മുംബൈ: രാജ്യാന്തര ഫുട്ബോളിൽനിന്ന് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷം വിരമിക്കുമെന്നാണ് 39 കാരനായ ഛേത്രി അറിയിച്ചിരിക്കുന്നത്. ജൂൺ ആറിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽവച്ചാണു ലോകകപ്പ് യോഗ്യതാ മത്സരം.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഛേത്രി ഈ തീരുമാനം അറിയിച്ചത്. ”ഇതെന്റെ അവസാനത്തെ മത്സരമാണെന്ന് ഞാൻ തീരുമാനിച്ചു. ഈ വിവരം എന്റെ തീരുമാനം വീട്ടുകാരോട് പറഞ്ഞു. അച്ഛന്റെ പ്രതികരണം എപ്പോഴത്തെയും പോലെ സാധാരണമായിരുന്നു. ആശ്വാസവും സന്തോഷവും എല്ലാം അദ്ദേഹത്തിന്റെ മുഖത്ത് കണ്ടു. പക്ഷേ, ഞാൻ ഈ വിവരം പറഞ്ഞപ്പോൾ ഭാര്യയുടെ പ്രതികരണം പ്രതീക്ഷിക്കാത്തതായിരുന്നു. ‘നിരവധി മത്സരങ്ങൾ ഉണ്ടെന്നും സമ്മർദ്ദം കൂടുതലാണെന്നും ഞാൻ നിന്നോട് എപ്പോഴും പറയാറുണ്ടായിരുന്നു. ഈ മത്സരത്തിനു ശേഷം ഇനി ഞാൻ രാജ്യത്തിന് വേണ്ടി കളിക്കാൻ പോകുന്നില്ലെന്ന് നിന്നോട് പറയുന്നു’. ഇതുകേട്ടതും അവൾ കരയാൻ തുടങ്ങി. ഇതെന്റെ അവസാന മത്സരമാണെന്നത് ഞാൻ വളരെ ആലോചിച്ച് എടുത്ത തീരുമാനമാണ്. ഈ തീരുമാനത്തിനുശേഷം ഞാൻ ദുഃഖിതനായിരുന്നു. ചില ദിവസങ്ങളിൽ ഞാൻ വളരെയധികം വിഷമിച്ചുവെന്നത് സത്യമാണ്,” സുനിൽ ഛേത്രി വീഡിയോയിൽ പറഞ്ഞു.
I’d like to say something… pic.twitter.com/xwXbDi95WV
— Sunil Chhetri (@chetrisunil11) May 16, 2024
2005 ൽ പാക്കിസ്ഥാനെതിരായി ബൂട്ട് അണിഞ്ഞാണ് ഛേത്രി കരിയർ തുടങ്ങുന്നത്. പിന്നീട് ഇങ്ങോട്ട് 19 വർഷം ഇന്ത്യൻ ജഴ്സി അണിഞ്ഞ് രാജ്യത്തിന് അഭിമാനമായി. 2008ലെ എഎഫ്‌സി ചലഞ്ച് കപ്പ്, 2011, 2015 വര്‍ഷങ്ങളിലെ സാഫ് ചാമ്പ്യന്‍ഷിപ്പ്, നെഹ്റു കപ്പ് (2007, 2009, 2012), 2017, 2018ലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമുകളുടെ ഭാഗമായിരുന്നു ഛേത്രി. 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും ലഭിച്ചു. ആറു തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും നേടിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിയുടെ താരമാണ് ഛേത്രി.