ബത്തേരി> വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ മരിച്ച കർഷകന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് മന്ത്രി ഒ ആർ കേളു. നൂൽപ്പുഴ പഞ്ചായത്തിലെ കല്ലുമുക്ക് മാറോട്ട് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാറോട് രാജു (49) ഇന്നലെയാണ് മരിച്ചത്. രാജുവിൻ്റെ കുടുംബത്തിന് വീട് വച്ച് നൽകാമെന്ന് മന്ത്രി ഉറപ്പ് നൽകി. മൂത്ത മകന് വിദ്യാഭ്യാസ യോഗ്യതയനുസരിച്ചുള്ള ജോലിയും ഇളയ കുട്ടിക്ക് വിദേശത്തോ സ്വദേശത്തോ പഠിക്കാൻ ധനസഹായവും നൽകും. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം.
ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ മൃതദേഹം ആംബുലൻസിൽ കല്ലൂരിൽ ദേശീയപാതയിൽ നാട്ടുകാർ ഉപരോധിക്കുന്നു
ഞായർ രാത്രി 8.30ന് വീടിന് സമീപമാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. വയലിൽ നിന്നും വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് പിന്നിൽ നിന്നും കാട്ടാന ആക്രമിച്ചത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വയലിലെ ചെളിയിൽവീണ രാജുവിന്റെ നെഞ്ചിലും കഴുത്തിലും കാട്ടാന കൊമ്പ് കൊണ്ട് കുത്തുകയും ഇരുകാലുകളിലും ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആദ്യം ബത്തേരിയിലെ ഇക്ര ആശുപത്രിയിലും പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.