പാരീസ്: ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തെ വരവേൽക്കാനൊരുങ്ങി പാരീസ്. ജൂലൈ 26ന് ഒളിമ്പിക്‌സിന് ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ കോടിയേറുന്നതോടെ കലയുടെ നഗരം കായികമാമാങ്കത്തിന്റെ ഈറ്റിലമാവും. സീൻ നദിക്കരയിൽ പ്രണ്ഡഗംഭീരമായ ഉദ്ഘാടനത്തിനാണ് ഫ്രഞ്ച് സർക്കാർ ഒരുങ്ങുന്നത്. 3,20,000 ആളുകളെ ഉൾക്കൊള്ളുന്നതാണ് ഉദ്ഘാടന വേദി. ഉദ്ഘാടനത്തിന് മുന്നോടിയായി പഴുതടച്ച സുരക്ഷയാണ് ഫ്രഞ്ച് സർക്കാർ ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടന വേദിയുടെ ആറരകിലോമീറ്റർ ചുറ്റളവിൽ സൈന്യത്തെ ഇതിനോടകം ഫ്രഞ്ച് സർക്കാർ വിന്യസിച്ചിട്ടുണ്ട്. 24-ന് ആരംഭിക്കുന്ന മത്സരങ്ങൾക്ക് ശേഷം 26-നാണ് ഉദ്ഘാടന ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. 24-ന് ഫുട്‌ബോളും റഗ്ബി സെവൻസ് മത്സരങ്ങളും നടക്കും. 25ന് അമ്പെയ്ത്ത്. തൊട്ടടുത്ത ദിവസം ഉദ്ഘാടനം എന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്.
32 കായിക ഇനങ്ങളിലായി ആകെ 329 മത്സരങ്ങളാണുള്ളത്. 200-ലധികം രാജ്യങ്ങളാണ് ഇത്തവണ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്. ഇത്തവണ പുതിയ നാല് മത്സരയിനങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രേക്കിംഗ്, സ്‌കേറ്റ്‌ബോർഡിംഗ്, സർഫിംഗ്, സ്‌പോർട്‌സ് ക്ലൈംബിംഗ് എന്നിവയാണ് പുതിയ വിഭാഗങ്ങൾ.പാരീസ് സമയം ഓഗസ്റ്റ് 11-നാണ് ഒളിമ്പിക്‌സിന്റെ സമാപനം. എന്നാൽ ഇന്ത്യയിൽ ഇത് ഓഗസ്റ്റ് 12 തിങ്കളാഴ്ച പുലർച്ചെയായിരിക്കും.ഒളിമ്പിക് ഫ്രൈജ് എന്നതാണ് ഇത്തവണത്തെ ഒളിമ്പിക്‌സിന്റെ ഭാഗ്യചിഹ്നം. ഫ്രാൻസിലെ പരമ്പരാഗത ചെറിയ ഫ്രിജിയൻ തൊപ്പികളെ അടിസ്ഥാനമാക്കിയാണ് ചിഹ്നം രൂപപ്പെടുത്തിയത്. സ്വാതന്ത്രത്തിന്റെ പ്രതീകങ്ങളായാണ് ഇവ അറിയപ്പെടുന്നത്.
ഇന്ത്യയിൽ നിന്നു 117 അത്ലറ്റുകളാണ് പരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്. 2021 ലെ ടോക്കിയോ ഒളിമ്പിക്സിൽ നേടിയ ഏഴ് മെഡലുകളുടെ റെക്കോർഡ് തിരുത്തി ഇത്തവണ എക്കാലത്തെയും മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം.അമ്പെയ്ത്ത്,ബാഡ്മിൻറൺ, ബോക്‌സിങ്, ഹോക്കി,റോവിങ്, ഷൂട്ടിങ്, ടേബിൾ ടെന്നീസ്, ടെന്നീസ് തുടങ്ങി 16 മത്സരയിനങ്ങളിൽ ഇന്ത്യൻ സംഘം മാറ്റുരയ്ക്കും.നീരജ് ചോപ്ര, പിവി സിന്ധു, മീരാഭായ് ചാനു തുടങ്ങിയവരാണ് ഇന്ത്യയുടെ പ്രതീക്ഷകൾ.
എവിടെ കാണാം
ജൂലൈ 26 മുതൽ ഔദ്യോഗികമായ ആരംഭിക്കുന്ന ഒളിമ്പിക്‌സ് ജിയോസിനിമയിൽ കാണാം. പാരീസ് ഒളിമ്പിക്സ് തത്സമയ സ്ട്രീമിങ് സൗജന്യമായാണ് ജിയോസിനിമയിൽ ലഭിക്കുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ സ്ട്രീമിങ് ലഭ്യമാകും. സ്‌പോർസ് 18 ചാനലുകളും ഒളിമ്പിക്‌സ് തൽസമയം സംപ്രേഷണം ചെയ്യും.