ഹരാരെ: വിശ്വവിജയി പട്ടത്തിന്റെ മോഡിയിൽ രണ്ടാം നിര ടീമുമായി കളത്തിലിറങ്ങിയ ടീം ഇന്ത്യയെ ആദ്യ മത്സരത്തിൽ തന്നെ ഞെട്ടിച്ച് സിംബാബ്‍വെ. സിംബാബ്‍വെയ്ക്കെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തോൽവിയാണ് ഏറ്റുവാങേണ്ടി വന്നത്. അട്ടിമറി നടന്ന മത്സരത്തിൽ 13 റൺസിനാണ് ഇന്ത്യയുടെ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തിരുന്നു. എന്നാൽ സിംബാബ്‍വെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ ഇന്ത്യൻ യുവനിരയുടെ തിരിച്ചടി 19.5 ഓവറിൽ 102 റൺസിന് അവസാനിച്ചു.
ടോസ് നേടിയ ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ ബൗളിംഗാണ് തിരഞ്ഞെടുത്തത്. ഇന്ത്യയെ മികച്ച രീതിയിൽ നേരിട്ടുകൊണ്ട് വലിയ സ്കോർ നേടാതെ തന്നെ സിംബാബ്‍വെ ഇന്നിങ്സ് 119 റൺസിൽ അവസാനിച്ചു.29 റൺസുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ക്ലൈവ് മഡാണ്ടേയാണ് ടോപ് സ്കോറർ. ഡിയോണ്‍ മയേഴ്സ് 23 റൺസും ബ്രയാൻ ബെന്നറ്റ് 22 റൺസുമെടുത്തു. വെസ്ലി മധേവേരെ 21 റൺസും സിംബാബ്‌വെയ്ക്കായി സംഭാവന ചെയ്തു. ബൗളിംഗിൽ ഇന്ത്യൻ യുവ ബൗളർ രവി ബിഷ്ണോയി നാല് വിക്കറ്റും നേടി.
എന്നാൽ മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ബാറ്റർമാർ പാടെ തകരുന്ന കാഴ്ച്ചയാണ് കണ്ടത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് 31 റൺസെടുക്കാനായത് മാത്രമാണ് തിരിച്ചടിയിൽ എടുത്തു പറയാനുള്ള ഏക പ്രകടനം. ഗില്ലൊഴിച്ച് മുൻനിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഒമ്പതാമനായി ക്രീസിലെത്തിയ ആവേശ് ഖാൻ 16 റൺസ് നേടി. ഏഴാമനായി ക്രീസിലെത്തിയ വാഷിംഗ്ടൺ സുന്ദറിലായിരുന്നു ഇന്ത്യയുടെ അവസാന വിജയ പ്രതീക്ഷകൾ. എന്നാൽ 33 പന്തിൽ 27 റൺസുമായി പോരാടിയ സുന്ദറിന് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല.