ന്യുജഴ്‌സി: കോപ്പഅമേരിക്ക ഫൈനലിൽ അർജന്റീനയും കൊളംബിയയും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം സെമിഫൈനലിൽ യുറഗ്വാക്കെതിരെ ഏകപക്ഷീയമായ ഒരുഗോളിന് വിജയിച്ചാണ് കൊളംബിയ കലാശപോരാട്ടത്തിലേക്ക് യോഗ്യതനേടിയത്. 39-ാം മിനിറ്റിൽ ജെഫേഴ്‌സൺ ലേമയുടെ ഗോളാണ് കൊളംബിയൻ മുന്നേറ്റത്തിന് കാരണമായത്. കൊളംബിയൻ സൂപ്പർതാരം ജെയിംസ് റോഡിഗ്രസിന്റ് അസിസ്റ്റിൽ നിന്നാണ് വിജയഗോൾ പിറന്നത്.
മത്സരത്തിന്റെ ആദ്യപകുതിയുടെ അധികസമയത്ത് ഡാനിയൽ മുനോസിന് രണ്ടാം മഞ്ഞക്കാർഡ് കിട്ടി പുറത്തായതോടെ കൊളംബിയ പത്തുപേരായി ചുരുങ്ങി. യുറഗ്വായ് താരം ഉഗാർട്ടയും നെഞ്ചിൽ ഇടിച്ചതിനാണ് റഫറി ശിക്ഷവിധിച്ചത്. ഇതോടെ പത്തുപേരുമായി രണ്ടാം പകുതി തുടങ്ങിയ കൊളംബിയയ്ക്ക് ആദ്യപകുതിയിലേത് പോലുള്ള മുന്നേറ്റങ്ങൾ പുറത്തെടുക്കാനായില്ല.
രണ്ടാം പകുതിയിൽ കൂടുതൽ സമയവും പന്ത് യുറഗ്വായുടെ പക്കലായിരുന്നു. മത്സരത്തിന്റെ അറുപത്തിയാറാം മിനിറ്റിൽ യുറഗ്വായുടെ സൂപ്പർ താരം ലൂയിസ് സുവാരസ് കളത്തിലിറങ്ങിയെങ്കിലും ലഭിച്ച മികച്ച അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനായില്ല.ജൂലൈ 15 തിങ്കളാഴ്ച പുലർച്ചെയാണ് ഫൈനൽ മത്സരം.