തിരുവനന്തപുരം
പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് പോസ്റ്റ്മെട്രിക് കുടിശ്ശിക നൽകാനുള്ള മുഴുവൻ തുകയും അനുവദിച്ച് സംസ്ഥാന സർക്കാർ. ബജറ്റ് വിനിയോഗ പരിധി 100 ശതമാനം ഉയർത്തി 120 കോടിയാണ് അനുവദിച്ചത്. ഇതോടെ ഗ്രാന്റ്സ് പോർട്ടലിൽ കുടിശ്ശികയുള്ള മുഴുവൻ തുകയും നൽകും. കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രയാസത്തിനിടയിലും അടിസ്ഥാന ജനവിഭാഗങ്ങളോട് എൽഡിഎഫ് സർക്കാരിനുള്ള കരുതലാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിനുമാത്രം 150 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. ഇതിൽ രണ്ടു തവണയായി 62.12 കോടി അനുവദിച്ചിരുന്നു. ഇത് കൂടാതെയാണ് ഇപ്പോൾ കുടിശ്ശിക മുഴുവൻ കൊടുത്തുതീർക്കുന്ന തരത്തിൽ തുക അനുവദിച്ചത്. ഈ വർഷം പട്ടിക, പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് ആനുകൂല്യങ്ങൾക്കായി 521 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. 11 ലക്ഷത്തോളം വിദ്യാർഥികൾക്കാണ് വിവിധ സ്കോളർഷിപ്പുകൾ നൽകുന്നത്.
ഇതു മറച്ചുവച്ച് കുടിശ്ശികയുടെ പേരിൽ സർക്കാരിനെതിരെ യുഡിഎഫും ബിജെപിയും വലിയ കുപ്രചാരണമാണ് നടത്തിയത്. പട്ടികവിഭാഗം വിദ്യാർഥികൾക്ക് പഠനാനുകൂല്യം നൽകുന്നതിന് കുടുംബ വരുമാനം 2.5 ലക്ഷം എന്ന പരിധിവച്ച് ആനുകൂല്യം തടയുകയായിരുന്നു കേന്ദ്ര സർക്കാർ. വരുമാനം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ നിഷേധിച്ച തുകകൂടി ബജറ്റിൽ അധികം വകയിരുത്തിയാണ് സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ നൽകിയത്.
ആനുകൂല്യങ്ങൾ 2021––22 മുതൽ വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകണമെന്ന നിബന്ധന കേന്ദ്ര സർക്കാർ ഏർപ്പെടുത്തി. എന്നാൽ, ഇതിനുള്ള സാങ്കേതിക സഹായം കേന്ദ്രം വേഗത്തിൽ നൽകിയില്ല. ഇത് അപേക്ഷ സമർപ്പിക്കുന്നതിലും പരിശോധിക്കുന്നതിലും കാലതാമസത്തിനിടയാക്കിയതാണ് കുടിശ്ശിക ഉണ്ടാകാനുണ്ടായ കാരണം.