കൊളംബോ: ഇന്ത്യ-പാക്കിസ്ഥാൻ ഏഷ്യാകപ്പ് വനിതാ ടി20 മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു. അവസാന വിവരപ്രകാരം പാക്കിസ്ഥാൻ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 27 റൺസ് നേടി. ശ്രീലങ്കയിലെ ദാംബുള്ളയിലെ രംഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
കഴിഞ്ഞ എട്ട് എഡിഷനുകളിൽ ഏഴിലും വിജയിച്ച ഇന്ത്യ, മികച്ച ഫോമിലാണ് ടൂർണമെന്റിൽ പ്രവേശിക്കുന്നത്. 2022ൽ ബംഗ്ലാദേശിൽ നടന്ന ടൂർണമെന്റിൽ വിജയിച്ചതും ഹർമൻ പ്രീത് നയിക്കുന്ന ഇന്ത്യൻ ടീമാണ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര 1-1ന് സമനിലയിൽ തളച്ചാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. മറുവശത്ത്, മെയ് മാസത്തിൽ ഇംഗ്ലണ്ടിനോട് 0-3ന് തോൽവി ഏറ്റുവാങ്ങിയാണ് പാക്കിസ്ഥാൻ മത്സരത്തിനങ്ങുന്നത്.
നേരത്തെ ഏഷ്യാ കപ്പ് വനിതാ ടി20 പോരാട്ടത്തിലെ ഉദ്ഘാടന പോരിൽ നേപ്പാൾ വിജയിച്ചു. യുഎഇക്കെതിരായ പോരാട്ടത്തിൽ അവർ ആറ് വിക്കറ്റ് ജയം സ്വന്തമാക്കി.ആദ്യം ബാറ്റ് ചെയ്ത യുഎഇ വനിതകൾ നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് മാത്രമാണ് എടുത്തത്. നേപ്പാൾ 16.1 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടത്തിൽ 118 റൺസെടുത്തു വിജയിച്ചു.
45 പന്തിൽ 72 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണർ സഞ്ജന ഖഡ്കയാണ് നേപ്പാളിന്റെ ടോപ് സ്‌കോറർ. റുബിന ഛേത്രിയാണ് (10) രണ്ടക്കം കടന്ന മറ്റൊരു താരം. പൂജ മഹതോ 7 റൺസുമായി പുറത്താകാതെ നിന്നു.നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎഇക്കായി 36 റൺസെടുത്ത ഖുഷി ശർമയുടെ ബാറ്റിങാണ് അവരുടെ സ്‌കോർ 100 കടത്തിയത്. കവിഷ ഇഗോദജെ 22 റൺസെടുത്തു.
എട്ട് ടീമുകളാണ് ഏഷ്യാ കപ്പിൽ മാറ്റുരയ്ക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, യുഎഇ ടീമുകളാണ് ഗ്രൂപ്പ് എയിൽ. ബംഗ്ലാദേശ്, മലേഷ്യ, ശ്രീലങ്ക, തായ്ലൻഡ് ടീമുകളാണ് ഗ്രൂപ്പ് ബിയിൽ.
Read More