പോയിന്റ് തോർപ് കരസ്ഥമാക്കി.
ഹൈജന്പ് (1.87 മീറ്റർ), ഷോട്ട്പുട്ട് (12.89 മീറ്റർ), 1500 മീറ്റർ ഓട്ടം (നാല് മിനിട്ട് 40.1 സെക്കൻഡ്), 110 മീറ്റർ ഹർഡിൽസ് (15.6 സെക്കൻഡ്) എന്നീ നാലിനങ്ങളിൽ ഒന്നാമൻ. പോൾവോൾട്ട്, ലോങ്ജമ്പ്, ഡിസ്കസ്ത്രോ, 100 മീറ്റർ ഓട്ടം എന്നിവയിൽ മൂന്നാം സ്ഥാനം. 400 മീറ്റർ ഓട്ടത്തിലും ജാവലിൻ ത്രോയിലും നാലാമത്.
രണ്ടും മൂന്നും സ്ഥാനക്കാരായ സ്വീഡന്റെ ഹ്യൂഗോ വീസ്ലാൻഡർക്ക് 7724ഉം ചാൾസ് ലാംബെർഗിന് 7414 പോയിന്റുമാണ് ലഭിച്ചത്. ഡെക്കാത് ലണിലും പെന്റാത് ലണിലും തോർപ് കണ്ടെത്തിയ വേഗവും ദൂരവും ഉയരവും മറ്റ് അത് ലറ്റുകൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത്ര അകലത്തിലായിരുന്നു. കൂടാതെ, വ്യക്തിഗത ഹൈജമ്പിൽ നാലാം സ്ഥാനവും ലോങ്ജമ്പിൽ ഏഴാം സ്ഥാനവും തോർപിന് ലഭിച്ചു.
ജെയിംസ് ഫ്രാൻസിസ് തോർപ്എന്ന ജിം തോർപ് ഒരു കൊടുങ്കാറ്റിന്റെ വേഗത്തിലാണ് കായികവേദിയിലേക്ക് വീശിയടിച്ചത്.
സ്റ്റോക്ഹോം ഒളിമ്പിക് സ്റ്റേഡിയത്തിൽ കാണികളും ഗുസ് താവ് അഞ്ചാമൻ രാജാവ് ഉൾപ്പടെ ഭരണാധിപന്മാരുമടങ്ങിയ ജനാവലി ഒരുമിച്ചെഴുന്നേറ്റുനിന്ന് ഈ വീരനായകനെ വണങ്ങി.
ജെയിംസ് ഫ്രാൻസിസ് തോർപ്എന്ന ജിം തോർപ് ഒരു കൊടുങ്കാറ്റിന്റെ വേഗത്തിലാണ് കായികവേദിയിലേക്ക് വീശിയടിച്ചത്.
സ്റ്റോക്ഹോം ഒളിമ്പിക് സ്റ്റേഡിയത്തിൽ കാണികളും ഗുസ് താവ് അഞ്ചാമൻ രാജാവ് ഉൾപ്പടെ ഭരണാധിപന്മാരുമടങ്ങിയ ജനാവലി ഒരുമിച്ചെഴുന്നേറ്റുനിന്ന് ഈ വീരനായകനെ വണങ്ങി.
ആത്മസമർപ്പണത്തിന്റെയും മേധാശക്തിയുടെയും ആൾരൂപമായി മാറിയ ജിം തോർപിന് ഡെക്കാത് ലണിലെ സ്വർണമെഡൽ സമ്മാനിച്ച ഗുസ് താവ് രാജാവ് ഹസ്തദാനത്തിനുശേഷം ഇങ്ങനെ പ്രതിവചിച്ചു: ”സർ, ഈ ലോകത്തിലെ
ജിം തോർപ്
ഏറ്റവും പ്രശസ്തനായ അത് ലറ്റ് താങ്കൾ തന്നെയാണ്.’’
