2024ലെ പാരീസ് ഒളിമ്പിക്സിനായി ലോകം ഒരുമിക്കുമ്പോൾ ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രെയ്സർ വിരമിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ ഒളിമ്പിക്സ് ഷെല്ലിയുടെ കരിയറിലെ അവസാന വേദിയായിരിക്കും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ചെറിയ ശരീരഘടനയും വച്ച് വിജയങ്ങളിലേക്ക് അതിവേഗത്തിലോടിയെത്തുന്ന ഷെല്ലി പോക്കറ്റ് റോക്കറ്റ് എന്നാണ് അറിയപ്പെടുന്നത്. പത്തു വട്ടം ലോകചാംപ്യനായ ഷെല്ലി ഒളിംപിക്സിൽ മൂന്നു തവണ സ്വർണം നേടിയിട്ടുണ്ട്.
ഒരു സാധാരണ കുടുംബത്തിൽ നിന്നും വന്ന് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി താരപദവി അലങ്കരിക്കുന്ന നിലയിലേക്കെത്തിയയാളാണ് ഷെല്ലി. ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും ലോകത്ത് നിന്ന് ഓടിക്കയറിയതാണ് അവർ. ദൃഢനിശ്ചയത്തിന്റെയും അചഞ്ചലമായ അർപ്പണബോധത്തിൻ്റെയും ഉദാഹരണമായി ഇവരുടെ ജീവിതം അടയാളപ്പെടുത്താം.
1986 ഡിസംബർ 27 ന് ജമൈക്കയിലെ കിംഗ്സ്റ്റണിലെ വാട്ടർഹൗസ് ജില്ലയിൽ ജനിച്ച ഫ്രേസർ പ്രൈസിൻ്റെ ആദ്യകാല ജീവിതം ഒരുപാട് സാമ്പത്തിക പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. ഈ പ്രതിസന്ധികൾ പക്ഷേ ഷെല്ലിയുടെ ആത്മവിശ്വാസത്തെ തകർത്തില്ല. ഓട്ടത്തിലൂടെയായിരുന്നു ഷെല്ലി ആശ്വാസം കണ്ടെത്തിയത്.
വളരെ ചെറിയ പ്രായത്തിൽ തന്നെ ഷെല്ലിയുടെ കഴിവുകൾ പ്രകടമായിരുന്നു. വോൾമർസ് ഹൈസ്കൂൾ ഫോർ ഗേൾസിലെ മികച്ച കായികതാരമായി അവർ തിളങ്ങി.
2008-ലെ ബെയ്ജിംഗ് ഒളിമ്പിക്സിലൂടെയാണ് ഷെല്ലി അന്താരാഷ്ട്ര തലത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 100 മീറ്ററിൽ സ്വർണം കരസ്ഥമാക്കി ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കരീബിയൻ വനിതയെന്ന നേട്ടവും കൈവരിച്ചു.
ഇതൊരു തുടക്കം മാത്രമായിരുന്നു. 2012 ലെ ലണ്ടനിൽ ഒളിമ്പിക് ടൈറ്റിലും നേടിയതോടെ സ്പ്രിൻ്റിംഗ് ഇതിഹാസമെന്ന പട്ടം നിലനിർത്താൻ അവർക്ക് സാധിച്ചു. പിന്നീടങ്ങോട്ട് വച്ചടി വച്ചടി കയറ്റമായിരുന്നു.
ഷെല്ലിയുടെ അംഗീകാരങ്ങളുടെ പട്ടികയിൽ ഒന്നിലധികം ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങളും ഒളിമ്പിക് മെഡലുകളും ഉൾപ്പെടുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച വനിതാ സ്പ്രിൻ്റർമാരിൽ ഒരാളെന്ന പദവിയിലേക്കുള്ള യാത്രയായിരുന്നു അത്.
ഷെല്ലി ഫ്രെയിസറിനെ വേറിട്ടുനിർത്തുന്നത് അവരുടെ ഓട്ടത്തിന്റെ വേഗത മാത്രമല്ല, തുടർച്ചയായ വിജയങ്ങൾ കൂടിയാണ്. വിജയത്തിന്റെ കാര്യത്തിൽ ഗ്രാഫ് താഴാതെ സൂക്ഷിക്കാൻ എന്നും ഇവർക്ക് സാധിച്ചിരുന്നു.
2017ൽ മകനെ പ്രസവിച്ചതോടെ, ഇനി ഷെല്ലിക്ക് പഴയ ഫോമിലേക്ക് തിരിച്ചെത്താനാവുമോയയെന്ന് പലരും സംശയിച്ചു. 2019 ൽ ദോഹയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ വിജയം നേടി ഷെല്ലി സംശയങ്ങളെ കാറ്റിൽ പറത്തി. അതിലൂടെ ആ ഇവൻ്റിൽ ലോക കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന പട്ടവും സ്വന്തമാക്കി.
പാരീസിലെ തൻ്റെ അവസാന ഒളിമ്പിക് മത്സരത്തിന് തയ്യാറെടുക്കുമ്പോൾ, അത്ലറ്റിക്സ് ലോകത്തെ ഇതിഹാസികരിൽ ഒരാളായി ഷെല്ലി ആൻ ഫ്രേസർ പ്രൈസ് നിലകൊള്ളുന്നു. ഷെല്ലിയുടെ വിരമിക്കൽ ഒരു യുഗത്തെയാണ് അടയാളപ്പെടുത്തുന്നത്.