ലണ്ടൻ
ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലേബർ പാർടി സ്ഥാനാർഥിയായി ശ്രദ്ധേയ വിജയം കൈവരിച്ച മലയാളി സോജൻ ജോസഫിനെ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ബ്രിട്ടീഷ് പാർലമെന്റിലെ വെസ്റ്റ് മിൻസ്റ്റർ ഹാളിലെത്തി സന്ദർശിച്ചു. വിജയത്തിൽ അഭിനന്ദനം അറിയിച്ച കെ ജെ തോമസ് ലേബർ പാർടിയുടെ വിജയ വാർത്തകളും സോജനെക്കുറിച്ചുള്ള പ്രത്യേക സ്റ്റോറിയുമുള്ള ദേശാഭിമാനി പത്രവും സമ്മാനിച്ചു.
ആദ്യമായാണ് കേരളത്തിൽനിന്ന് ഒരാൾ സോജനെ പാർലമെന്റിലെത്തി സന്ദർശിക്കുന്നത്. ട്യൂട്ടേഴ്സ് വാലി മാനേജിങ് ഡയറക്ടർ നോർഡി ജേക്കബ്ബ്, ടിസിഎസ് കൺസൽറ്റന്റ് സുദേവ് കുന്നത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ മലയാളി അംഗമായ സോജൻ കോട്ടയം കൈപ്പുഴ സ്വദേശിയാണ്. കൺസർവേറ്റീവ് പാർടിയുടെ കുത്തക സീറ്റ് പിടിച്ചെടുത്താണ് സോജൻ തെരഞ്ഞെടുപ്പിലെ താരമായത്. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡിൽ നിന്നാണ് സോജൻ തെരഞ്ഞെടുക്കപ്പെട്ടത്.