കൊളംബോ > ശ്രീലങ്ക അണ്ടർ 19 ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന ധമ്മിക നിരോഷണ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. അംബലൻഗോഡയിലുള്ള താരത്തിന്റെ വസതിയിൽ വച്ചായിരുന്നു വെടിയേറ്റത്. ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽ വച്ചാണ് നിരോഷണയ്ക്ക് വെടിയേറ്റതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
ഓൾറൗണ്ടറായ നിരോഷണ 2000ത്തിൽ ആണ് ശ്രീലങ്കയുടെ അണ്ടർ-19 ടീമിലെത്തിയത്. വലം കൈയൻ പേസ് ബൗളറും വലം കൈയൻ ബാറ്ററുമായിരുന്ന താരം, 2002ലെ അണ്ടർ-19 ലോകകപ്പിൽ ലങ്കൻ ടീമിനെ നയിച്ചു. ടീമിനായി 300 റൺസും 19 വിക്കറ്റും നേടി. പിന്നീട് ക്രിക്കറ്റ് ഉപേക്ഷിക്കുകയായിരുന്നു.