ലാഹോർ > ഭീകരവാദ സംഘടനയായ അല്‍ ഖയ്ദയുടെ മുതിർന്ന നേതാവ് അമിൻ ഉൾ– ഹഖ് പാകിസ്ഥാനിൽ പിടിയിലായി. പഞ്ചാബ് പ്രവിശ്യയിൽവച്ച് വെള്ളിയാഴ്ചയാണ് അമിൻ ഉൾ ഹഖ് അറസ്റ്റിലായത്. പഞ്ചാബ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം(സിടിഡി) വിവിധ രഹസ്യാന്വേഷണ ഏജൻസികളുമായി ചേർന്ന് നടത്തിയ ഓപ്പറേഷനിലായിരുന്നു അറസ്റ്റ്.
ഐക്യരാഷ്ട്രസംഘടന അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളയാളാണ് അമിൻ ഉൾ ഹഖ്. 2011-ല്‍ പാകിസ്ഥാനിലെ അബൊട്ടാബാദില്വച്ച് യുഎസ് സൈന്യം വധിച്ച അല്‍ ഖയ്ദ മുന്‍ തലന് ഒസാമ ബിന്‍ ലാദന്റെ അനുയായി ആയിരുന്നു. 1996 മുതൽ ഒസാമ ബിൻ ലാദനുമായി അടുത്ത ബന്ധമുണ്ട്. ബിന്‍ ലാദന് തോറ ബോറയിലായിരുന്നപ്പോള് അമിന്‍ ഉള് ഹഖിനായിരുന്നു സുരക്ഷാ ചുമതല.
അമിന്‍ ഉള് ഹഖിനെ അറസ്റ്റ് ചെയ്യാനായതോടെ ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ സുപ്രധാന വഴിത്തിരിവ് ഉണ്ടായതായി സിടിഡി പ്രസ്താവനയിൽ പറഞ്ഞു. അറസ്റ്റിലായ ഹഖിനെ ചോദ്യം ചെയ്യുന്നതിനായി അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി.