അർജന്റീന ദേശീയ ടീമിന്റെ എക്കാലത്തേയും നട്ടെല്ല് അവരുടെ മുന്നേറ്റ നിരയാണ്. ഏത് ടൂർണമെന്റിനെത്തുമ്പോഴും പേര് കേട്ട സ്ട്രൈക്കർമാർ ആൽബിസെലസ്റ്റകളുടെ കരുത്താണ്. അവരോടൊപ്പം കളിയുടെ ഒഴുക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന മധ്യനിരയും കൂടിച്ചേരുമ്പോൾ ഗോൾ കണ്ടെത്തുന്നതിൽ അർജന്റീനക്കാർക്ക് ബുദ്ധിമുട്ടാണ്ടായിരുന്നില്ല. എന്നാൽ മുന്നേറ്റ നിരയോളം പോന്ന പ്രതിരോധം ഇല്ലാത്തത് കൊണ്ട് അടിച്ച ഗോളുകളെല്ലാം തിരിച്ചു വാങ്ങി പലപ്പോഴും പല ടൂർണമെന്റുകളിലും അർജന്റീന പുറത്ത് പോയി. പക്ഷേ ഇത്തവണത്തെ കോപ അമേരിക്കയിൽ അർജന്റീനയെ രക്ഷിച്ചത് ക്രിസ്റ്റ്യൻ റൊമേരോയുടെ നേതൃത്വത്തിൽ കോട്ട പോലുറച്ച പ്രതിരോധമാണ്.
ഒരൊറ്റ ഗോൾ മാത്രമാണ് കോപ അമേരിക്കയുടെ ഈ പതിപ്പിൽ അർജന്റീന വഴങ്ങിയത്. ഇക്വഡോറിനെതിരായ ക്വാർട്ടറിലായിരുന്നു അത്. ബാക്കിയെല്ലാ മത്സരങ്ങളിലും ആൽബിസെലസ്റ്റുകളുടെ പ്രതിരോധം ഉറച്ച് നിന്നു. ക്രിസ്റ്റ്യൻ റൊമേരോ, ലീസാൻഡ്രോ മാർട്ടിനസ് എന്നിവർ പ്രതിരോധത്തിൽ ടീമിന്റെ ഹൃദയമായി മാറി. ഇരുവരും കലാശപോരാട്ടത്തലുൾപ്പെടെ തോളോട് തോൾ ചേർന്ന് ടീമിന്റെ ഹൃദയം കാത്തു.
ക്രിസ്റ്റ്യൻ റൊമേരൊ എന്ന കുട്ടി റൊമേരൊ ടീമിലെത്തിയതോട് കൂടിയാണ് അർജന്റീനയുടെ തലവര മാറിയതെന്ന് പറയാം. കോപ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് കിരീടങ്ങൾ റൊമേരോയുടെ വരവോടെ വീണ്ടും അർജന്റീനയിലേക്കെത്തി. നികോളാസ് ഒട്ടമെൻഡിയുടെ അഭാവത്തിൽ റൊമേരോയായിരുന്നു പ്രതിരോധത്തിന്റെ നേതൃത്വം. മുന്നിലുള്ളവർക്ക് കൃത്യമായ കമാൻഡ് കൊടുത്തും സഹതാരങ്ങളെ ഉത്തേജിപ്പിച്ചും താരം കരുത്ത് കാട്ടി. ഫിസിക്കൽ ഗെയിമിന് പേരു കേട്ട കോപയിൽ തന്നെക്കാൾ ശരീര വലിപ്പമുള്ള കളിക്കാരെ അയാൾ നിഷ്പ്രയാസം ബീറ്റ് ചെയ്തു.
ഖത്തർ ലോകകപ്പിലുൾപ്പെടെ സബ്സ്റ്റിറ്റ്യുട്ടായിരുന്ന ലിസാൻഡ്രോ മാർട്ടിനസ് ഈ ടൂർണമെന്റോടെ കോച്ച് ലയണൽ സ്കലോണിയുടെ ഫസ്റ്റ് ചോയ്സായി മാറുന്ന കാഴ്ചയ്ക്കും ഈ കോപ സാക്ഷിയായി. ഒട്ടമെൻഡിയുടെ പകരക്കാരനായി ടീമിലെത്തിയ ‘ലിച്ച’ തന്നെയായിരിക്കും വരും കാലങ്ങളിൽ അർജന്റീനയുടെ പ്രതിരോധനിരയിൽ റൊമേരോയൊടൊപ്പം സ്ഥിരം സാന്നിധ്യമാവുക. അർജന്റീന ടൂർണമെന്റിലെ ഒരേയൊരു ഗോൾ വഴങ്ങുമ്പോൾ ലിസാൻഡ്രോ ഗ്രൗണ്ടിലില്ലായിരുന്നു.
മോഡേൺ സെന്റർ ബാക്കുകകളുടെ എല്ലാ മികവും പുലർത്തുന്ന താരങ്ങളാണ് ക്രിസ്റ്റ്യൻ റൊമേരൊയും ലിസാൻഡ്രോ മാർട്ടിനസുമെന്ന് നിസംശയം പറയാം. അഗ്രഷനാണ് ഇരുവരുടേയും മുഖമുദ്ര. തങ്ങളുടെ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റുന്നതിനോടൊപ്പം അർജ്ജന്റീനയുടെ ആക്രമണങ്ങൾക്ക് കോപ്പു കൂട്ടാനും അവർക്ക് സാധിച്ചു. ഒപ്പം ടാക്കിളുകളിലൂടെയും ഇന്റർസെപ്ഷനിലൂടെയും പന്ത് റാഞ്ചിയെടുക്കുകയും ചെയ്തു. എമിലിയാനോ മാർട്ടിനസ് എന്ന വിശ്വസ്തൻ ഗോൾ വലയ്ക്ക് മുന്നിൽ കാവൽ നിന്നപ്പോൾ ഇരു പ്രതിരോധ ഭടൻമാർക്കും ധൈര്യത്തോടെ പന്ത് തട്ടാമായിരുന്നു. ‘കുട്ടിയും ലിച്ചയും’ മുന്നിൽ നിൽക്കുന്നു എന്ന വസ്തുത ഏതൊരു കീപ്പർക്കും ധ്യൈര്യമാണ് എന്നത് മറ്റൊരു യാഥാർത്ഥ്യം.