റഷ്യയിൽ നിന്ന് ഗെയിംസ് വീക്ഷിക്കാനെത്തിയ നിക്കളോയ് ചക്രവർത്തി തോർപിന് മണിമുത്തുകൾ പതിച്ചൊരു പാരിതോഷികത്തോടൊപ്പം റഷ്യയിൽ വന്നു താമസിക്കാനൊരു ക്ഷണവും വെച്ചുനീട്ടി. വാർത്താമാധ്യമങ്ങൾ മുഴുവൻ ജിം തോർപ്പിന്റെ പൂർണകായ ചിത്രങ്ങളുമായിട്ടാണ് തുടർന്നുള്ള ദിവസങ്ങളിൽ പുറത്തുവന്നത്.
നിർഭാഗ്യമെന്നു പറയട്ടെ, പ്രശസ്തിയുടെ ഉയർന്ന പടവുകളിലേക്ക് തോർപിനെ കൈ പിടിച്ചുയർത്തിയ അതേ ചിത്രങ്ങൾ തന്നെ ആ മഹാനായ അത് ലറ്റിന്റെ പതനത്തിനു കാരണമായി ഭവിച്ചു.
ഈ ചിത്രങ്ങളിലൊന്ന് ഒരു അമേരിക്കൻ വാർത്താലേഖകന്റെ ശ്രദ്ധയിൽപ്പെട്ടു. വർഷങ്ങൾക്കുമുമ്പ് പ്രസ്തുത ലേഖകൻ പ്രസിദ്ധപ്പെടുത്തിയ ഒരു അമേരിക്കൻ പ്രൊഫഷണൽ ബേസ്ബോൾ ടീമിലെ കളിക്കാരനുമായി തോർപ്പിന്റെ ചിത്രത്തിനു സാദൃശ്യം.
പിറ്റേന്നാൾ ആ ലേഖകൻ തോർപ്പിനെക്കുറിച്ച് വാർത്തയെഴുതി. ഒളിമ്പിക് ചട്ടങ്ങൾ കാറ്റിൽ പറത്തിയ ജിം തോർപ് കഠിനമായ ശിക്ഷയ്ക്ക് അർഹനാണെന്ന്. ഒരു പ്രമുഖ ബേസ്ബോൾ കളിക്കാരൻ കൂടിയായ അദ്ദേഹം പ്രതിഫലം പറ്റി കളിച്ചിരുന്നുവെന്നാണ് ലേഖകൻ ചൂണ്ടിക്കാട്ടിയത്. പണം വാങ്ങി കളിക്കുന്നവർ പ്രൊഫഷണലുകളാണ്. അമേച്വർ കളിക്കാർക്ക് മാത്രമായുള്ള ഒളിമ്പിക് സിൽ അവർക്ക് മത്സരിക്കാൻ പാടില്ലെന്നാണ് ചട്ടം.
വാർത്ത കണ്ടവർ ഒട്ടും ആലോചിക്കാതെ ഈ അതിമാനുഷന്റെ ചോരയ്ക്കായി പരക്കം പാഞ്ഞു. നൂറ് കണക്കിന് കത്തുകൾ പല പേരിൽ അമേരിക്കൻ ഒളിമ്പിക് സ് കമ്മിറ്റിക്ക് ലഭിച്ചു. ഗത്യന്തരമില്ലാതെ അവർ തോർപിനെ അനഭിമതനായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മെഡലുകൾ മടക്കിവാങ്ങാൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.
ലോകത്തിലെ ഏറ്റവും വലിയ അത് ലറ്റാണ് താങ്കൾ എന്ന ബഹുമതിവചനത്തോടെ ഗുസ് താവ് രാജാവ് സമ്മാനിച്ച രണ്ട് സ്വർണമെഡലുകളും അത് നേടിയ ആളുടേതല്ലാതായി. രണ്ട് ദശാബ്ദത്തിനുശേഷം അമേരിക്കയിൽ ഒളിമ്പിക്സ് (1932 ലോസ് ആഞ്ചലസ്) വന്നപ്പോൾ ഒരു ടിക്കറ്റ് വാങ്ങിക്കാൻ പോലും പണമില്ലാതെ അലഞ്ഞു തിരിയേണ്ടി വന്ന ആ ചാമ്പ്യൻ 1953ൽ പരമദരിദ്രനായാണ് മരിച്ചതെന്നതോടെ കഥ അവസാനിക്കുന്നു.
