കൊച്ചി
കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം വൻവർധന. 4523.48 കോടി രൂപയാണ് ഇതിലൂടെ സംസ്ഥാനത്തേക്ക് എത്തിയത്. 6.77 ലക്ഷം ടൺ കാർഷികോൽപ്പന്നം കയറ്റുമതി ചെയ്തു. മുൻവർഷം ഇത് 3.78 ലക്ഷമായിരുന്നു. 3860.30 കോടി രൂപയായിരുന്നു നേട്ടം. കശുവണ്ടിയാണ് കയറ്റുമതിയിൽ മുന്നിൽ. 1208.18 കോടി രൂപയുടെ 21,351.92 ടൺ വിവിധ രാജ്യങ്ങളിലേക്ക് അയച്ചു. ബസുമതി ഒഴികെയുള്ള അരിയാണ് രണ്ടാംസ്ഥാനത്ത്. 456.49 കോടി രൂപ മൂല്യംവരുന്ന 82,181.79 ടൺ കയറ്റുമതി ചെയ്തു. സംസ്കരിച്ച പഴം, പച്ചക്കറി, പഴച്ചാർ, ഡെയറി ഉൽപ്പന്നം, ധാന്യം, അരിപ്പൊടി തുടങ്ങിയവയും മികച്ച കയറ്റുമതി നേടി. കൊച്ചി തുറമുഖംവഴിയാണ് ഏറ്റവുമധികം കയറ്റുമതി നടന്നത്. വിവിധ വിമാനത്താവളങ്ങൾ വഴിയാണ് ബാക്കി. യുഎഇയിലേക്കാണ് കൂടുതൽ. 1463.01 കോടി രൂപയുടെ 232,084.35 ടൺ ഉൽപ്പന്നം അയച്ചു. അമേരിക്ക രണ്ടാംസ്ഥാനത്തുണ്ട്. 491.33 കോടി രൂപയുടെ 16,715.11 ടൺ.