തിരുവനന്തപുരം > നാട് മുഴുവൻ ജോയിക്കായി തിരയുമ്പോൾ കോൺഗ്രസ്സ് അതിനെ രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിച്ചെന്ന് മന്ത്രി എം ബി രാജേഷ്. റെയിൽവേയുടെ അധീനതയിലുള്ള സ്ഥലമാണെന്നിരിക്കെ സർക്കാരിന്റെ മേൽ പഴിചാരി രാഷ്ട്രീയലാഭം കണ്ടെത്താനാണ് പ്രതിപക്ഷ നേതാവടക്കം ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘വസ്തുതകൾ പോലും അറിയാതെയാണ് പ്രതിപക്ഷ നേതാവ് ആരോപണങ്ങൾ ഉന്നയിച്ചത്. ഒരു യോഗമെങ്കിലും വിളിച്ചിരുന്നുവെങ്കിൽ ഇത് തടയാമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് കാര്യങ്ങൾ അറിയാത്തത് കൊണ്ടാണ്. കഴിഞ്ഞ ഒരു വർഷമായി മാലിന്യം നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. റെയിൽവേയുടെ മാനദണ്ഡപ്രകാരം അവരുടെ അധീനതയിലുള്ള സ്ഥലത്ത് കേരള സർക്കാർ ഒന്നും ചെയ്യാൻ പാടില്ല എന്നാണ്.
സർക്കാരിന് ആകെ ചെയ്യാൻ കഴിയുന്നത് നിരന്തരം ഇടപെടലുകൾ നടത്തുക എന്നുള്ളതാണ്. അത് കൃത്യമായി സർക്കാർ ചെയ്യുന്നുണ്ട്. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് വി ഡി സതീശൻ ഇങ്ങനെ പറഞ്ഞത്. റെയിവേയുടെ അനാസ്ഥ നിങ്ങൾ കാണുന്നില്ലേ’ എന്നും വാർത്താസമ്മേളനത്തിൽ എം ബി രാജേഷ് മധ്യപ്രവർത്തകരോടായി ചോദിച്ചു.
സർക്കാർ ഇടപെടലുകൾ നടത്തിയതിനെ തുടർന്ന് ഹൈക്കോടതിയുടെ നിർദേശമുണ്ടായിട്ട് പോലും റെയിൽവേ അത് അവഗണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.