ബഹുമുഖ പ്രതിഭയായ തോർപിനെ സംബന്ധിച്ച വിരോധാഭാസം വിജയങ്ങളുടെ വിശിഷ്ടതയല്ല, 1912ന്റെ അന്ത്യത്തിൽ സ്പോർട്സ് ലോകത്തെ നടുക്കത്തിലാഴ്ത്തിയ കളങ്കം അദ്ദേഹത്തിൽ ചാർത്തപ്പെട്ടതോടെ ആ കായികജീവിതം ഉലഞ്ഞുപോയെന്നതാണ്.
ബഹുമുഖ പ്രതിഭയായ തോർപിനെ സംബന്ധിച്ച വിരോധാഭാസം വിജയങ്ങളുടെ വിശിഷ്ടതയല്ല, 1912ന്റെ അന്ത്യത്തിൽ സ്പോർട്സ് ലോകത്തെ നടുക്കത്തിലാഴ്ത്തിയ കളങ്കം അദ്ദേഹത്തിൽ ചാർത്തപ്പെട്ടതോടെ ആ കായികജീവിതം ഉലഞ്ഞുപോയെന്നതാണ്. 1909ലെ വേനലവധിക്കാലത്ത് പ്രതിവാരം ചെറിയ പ്രതിഫലം കൈപ്പറ്റി തോർപ് സെമിപ്രൊഫഷണൽ ബേസ്ബോളിൽ കളിച്ചിരുന്നുവെന്നത് സത്യം.
നോർത്ത് കരോലിനയിൽ റോക്കിമൗണ്ട് ക്ലബ്ബിനായി കളിച്ച 25ൽ 23 മത്സരങ്ങളും ജയിക്കുകയുണ്ടായി. ചെലവിനായി മാത്രം സ്വീകരിച്ച പ്രതിഫലമായിരുന്നു അത്. പ്രതിഫലത്തിന്റെ ആകർഷണീയത ഒരിക്കലും പ്രൊഫഷണൽ മത്സരം കളിക്കാൻ പ്രേരകമായി നിന്നില്ല.
ജിം തോർപ് ബേസ്ബോൾ ബാറ്റുമായി
കളിയോടുള്ള അഭിനിവേശത്താൽ താനറിയാതെ ചെയ്ത അബദ്ധത്തിൽ പശ്ചാത്താപചിത്തനായി ദയാഹർജി സമർപ്പിച്ചെങ്കിലും അതിശക്തവും വിട്ടുവീഴ്ചാ മനോഭാവമില്ലാത്തതുമായ നിലപാടിലൂടെ ജിം തോർപ്പിനെ കുറ്റക്കാരനായി പ്രഖ്യാപിക്കുകയാണ് അമേച്വർ അത് ലറ്റിക് യൂണിയൻ ഓഫ് യുഎസ്എ ചെയ്തത്.
പെന് റാത് ലണിലും ഡെക്കാത് ലണിലും വർഷങ്ങളോളം അജയ്യത പുലർത്തിയ ജിം തോർപ് തന്നെയാണ് ഒരുപക്ഷേ, ആധുനിക ഒളിമ്പിക്സിലെ ഏറ്റവും വലിയ ദുഃഖകഥാപാത്രവും. വിശപ്പടക്കാൻ വേണ്ടി ചെറുപ്പത്തിൽ അർധപ്രൊഫഷണൽ ബേസ്ബോൾ കളിച്ചതിനാണല്ലോ അദ്ദേഹത്തിൽനിന്ന് ഒളിമ്പിക് മെഡലുകൾ തട്ടിത്തെറിപ്പിച്ചത്.
