മോസ്കോ > അമേരിക്കൻ മാധ്യമപ്രവർത്തകന് ചാരവൃത്തിക്കേസിൽ തടവുശിക്ഷ വിധിച്ച് റഷ്യൻ കോടതി. വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ ഇവാൻ ഗെർഷകോവിച്ചിനാണ് യെകാറ്റെരിൻബർഗിലെ കോടതി 16 വർഷം തടവുശിക്ഷ വിധിച്ചത്. റഷ്യ-ഉക്രെയ്ൻ സംഘർഷത്തിൽ റഷ്യ ഉപയോഗിക്കുന്ന ടാങ്കുകൾ നിർമിക്കുന്ന സ്ഥാപനത്തെക്കുറിച്ച് യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്കായി വിവരം ശേഖരിച്ചെന്നാണ് കേസ്. 2023 മാർച്ച് 29നാണ് ഗെർഷകോവിച്ചിനെ റഷ്യൻ സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്തത്. മോസ്കോയിലെ ലെഫൊർട്ടോവൊ ജയിലിലായിരുന്നു അദ്ദേഹം.
വിദേശമാധ്യമ പ്രവർത്തകർക്ക് അനുവദിച്ചിട്ടുള്ള അക്രഡിറ്റേഷൻ ഉപയോഗിച്ച് വാൾസ്ട്രീറ്റ് ജേണലിനുവേണ്ടി വാർത്ത റിപ്പോർട്ട് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും തനിക്കുമേൽ ആരോപിക്കുന്ന ചാരവൃത്തിക്കേസ് കെട്ടിച്ചമച്ചതാണെന്നും ഗെർഷകോവിച്ച് കോടതിയിൽ പറഞ്ഞു. ആരോപണം യുഎസ് സർക്കാരും വാൾസ്ട്രീറ്റ് ജേണലും നിഷേധിച്ചിരുന്നു. യാതൊരു തെളിവുമില്ലാതെ കേസെടുത്ത് രഹസ്യമായി വിചാരണ നടത്തി മാധ്യമപ്രവർത്തകനെ ശിക്ഷിച്ച റഷ്യയുടെ നടപടിയിൽ പ്രതിഷേധിക്കുന്നുവെന്ന് യുഎസ് വക്താവ് പറഞ്ഞു. നടപടിയിൽ വാൾസ്ട്രീറ്റ് ജേണൽ സിഇഒ അൽമാർ ലാതോറും എഡിറ്റർ ഇൻ ചീഫ് എമ്മാ ടക്കറും അപലപിച്ചു. തടവുകാരെ കൈമാറുന്ന പദ്ധതിപ്രകാരം ഇവാൻ ഗെർഷകോവിച്ചിനെ വിട്ടുകിട്ടാൻ അമേരിക്ക ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.