തിരുവനന്തപുരം> സംസ്ഥാനത്തെ രണ്ട് ദേശീയപാതകളുടെ വികസനത്തിന് ജിഎസ്ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം.
എറണാകുളം ബൈപാസ് (NH 544), കൊല്ലം- ചെങ്കോട്ട (NH 744) എന്നീ ദേശീയ പാതകളുടെ നിർമാണത്തിനാണ് നികുതി വിഹിതങ്ങൾ ഒഴിവാക്കി നൽകുന്നത്. ഇതുവഴി രണ്ടു പാതകൾക്കുമായി 741.35 കോടി രൂപയുടെ അധിക നിക്ഷേപം സാധ്യമാവും. അത്രയും വരുമാനം നികുതി ഇനത്തിൽ ഒഴിവാക്കുകയാണ്.
ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി. നേരത്തെ ദേശീയപാത 66 ന്റെ വികസനത്തിന് സംസ്ഥാനം 5580 കോടി രൂപ ഇതേ മാതൃകയിൽ അനുവദിച്ചിരുന്നു. ദേശീയ പാത വികസനം സാധ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
44.7 കിലോ മീറ്റർ ദൈർഘ്യം വരുന്ന എറണാകുളം ബൈപ്പാസ് ദേശീയപാതാ 544 ലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള പദ്ധതിയാണ്. എറണാകുളം ബൈപ്പാസിന് വേണ്ടി മാത്രമായി 424 കോടി രൂപ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കും.
ദേശീയപാത 744 ൽ 61.62 കിലോ മീറ്ററിൽ കൊല്ലം – ചെങ്കോട്ട ഗ്രീൻഫീൽഡ് പാത നിർമ്മാണമാണ് നടക്കുന്നത്. ഇതിന് ജിഎസ്ടി വിഹിതവും, റോയൽറ്റിയും ഒഴിവാക്കുക വഴി 317.35 കോടി രൂപ സംസ്ഥാനം വഹിക്കേണ്ടി വരും. സംസ്ഥാന സർക്കാരിന്റെ ഉത്തരവോടെ രണ്ടു ദേശീയ പാതാ നിർമ്മാണത്തിനുള്ള തുടർപ്രവർത്തനങ്ങൾക്ക് വേഗം കൂടും.