എല്ലാ അർഥത്തിലും അമേരിക്കയിൽ നിന്നുള്ള റെഡ് ഇന്ത്യനായ ജിം തോർപിന്റെ കദനകഥയാണ് 1912ൽ സ്റ്റോക്ഹോമിൽ നടന്ന അഞ്ചാം ഒളിമ്പിക് സിന്റേത്. അവിടെ കാഴ്ചവെച്ച അമാനുഷിക പ്രകടനത്തിന്റെ ഫലം കഷ്ടിച്ച് ഒരു വർഷത്തോളം മാത്രമേ തോർപ്പിന് ആസ്വദിക്കാൻ കഴിഞ്ഞുള്ളൂ. ഡെക്കാത് ലണിലെ പത്തിനങ്ങളിൽ ഒന്നായ ജാവലിനിൽ അതിനുമുമ്പ് എറിഞ്ഞ പരിചയം പോലും ജിമ്മിനില്ലായിരുന്നു.
എന്നാൽ, വന്നു, കണ്ടു, കീഴടക്കി എന്നു പറഞ്ഞതുപോലെ അദ്ദേഹം ലോകറെക്കോർഡോടെ സ്വർണം നേടിയെടുത്തു. ആ പ്രകടനം 36 വർഷം കഴിഞ്ഞ് 1948ലെ ലണ്ടൻ ഒളിമ്പിക് സിൽ അദ്ദേഹം ആവർത്തിച്ചിരുന്നെങ്കിൽ വെള്ളി മെഡലെങ്കിലും കിട്ടുമെന്നത് അത്ഭുതകരമായ മറ്റൊരു സത്യം. പക്ഷേ, തോർപ്പിന് വിധിക്കപ്പെട്ടത് കാട്ടുനീതിയായിരുന്നു. അടുത്ത ഒളിമ്പിക് സിൽ പോലും മത്സരിക്കാൻ അനുമതി കിട്ടിയില്ല.
കളിക്കളത്തിൽ ജേതാക്കളേക്കാൾ കൂടുതൽ പരാജിതരാണെങ്കിലും കളിയുടെ ശരിയായ സ്പിരിറ്റ് ഉൾക്കൊള്ളാൻ അവർ ഒരുക്കമാണ്. ഒളിമ്പിക് റെക്കോർഡ് ബുക്കിൽനിന്ന് ജിം തോർപിന്റെ പേര് വെട്ടിമാറ്റിയ അന്താരാഷ്ട്ര ഒളിമ്പിക് സമിതി, ഡെക്കാത് ലണിൽ സ്വീഡന്റെ വീസ് ലാൻഡറും പെന് റാത് ലണിൽ നോർവേയുടെ ഫെർഡിനാന് റ് ബീയും ആണ് ജേതാക്കളെന്ന് പ്രഖ്യാപിച്ചു.
ഇരുവർക്കും തോർപ്പിന്റെ സ്വർണമെഡലുകൾ എത്തിച്ചുകൊടുത്ത ഐഒസിക്ക് പക്ഷേ ചുട്ട മറുപടി കിട്ടി. തങ്ങളല്ല, തോർപ് തന്നെയാണ് ആ മുദ്രകൾക്കർഹനെന്നും അവ തങ്ങൾ സ്വീകരിക്കില്ലെന്നും അവർ തറപ്പിച്ചു പറഞ്ഞു. ആധുനിക ഒളിമ്പിക് സിന്റെ പിതാവായ പിയറി ദെ ക്യുബർതിൻ വിഭാവനം ചെയ്ത ഒളിമ്പിക് വീക്ഷണത്തിന്റെ പ്രതിരൂപമായി മാറുകയായിരുന്നു ഇരുതാരങ്ങളും.
1913 ജനുവരിയിൽ ഒളിമ്പിക് രേഖകളിൽ നിന്ന് പേരും നേട്ടങ്ങളും നീക്കം ചെയ്യപ്പെട്ടതിൽ മനം നൊന്തു കഴിഞ്ഞിരുന്ന തോർപ് തുടർന്ന് ശരിക്കും ഒരു പ്രൊഫഷണലായി മാറി. ഒന്നാംതരം ബേസ്ബോൾ കളിക്കാരനായ തോർപിനെ തേടി പ്രൊഫഷണൽ ടീമുകളുടെ അധികാരികൾ ആ വീടിനുമുന്നിൽ നിരന്നുനിന്നു.
