ന്യൂഡൽഹി
പക്ഷിപ്പനിയെത്തുടർന്ന് കുട്ടനാട്ടിലും സമീപ താലൂക്കുകളിലും പ്രതിസന്ധിയിലായ കർഷകരുടെ -ജീവനോപാധിക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് കേരളം. കേന്ദ്ര മൃഗസംരക്ഷണ മന്ത്രി രാജീവ് രഞ്ജൻ സിങ്ങുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രി ജെ ചിഞ്ചുറാണിയാണ് പാക്കേജ് ആവശ്യപ്പെട്ടത്. മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ പ്രവർത്തനച്ചെലവ് ഇനത്തിൽ കേന്ദ്രം നൽകാനുള്ള 6.2 കോടിരൂപ മുഴുവനായി നൽകണം എന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചതായി അവർ മാധ്യമങ്ങളോട് പറഞ്ഞു.
ഈ വർഷം ഇതുവരെ 1.90 ലക്ഷം പക്ഷികളെയാണ് കൊന്നുകളയേണ്ടിവന്നത്. കുട്ടനാട് മേഖലയിലും സമീപ താലൂക്കുകളിലും പരമ്പരാഗത കർഷകരെ സാമ്പത്തികമായി തകർക്കുന്നതാണിത്. അതിനാൽ താറാവ്, കോഴി കർഷകർക്ക് പാക്കേജ് വേണം. പാക്കേജ് സംബന്ധിച്ച തീരുമാനം കൈക്കൊള്ളേണ്ട ധനമന്ത്രാലയത്തിന് ഉടൻ നിവേദനം നൽകും. പക്ഷിപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് നടത്താൻ കേന്ദ്രത്തോട് അനുമതിയും സംസ്ഥാനം ആവശ്യപ്പെട്ടു.
പക്ഷിപ്പനി സ്ഥിരീകരിക്കാൻ നിലവിൽ ഭോപാലിലെ ലാബിൽനിന്ന് ഫലം വരുന്നതുവരെ കാത്തിരിക്കണം. അത് ഒഴിവാക്കാൻ പാലോട് എസ്ഐഎഡി ലാബിനെ ബിഎസ്എൽ ത്രീ ലാബായി ഉയർത്തണം. കുട്ടനാടൻ തനത് താറാവ് ഇനങ്ങളായ ചാര, ചെമ്പല്ലി എന്നിവയെ കുട്ടനാടൻ താറാവ് ഇനങ്ങളായി ഔദ്യോഗികമായി അംഗീകരിക്കണമെന്നും ചിഞ്ചുറാണി ആവശ്യപ്പെട്ടു.
കർഷകർക്കായി മുന്തിയ ഇനം പന്നിക്കുഞ്ഞുങ്ങളെയും ആട്ടിൻകുട്ടികളെയും ഇറക്കുമതി ചെയ്യണം. കന്നുകാലികളുടെ പ്രജനനത്തിനായി തയ്യാറാക്കിയ 47 കോടിയുടെ പദ്ധതി അംഗീകരിക്കണം എന്നീ ആവശ്യത്തിലും കേന്ദ്രമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും ചിഞ്ചുറാണി വ്യക്തമാക്കി. കേന്ദ്രസഹമന്ത്രി ജോർജ് കുര്യനെയും അവർ സന്ദർശിച്ചു.