തിരുവനന്തപുരം >16-ാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്ഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡിന് പ്രശസ്ത ഡോക്യുമെന്ററി സംവിധായകരായ നരേഷ് ബേദിയേയും രാജേഷ് ബേദിയേയും തെരഞ്ഞെടുത്തു. രണ്ട് ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ജൂൺ 26ന് കൈരളി തീയറ്ററിൽ നടക്കുന്ന ഫെസ്റ്റിവൽ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം നൽകും.
വന്യജീവി ഛായാഗ്രഹണത്തിലെ അതികായരാണ് ബേദി സഹോദരന്മാർ. 40 വർഷത്തിലേറെയായി ഡോക്യുമെന്ററികളിലൂടെയും ചിത്രങ്ങളിലൂടെയും ഇന്ത്യയുടെ ജൈവ വൈവിധ്യം ചിത്രീകരിച്ച് ആഗോള ശ്രദ്ധയിലെത്തിച്ച ഇവരുടെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. നരേഷ് ബേദി 1969ൽ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദം നേടി. ഹിന്ദി സിനിമയിലെ കരിയർ ഉപേക്ഷിച്ച് ഇളയ സഹോദരൻ രാജേഷിനൊപ്പം ചേർന്ന് ഇന്ത്യയിലെ വന്യജീവി ചലച്ചിത്രനിർമ്മാണ മേഖലയിലേക്ക് കടക്കുകയായിരുന്നു.
‘ദി ഗാംഗെസ് ഗരിയൽ’ ആണ് ഇവരുടെ ആദ്യ ഡോക്യുമെന്ററി. മുതലകളുടെ സൂക്ഷ്മവും അജ്ഞാതവുമായ പെരുമാറ്റങ്ങളാണ് ഈ ഡോക്യുമെന്ററിയിൽ അവർ പകർത്തിയത്. ‘ദി ഗാംഗെസ് ഗരിയൽ’ ഡോക്യുമെന്ററിക്ക് 1984ലെ വൈൽഡ് സ്ക്രീൻ പാണ്ട പുരസ്കാരം ലഭിച്ചിരുന്നു.
ദി ഗാംഗെസ് ഗരിയൽ ഡോക്യുമെന്ററി
ബേദി സഹോദരൻമാർ ചിത്രീകരിച്ച നിരവധി ഡോക്യുമെന്ററികൾ പ്രമുഖ അന്താരാഷ്ട്ര ടെലിവിഷൻ നെറ്റ് വർക്കുകളിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. സേവിങ് ദി ടൈഗർ, മാൻ ഈറ്റിംഗ് ടൈഗേഴ്സ് എന്നിവ ബാഫ്റ്റ നോമിനേഷനിലും ഉൾപ്പെട്ടിട്ടുണ്ട്.
രാജേഷ് ബേദി പകർത്തിയ ചിത്രങ്ങൾ ഉൾപ്പെടുത്തി 1987ൽ ‘ഇന്ത്യൻ വൈൽഡ് ലൈഫ് ‘എന്ന പുസ്തകം പുറത്തിറങ്ങി. നാഷണൽ ജ്യോഗ്രാഫിക്കിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇന്ത്യൻ തപാൽ സ്റ്റാമ്പുകളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. 1986ൽ യുകെയിലെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ ആയി രാജേഷ് ബേദി തെരഞ്ഞെടുക്കപ്പെട്ടു.
2015ൽ പത്മശ്രീ പുരസ്കാരം, വൈൽഡ് ലൈഫ് ഏഷ്യ ഫിലിം പെസ്റ്റിവലിലെ വെയ്ൽ അവാർഡ്, സെന്റർ ഫോർ മീഡിയ സ്റ്റഡീസിൽ നിന്ന് പ്രിഥ്വി രത്ന പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ ബേദി സഹോദരന്മാർക്ക് ലഭിച്ചിട്ടുണ്ട്.
ജൂലൈ 26 മുതൽ 31 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ ബേദി സഹോദരന്മാരുടെ ചിത്രങ്ങളായ ചേസിംഗ് ഷാഡോസ് പാർട്ട് 1 & 2, ലഡാക്ക് – ദി ഫോർബിഡൻ വൈൽഡർനസ്, സാധൂസ് – ലിവിംഗ് വിത്ത് ദി ഡെഡ് വൈൽഡ്, അഡ്വഞ്ചേഴ്സ് ഹോട്ട് എയർ ബലൂണിംഗ് വിത്ത് ബേദി ബ്രദേഴ്സ്, മൊണാർക്ക് ഓഫ് ദി ഹിമാലയസ്, കോർബറ്റ്സ് ലെഗസി, ചെറൂബ് ഓഫ് മിസ്റ്റ് – റെഡ് പാണ്ട എന്നിവ പ്രദർശിപ്പിക്കും.