ഏറ്റവും നല്ല പ്രതിഫലം വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ ഇരുപത് വർഷം നീണ്ട പ്രൊഫഷണൽ കരിയർ പ്രയോജനപ്പെട്ടത് അമേരിക്കൻ ഫുട്ബോളിനാണ്. 40 വയസ് കടന്നതിനുശേഷവും റഗ് ബി ഫുട്ബോളിലും ബേസ്ബോളിലും അസാമാന്യ മികവു കാട്ടി. തുടർന്ന് അമേരിക്കൻ പ്രൊഫഷണൽ ഫുട്ബോളേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.
എന്നാൽ, നഷ്ടബോധം കൊണ്ട് തകർന്നുപോയ വിശ്വജേതാവിന് തന്റെ മനസ്സിനെ അവിടെ തളച്ചിടാനായില്ല. മദ്യമായി പിന്നെ തോർപിന്റെ ആശ്വാസം. ഒപ്പം നിരന്തരമായ പുകവലിയും. ഉരുക്കുപോലുള്ള ആ പേശികളുടെ ദൃഢത വാർന്നുപോയ്ക്കൊണ്ടിരുന്നു. ഉന്മാദം ബാധിച്ചവനെപ്പോലെ ഊരുചുറ്റി.
അങ്ങേയറ്റം ദാരിദ്ര്യത്തിലായ മഹാനായ കായികതാരം കാനകൾ കഴുകുന്ന ജോലി ചെയ്യുന്നുവെന്ന പത്രവാർത്ത അധികമാരും ശ്രദ്ധിച്ചില്ല. ഫാക്ടറി ഗാർഡ്, കൂലിപ്പണിക്കാരൻ, സിനിമയിൽ എക് സ്ട്രാ നടൻ എന്നീ നിലകളിലും ജീവിതായോധനത്തിലേർപ്പെട്ടു. 1940ൽ പ്രഭാഷണപരിപാടിയുമായി രാജ്യമാകെ സഞ്ചരിച്ചു. 1945ൽ സൈനിക സേവനത്തിനുള്ള പ്രായം കഴിഞ്ഞിട്ടും മർച്ചന്റ് നേവിയിൽ ചേർന്നു. ഒരു ആയുധ കമ്പനിയിലും ജോലി ചെയ്തു.
അതേസമയം, ജിം തോർപിന്റെ ഒളിമ്പിക് റെക്കോർഡുകൾ പുനഃസ്ഥാപിക്കാൻ വലിയ ശ്രമങ്ങൾ നടന്നു. എന്നാൽ, അത് ലറ്റിക് യൂണിയനിൽ വൻ സമ്മർദം ചെലുത്തിയ 1943ലെ ഓക് ലഹാമ നിയമസഭാ പ്രമേയവും ഫലം കാണാതെ പോയി. യുദ്ധാനന്തരമുള്ള ജീവിതം തോർപിനെ അവശനിലയിലാക്കി.
അദ്ദേഹത്തിന്റെ കായികജീവിതത്തെ ആസ്പദമാക്കിയ സിനിമ 1951ൽ നിർമാണമാരംഭിച്ചു. തുച്ഛമായ പ്രതിഫലത്തിന് ഇരുപതുവർഷം മുമ്പേ അതിന്റെ വിതരണാവകാശം വിറ്റിരുന്നു.”RED SUN OF CARLISLE” എന്ന ഈ സിനിമ വെളിച്ചം കണ്ടില്ലെന്നത് തോർപിന്റെ ജീവിതത്തിനേറ്റ മറ്റൊരു തിരിച്ചടിയായി.
1912ലെ സ്റ്റോക്ഹോം ഒളിമ്പിക്സിെന്റ ഉദ്ഘാടനച്ചടങ്ങ്
സ്റ്റോക്ഹോം ഒളിമ്പിക് സിലൂടെ കായികലോകത്തിന്റെ നെറുകയിലെത്തിയ ഈ മനുഷ്യന് ഒരു നേരത്തെ ആഹാരത്തിനായി മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടേണ്ടിവന്നു. ലോകത്തിലെ എക്കാലത്തെയും മികച്ച കായികതാരമാണ് തങ്ങളുടെ മുമ്പിലെന്നറിയാതെ കായികരംഗത്തുള്ളവർ പോലും പിച്ചപ്പണം അദ്ദേഹത്തിന്റെ മുമ്പിൽ വലിച്ചെറിഞ്ഞു.
