കൊച്ചി> സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി സ്വന്തം നിലയ്ക്കു സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള സർവകലാശാല, എംജി, മലയാളം സർവകലാശാലകളിലേക്കുള്ള നടപടികളാണ് ഹൈക്കോടതി വിലക്കിയത്.
സർവകലാശാല പ്രതിനിധികൾ ഇല്ലാതെ സെർച്ച് കമ്മിറ്റികൾ രൂപീകരിച്ച ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടിക്കെതിരെ സർവകലാശാലകൾ പ്രത്യേകമായി നൽകിയ ഹർജിയിലാണ് നടപടി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് സ്റ്റേ ചെയ്തത്. സെർച്ച് കമ്മിറ്റികൾ രൂപീകരിക്കാൻ ചാൻസലർക്കുള്ള അധികാരം വ്യക്തമാക്കി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാനും ഉത്തരവായിട്ടുണ്ട്.
വ്യാഴാഴ്ച കേരള ഫീഷറീസ് സർവ്വകലാശാല സെർച്ച് കമ്മിറ്റി സ്റ്റേ ചെയ്തിരുന്നു. ഇതോടെ നാല് സർവ്വകലാശാലകളുടെ സെർച്ച് കമ്മിറ്റികൾ സ്റ്റേ ചെയ്തു. കെടിയു, കാർഷിക സർവകലാശാലാ അടക്കം 6 സർവകലാശാലകളിലേക്കാണ് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ച് ഗവർണർ ജൂൺ 28ന് വിജ്ഞാപനം ഇറക്കിയത്.