കോഴിക്കോട്
‘ഇന്ന് രാവിലെ എട്ടിന് വിളിച്ചപ്പോഴും ഫോൺ റിങ് ചെയ്തിരുന്നു. പിന്നെ സ്വിച്ച് ഓഫായി. ആള് എവിടെയോ ഉണ്ട്. റെയ്ഞ്ച് വരുമ്പോൾ ഞങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടാകും. തിരിച്ചുവരും. പെട്ടെന്നുതന്നെ മണ്ണു മാറ്റണം…’– കൃഷ്ണപ്രിയയ്ക്ക് ഉറപ്പുണ്ട്, തന്റെ ഭർത്താവ് അർജുൻ തിരിച്ചുവരുമെന്ന്. കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ വീട്ടിൽ അച്ഛൻ വരുന്നതും കാത്ത് രണ്ടര വയസ്സുകാരൻ അയാനുമുണ്ട്.
കഴിഞ്ഞ എട്ടിനാണ് അർജുൻ അക്വേഷ്യ തടിയെടുക്കാനായി കർണാടകത്തിലേക്ക് പോയത്. ലോറിയിൽ ഒറ്റയ്ക്കായിരുന്നു യാത്ര. ‘15ന് രാത്രി ഒമ്പതിന് ഭാര്യയെ വിളിച്ചിരുന്നു. രാവിലെ ഏഴരയ്ക്ക് വിളിച്ചപ്പോൾ റിങ് ചെയ്തിരുന്നു. എന്നാൽ ഒമ്പതോടെ അമ്മ വിളിച്ചപ്പോൾ ഫോൺ ഓഫായിരുന്നു. 16ന് അർധരാത്രിയോടെ എത്തേണ്ടതാണ്. വ്യാഴവും വെള്ളി രാവിലെയും ഫോൺ റിങ് ചെയ്തിട്ടുണ്ട്.’ അർജുന്റെ ചേച്ചി അഞ്ജു പറഞ്ഞു.
ഷീലയുടെയും പ്രേമന്റെയും നാലു മക്കളിൽ രണ്ടാമനാണ് അർജുൻ. സഹോദരൻ അഭിജിത്ത്, സഹോദരി ഭർത്താവ് ജിതിൻ, ലോറി ഉടമ പന്തീരാങ്കാവ് സ്വദേശി മുനീഫ് എന്നിവർ 17 മുതൽ ദുരന്തസ്ഥലത്തുണ്ട്. ലോറിയുടെ അവസാന ജിപിഎസ് ലൊക്കേഷൻ ഉൾപ്പെടെ കർണാടകം അധികൃതർക്ക് കൈമാറിയെങ്കിലും കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് കുടുംബം പറയുന്നു. മന്ത്രിമാരായ കെ ബി ഗണേഷ് കുമാർ, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവർ കുടുംബവുമായി സംസാരിച്ചു. സർക്കാർ നിർദേശപ്രകാരം കലക്ടർ സ്നേഹിൽ കുമാർ സിങ് കുടുംബത്തെ സന്ദർശിച്ചു.