പാരിസ്
യൂറോയും കോപയും വിംബിൾഡണും കഴിഞ്ഞു. ഇനി എല്ലാ കണ്ണുകളും പാരിസിലേക്ക്. എല്ലാ കളികളുടെയും സംഗമഭൂമിയായ ഒളിമ്പിക്സിന് ഇനി ഒമ്പതുനാൾമാത്രം. ചരിത്രത്തിലെ 33–-ാമത്തെ ഒളിമ്പിക്സാണ് 26 മുതൽ ആഗസ്ത് 11 വരെ നടക്കുക. 206 രാജ്യങ്ങളിലെ 10,500 അത്ലീറ്റുകൾ അണിനിരക്കും.
പാരിസ് മൂന്നാംതവണയാണ് ആതിഥേയരാകുന്നത്. 1900ലും 1924ലും വേദിയായി. മൂന്നുതവണ ഒളിമ്പിക്സിനെ വരവേറ്റ നഗരം ലണ്ടൻമാത്രമേയുള്ളൂ.
മത്സരങ്ങൾ 24 മുതൽ തുടങ്ങും. 32 കായിക ഇനങ്ങളിലായി 329 സ്വർണമെഡലുകളാണ് കാത്തിരിക്കുന്നത്. ഫുട്ബോൾ, റഗ്ബി, ഹാൻഡ്ബോൾ എന്നീ ഇനങ്ങളാണ് നേരത്തേ തുടങ്ങുന്നത്. ഉദ്ഘാടനച്ചടങ്ങുകൾ ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിന് പുറത്ത് നടക്കുന്നുവെന്ന സവിശേഷതയുണ്ട്. പാരിസിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന സെൻ നദിക്കരയിലാണ് ഉദ്ഘാടനച്ചടങ്ങുകൾ. 26ന് രാത്രി 7.30ന് ആരംഭിക്കുന്ന ചടങ്ങുകൾ ഫ്രഞ്ച് പാരമ്പര്യവും സാംസ്കാരികത്തനിമയും വിളംബരം ചെയ്യുന്നതാകും. അത്ലറ്റിക്സ് മത്സരങ്ങൾ ആഗസ്ത് ഒന്നുമുതൽ ദേശീയ സ്റ്റേഡിയമായ സ്റ്റാഡ് ഡി ഫ്രാൻസിലാണ്. 80,000 പേർക്ക് മത്സരങ്ങൾ കാണാം. ഇതടക്കം 35 വേദികളുണ്ട്.
ആദ്യമെഡൽ നിശ്ചയിക്കുന്നത് 27ന് ഷൂട്ടിങ്ങിലാണ്. യുവതലമുറയെ ലക്ഷ്യമിട്ട് ബ്രേക്കിങ് (ബ്രേക്ക് ഡാൻസ്) ഇത്തവണ പുതിയ ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ ഉണ്ടായിരുന്ന ബേസ്ബോൾ, സോഫ്റ്റ്ബോൾ, കരാട്ടെ എന്നീ ഇനങ്ങൾ ഒഴിവാക്കി. ആധിപത്യത്തിനായി അമേരിക്കയും ചൈനയും തമ്മിലാണ് പോരാട്ടം. കഴിഞ്ഞതവണ ടോക്യോയിൽ അമേരിക്ക 39 സ്വർണം നേടിയപ്പോൾ ചൈന 38 എണ്ണം സ്വന്തമാക്കി. ജപ്പാന് 27, ബ്രിട്ടൻ 22. 2008ൽ സ്വന്തം തട്ടകമായ ബീജിങ്ങിൽ ഒന്നാമതെത്തിയശേഷം അടുത്ത മൂന്ന് ഗെയിംസിലും ചൈനയ്ക്ക് അമേരിക്കയെ മറികടക്കാനായിട്ടില്ല. മത്സരങ്ങൾ സ്പോർട്സ് 18 ചാനലിൽ തത്സമയം കാണാം. പാരിസിലെ സമയം ഇന്ത്യയേക്കാൾ മൂന്നരമണിക്കൂർ പിറകിലാണ്. മിക്കമത്സരങ്ങളും ഇന്ത്യൻ സമയം വൈകിട്ട് തുടങ്ങി അർധരാത്രിവരെ ഉണ്ടാകും.
കൂടുതൽ മെഡലിനായി ഇന്ത്യ
ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഒളിമ്പിക്സിൽ ഇന്ത്യ ലക്ഷ്യമിടുന്നത്. 16 ഇനങ്ങളിലായി 113 അംഗസംഘമാണ് പാരിസിലേക്ക് പറക്കാൻ തയ്യാറെടുക്കുന്നത്. അതിൽ 30 പേർ അത്ലറ്റിക്സിലാണ്. ഷൂട്ടിങ്ങിൽ 21. കഴിഞ്ഞതവണ ടോക്യോയിൽ 48–-ാംസ്ഥാനമായിരുന്നു. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും സ്വന്തമാക്കി. ആകെ ഏഴ് മെഡൽ.
പാരിസിൽ 1900ൽ നടന്ന ഒളിമ്പിക്സ് മുതൽ ഇന്ത്യൻ സാന്നിധ്യമുണ്ട്. ഇതുവരെ ഒന്നേകാൽ നൂറ്റാണ്ടിനിടെ ഇന്ത്യക്ക് നേടാനായത് 35 മെഡൽ മാത്രം. 10 സ്വർണവും ഒമ്പത് വെള്ളിയും 16 വെങ്കലവുമാണ് സമ്പാദ്യം. പുരുഷ ഹോക്കി ടീം എട്ട് സ്വർണമടക്കം 11 മെഡലുകളാണ് സംഭാവന ചെയ്തത്. ഇക്കുറിയും വിപുലമായ തയ്യാറെടുപ്പാണ്. അത്ലറ്റിക്സ് ടീം പോളണ്ടിലും തുർക്കിയിലും സ്വിറ്റ്സർലൻഡിലും പരിശീലനത്തിലാണ്. ജാവലിൻത്രോയിൽ നീരജ് ചോപ്ര സ്വർണം നിലനിർത്താൻ ഇറങ്ങുന്നു. പുരുഷ ഹോക്കി ടീമിന് ടോക്യോയിൽ വെങ്കലമുണ്ടായിരുന്നു. ബാഡ്മിന്റണിൽ പി വി സിന്ധുവിനൊപ്പം പുരുഷ ഡബിൾസ് ടീമായ സാത്വിക് സായ്രാജ്–-ചിരാഗ് ഷെട്ടി സഖ്യത്തിനും പ്രതീക്ഷയുണ്ട്. മീരാഭായ് ചാനു(ഭാരോദ്വഹനം), ലവ്ലിന ബൊർഗോഹെയ്ൻ (ബോക്സിങ്), വിനേഷ് ഫോഗട്ട് (ഗുസ്തി), അദിതി അശോക് (ഗോൾഫ്) എന്നിവരും പ്രതീക്ഷയാണ്. ഷൂട്ടിങ്ങിൽ ഒന്നിൽ കൂടുതൽ മെഡലുകൾ വരുമെന്നാണ് കരുതുന്നത്.