ഒടുവിൽ അഷ്ടിക്ക് വകയില്ലാതെ ജീവിച്ചത് ലോസ് ആഞ്ചലസ് നഗരത്തിനടുത്ത്. ഒരു ട്രക്ക് ട്രെയിലറിന്റെ ഒറ്റ മുറിയുടെ തറയിൽ ജെയിംസ് ഫ്രാൻസിസ് തോർപ് എന്ന വിശ്വവിജയി വിറങ്ങലിച്ചുകിടന്ന കാഴ്ച മാനവികതയുടെ മൂല്യച്യുതിക്ക് ദൃഷ് ടാന്തമായി. അർബുദരോഗത്താൽ അവശനായി മരണം കാത്തുകിടന്ന ആ മനുഷ്യൻ, ചുറ്റും നിന്ന ബന്ധുജനങ്ങളോടായി തന്നാലാവുംവിധം ശബ്ദമുയർത്തി മൊഴിഞ്ഞു.
”ഇനിയെങ്കിലും ആ മെഡലുകൾ എനിക്ക് നൽകരുതോ… ഒരു തെറ്റും ചെയ്യാത്ത എന്നോട് എന്തിനീ ക്രൂരത… എന്റെ മെഡൽ, എന്റെ മെഡൽ…” എന്ന വിലാപത്തോടെ, കൊടും ക്രൂരതകൾ അതിജീവിച്ച അതിമാനുഷന്റെ ഹൃദയം അവസാനം ചലനരഹിതമായി.
അമേരിക്കയുടെ യശ്ശസ് ഒളിമ്പിക് വേദിയിലെത്തിച്ച ജിം തോർപ് എന്ന സാധാരണക്കാരന്റെ അംഗീകാരത്തിൽ അസൂയപ്പെട്ട നിരവധി പേരുണ്ടായിരുന്നു. നാടിന്റെ അഭിമാനതാരമെന്നതിലുപരി ആ മനുഷ്യനെ റെഡ് ഇന്ത്യനായി മാത്രം കണ്ടവരായിരുന്നു അവർ.
നിയമങ്ങൾ അധീശർക്ക് മാത്രമായിരുന്ന കാലത്ത് കീഴാളന്റെ ഒറ്റപ്പെടൽ അദ്ദേഹം അനുഭവിച്ചു. സമൂഹത്തിൽ എല്ലാ മനുഷ്യരും ഒന്നുപോലെയാണെന്ന് കരുതിയ തോർപിന് അടിമത്തത്തിന്റെയും ദാസ്യത്തിന്റെയും സംഘർഷത്തിന്റെയും ലോകമാണ് തുറന്നിട്ടിരിക്കുന്നത്.
കഠിനമായ യാതനകൾക്കിടയിലും തന്റെ മെഡലുകൾ തിരിച്ചു കിട്ടുമെന്ന് തോർപ് ആശിച്ചിരുന്നെങ്കിലും ആ ജീവിതകാലത്ത് അത് സംഭവിച്ചില്ല. അദ്ദേഹത്തോട് കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം ആവശ്യമാണെന്ന് വാദിക്കാനായി ഒരു സംഘടന തന്നെ രൂപംകൊണ്ടു.
വില്യം സൈമൺ എന്ന മുൻമന്ത്രിയുടെ നേതൃത്വത്തിലുള്ള ആ കൂട്ടായ്മയുടെ അശ്രാന്ത പരിശ്രമഫലമായി തോർപിനെ തേടി വീണ്ടും അംഗീകാരമെത്തി. 350 പത്രലേഖകർ ചേർന്നു തെരഞ്ഞെടുത്ത നൂറ്റാണ്ടിലെ ആദ്യ പകുതിയിലെ കായിതാരമെന്ന ബഹുമതിയെത്തി. 25000 അമേരിക്കൻ ഡോളറായിരുന്നു സമ്മാനത്തുക. എന്നിട്ടും ഐഒസി പ്രായശ്ചിത്തം ചെയ്യാൻ കൂട്ടാക്കിയില്ല.
