അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഡേവിഡ് വാർണർക്ക് പകരക്കാരനെ കണ്ടെത്താൻ ഓസ്ട്രേലിയയ്ക്ക് കഴിയില്ലെന്ന് മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്. ഐസിസിക്ക് നൽകിയ അഭിമുഖത്തിലാണ് പോണ്ടിങ് മനസ് തുറന്നത്. കരിയറിൽ വിലക്ക് നേരിട്ട് വലിയ തിരിച്ചടി അഭിമുഖീകരിക്കുമ്പോൾ (പന്ത് ചുരണ്ടൽ വിവാദം) താൻ വാർണറെ ആശ്വസിപ്പിച്ചിരുന്നു എന്നും പോണ്ടിങ് പറഞ്ഞു.
“അന്ന് ഞാൻ വാർണറോട് പറഞ്ഞു, ഇന്ന് രാത്രി അൽപ്പസമയം ഒറ്റയ്ക്കിരുന്ന് ഓസ്‌ട്രേലിയയുടെ മൂന്ന് ഫോർമാറ്റുകളിലുമുള്ള നിങ്ങളുടെ അവിശ്വസനീയമായ കരിയറിനെ കുറിച്ച് ചിന്തിക്കൂ. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അദ്ദേഹം വേനൽക്കാലത്ത് വിരമിച്ചതായി ഞങ്ങൾക്കറിയാം. പക്ഷേ ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും ഡേവിഡ് വാർണറിനേക്കാൾ വലിയ സ്വാധീനം ചെലുത്തിയ ഒരാളെ കണ്ടെത്താൻ നിങ്ങൾ പാടുപെടും,” പോണ്ടിങ് പറഞ്ഞു.
“എനിക്ക് അദ്ദേഹത്തോടൊപ്പം കളിക്കാൻ കഴിഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഐപിഎല്ലിൽ അദ്ദേഹത്തെ പരിശീലിപ്പിക്കാൻ എനിക്ക് കഴിഞ്ഞു. അവൻ്റെ കമ്പനി ഞാൻ ശരിക്കും ആസ്വദിക്കുന്നു. അതിനാൽ ചെയ്ത കാര്യങ്ങളിൽ അവൻ അഭിമാനിക്കണം,” പോണ്ടിങ് പറഞ്ഞു.
ടെസ്റ്റിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഇന്നാണ് ഡേവിഡ് വാർണർ വിരമിച്ചത്. ഇന്നലെ ഇന്ത്യയ്ക്കെതിരായ ടി20 ലോകകപ്പ് സൂപ്പർ 8 മത്സരം വാർണറുടെ അവസാനത്തെ അന്താരാഷ്ട്ര മത്സരമായിരുന്നു. അവസാന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ആറ് റൺസെടുത്ത് വാർണർ പുറത്തായി. വാർണറുടെ 15 വർഷം നീണ്ട കരിയറിനാണ് അവസാനമായത്. ടി20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ ഓസ്ട്രേലിയ പുറത്തായതോടെയാണ് വാർണറിന്റെ ക്രിക്കറ്റ് ജീവിതത്തിന് അവസാനമാകുന്നത്. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ നിന്ന് താരം നേരത്തെ തന്നെ വിരമിച്ചിരുന്നു.
ആദം ഗിൽക്രിസ്റ്റ്-മാത്യൂ ഹെയ്ഡൻ സഖ്യം വിരമിച്ച ശേഷം ഓസ്ട്രേലിയയ്ക്ക് ലഭിച്ച എക്കാലത്തെയും മികച്ച ഇടങ്കയ്യൻ ഓപ്പണറായിരുന്നു വാർണർ. 2023ൽ ഏകദിന ലോകകപ്പും ടെസ്റ്റ് ചാമ്പ്യൻഷിപ്പും, 2021ൽ ടി20 ലോകകപ്പും നേടി സമ്പൂർണനായാണ് വാർണർ വിരമിക്കുന്നത്. 2015 ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിലും അംഗമായിരുന്നു.
2016ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ചാമ്പ്യനാക്കിയത് വാർണറിലെ ക്യാപ്റ്റൻസി മികവാണ്. 112 ടെസ്റ്റുകളും 161 ഏകദിനങ്ങളും 110 ടി20യിലും താരം കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റുകളിലുമായി 18,895 റൺസാണ് ഡേവിഡ് വാർണറിന്റെ സമ്പാദ്യം.
Read More Sports News Here
- സഞ്ജു സാസൺ ഇന്ന് കളിച്ചേക്കും; പന്തിന് മാറ്റമില്ല, പുറത്ത് പോകുന്നത് ഈ താരം
- കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം