ഷിക്കാഗോ> തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വെടിവച്ച് കൊല്ലാൻ ശ്രമം. പെൻസിൽവാനിയയിലെ ബട്ട്ലറിൽ ശനി വൈകിട്ട് 6.15ന് റിപ്പബ്ലിക്കൻ പാർടിയുടെ പ്രചാരണയോഗത്തിൽ സംസാരിക്കവെയാണ് ആക്രമണം. സമീപത്തെ കെട്ടിടത്തിനുമുകളിൽനിന്ന് അക്രമി പലവട്ടം വെടിവച്ചു. ട്രംപിന്റെ വലതുചെവിക്ക് പരിക്കേറ്റ് ചോരയൊഴുകി. നിലത്തിരുന്ന ട്രംപിനെ നിമിഷങ്ങൾക്കുള്ളിൽ സീക്രട്ട് സർവീസുകാർ കവചംതീർത്ത് സുരക്ഷിത ഇടത്തേക്ക് മാറ്റി. മുദ്രാവാക്യം മുഴക്കിയാണ് ട്രംപ് വേദിവിട്ടത്. അക്രമിയുടെ വെടിവയ്പിൽ റാലിക്കെത്തിയ റിപ്പബ്ലിക്കൻ പ്രവർത്തകൻ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
പെൻസിൽവാനിയ ബെഥേൽ പാർക് സ്വദേശിയായ ഇരുപതുകാരൻ തോമസ് മാത്യു ക്രൂക്കാണ് അക്രമി. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊന്നു. റിപ്പബ്ലിക്കൻ പാർടിക്കാരനാണ്. വധശ്രമത്തിന് കേസെടുത്ത് എഫ്ബിഐയുടെയും സീക്രട്ട് സർവീസിന്റെയും നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. പ്രതിനിധിസഭയും സമഗ്ര അന്വേഷണം നടത്തുമെന്ന് സഭാ സ്പീക്കർ മൈക്ക് ജോൺസൻ പറഞ്ഞു. പിറ്റ്സ്ബർഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ട്രംപ് അർധരാത്രിയോടെ സ്വന്തം വിമാനത്തിൽ ന്യൂ ജേഴ്സിയിലേക്ക് മടങ്ങി.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ റിപ്പബ്ലിക്കൻ പാർടി ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്ന ദേശീയ കൺവൻഷൻ മിൽവാകിയിൽ തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് ആക്രമണം. വേദിക്ക് 150 മീറ്റർ അടുത്തുവരെ എആർ 15 സെമി ഓട്ടോമാറ്റിക് റൈഫിളുമായി അക്രമി എത്തിയത് ഗുരുതര സുരക്ഷാവീഴ്ചയാണ്.
പ്രസിഡൻഷ്യൽ സംവാദത്തിലുൾപ്പെടെയുണ്ടായ അമളികളിൽ പ്രതിച്ഛായ നഷ്ടപ്പെട്ട ഡമോക്രാറ്റിക് സ്ഥാനാർഥികൂടിയായ പ്രസിഡന്റ് ജോ ബൈഡനെതിരെയും റിപ്പബ്ലിക്കന്മാർ ആരോപണമെയ്യുന്നു. എന്നാൽ, അക്രമത്തെ അപലപിച്ച ബൈഡൻ, ട്രംപുമായി സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
സ്ഥാനാർഥിത്വവും തെരഞ്ഞെടുപ്പ് വിജയവും ഉറപ്പിക്കാൻ ട്രംപിന്റെതന്നെ തിരക്കഥയിൽ അരങ്ങേറിയ ആക്രമണമാണെന്ന വാദവുമുണ്ട്. വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉൾപ്പെടെയുള്ള നേതാക്കളും രാഷ്ട്രത്തലവന്മാരും സംഭവത്തെ അപലപിച്ചു. എബ്രഹാം ലിങ്കൺ അടക്കം നാല് അമേരിക്കൻ പ്രസിഡന്റുമാർ വെടിയേറ്റു മരിച്ചിട്ടുണ്ട്.
1981ൽ റൊണാൾഡ് റീഗനുനേരെയുണ്ടായ വെടിവയ്പിനുശേഷം ആദ്യമായാണ് അമേരിക്കയിൽ പ്രസിഡന്റിനോ പ്രസിഡന്റ് സ്ഥാനാർഥിക്കോ നേരെ വധശ്രമം ഉണ്ടാകുന്നത്.