ഒടുവിൽ തോർപ് ജീവിതത്തോട് വിടപറഞ്ഞ് 30 വർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഒളിമ്പിക് മെഡലുകൾ പുനഃസ്ഥാപിക്കപ്പെട്ടു. 1983 ജനുവരിയിൽ അന്തർദേശീയ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ യുവാൻ അന്റോണിയോ സമരഞ്ച് തോർപിന്റെ രണ്ട് സ്വർണമെഡലുകളുമായി അദ്ദേഹത്തിന്റെ സെമിത്തേരിയിലെത്തി മൗനമായി മുട്ടുകുത്തി പ്രാർഥിച്ചശേഷം അത് അവിടെ സമർപ്പിച്ചു.
ജെസ്സി ഓവൻസ്
അദ്ദേഹംഅന്ത്യവിശ്രമം കൊള്ളുന്ന മൗച്ചുക്ക് പ്രവിശ്യക്ക് ജിം തോർപ് നഗരമെന്ന നാമകരണം നടത്താനും നന്ദികേടിന് പര്യായമായവർക്ക് മാനഭയമുണ്ടായില്ല.
1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ദീപശിഖ ഏറ്റുവാങ്ങി യുഎസ്എയിൽ ആദ്യം ഓടാൻ നിയോഗിച്ചത് വില്യം തോർപ് എന്ന തീരെ അപ്രശസ്തനായ ചെറുപ്പക്കാരനെയാണ്. പ്രോജ്വല താരങ്ങൾക്കുമാത്രം കൈവരുന്ന ആ ബഹുമതിക്ക് വില്യം തോർപിനെ തെരഞ്ഞുപിടിച്ച് ഏൽപ്പിച്ചതിന് പിന്നിലും ഒരു പ്രായശ്ചിത്തത്തിന്റെ പരിവേഷമുണ്ടായിരുന്നു.
അമേരിക്കയെ കായികലോകത്തിന്റെ ഉന്നത വിതാനത്തിലെത്തിച്ച ജെയിംസ് ഫ്രാൻസിസ് തോർപിനെ കേവലമൊരു പത്രവാർത്ത അടിസ്ഥാനമാക്കി അയോഗ്യനാക്കി സ്വർണമെഡലുകൾ തിരിച്ചെടുത്തതിനുള്ള പ്രായശ്ചിത്തം.
ജെസ്സി ഓവൻസിന് ഒപ്പമോ തൊട്ടടുത്തോ കീർത്തി നേടിയ ആദ്യകാല ഒളിമ്പിക് അത് ലറ്റുകളിൽ ഏറ്റവും ശ്രദ്ധേയൻ ജിം തോർപ് ആണ്. ലോകം കണ്ട ഏറ്റവും മികച്ച കായികതാരം വർണവിവേചനത്തിന്റെ ബലിയാടാക്കപ്പെട്ട ക്രൂരദൃശ്യത്തിനാണ് സ്റ്റോക്ഹോം ഒളിമ്പിക് ഗെയിംസ് സാക്ഷ്യം നിന്നത്.
മുപ്പത് വർഷം കഴിഞ്ഞ് അദ്ദേഹത്തിന്റെ മെഡലുകൾ കുടുംബാംഗങ്ങൾക്ക് തിരിച്ചു നൽകിയത് സ്പോർട്സ് ലോകത്തെ കളങ്കം മായ്ച്ചുകളഞ്ഞെങ്കിലും ജീവിതകാലത്ത് നീതി ലഭിക്കാതെപോയ ആ മഹാരഥന് ശാന്തി പ്രദാനം ചെയ്തുവെന്ന് വിശ്വസിക്കുക വിഷമകരമാണ് .