എന്താണ് നടക്കുന്നത് ഈ ഐപിഎൽ സീസണിൽ? സ്വാഭാവികമായും ക്രിക്കറ്റ് ആരാധകരെല്ലാം തലയിൽ കൈവച്ചിരിപ്പാണ്. സീസണിൽ ഭൂരിഭാഗം സമയത്തും മുന്നിട്ടുനിന്ന സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് കഴിഞ്ഞ മൂന്ന് കളികളും തോൽക്കുന്നു. അതേസമയം, തോറ്റു തൊപ്പിയിട്ട് അവസാന സ്ഥാനക്കാരായിരുന്ന കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു അവസാനത്തെ അഞ്ച് കളികളും ജയിച്ച് പ്ലേ ഓഫ് ലക്ഷ്യമാക്കി അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് നടത്തുന്നത്.
പ്ലേ ഓഫ് അരികെ; ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾക്ക് ചൂടുപിടിക്കുന്നു
ഐപിഎൽ 17ാം സീസണിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനത്തോട് അടുക്കുമ്പോൾ പോരാട്ടങ്ങളും വേനലിനൊപ്പം ചൂടുപിടിക്കുകയാണ്. നിലവിലെ സാഹചര്യങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിക്കാൻ സാധ്യതയുള്ള മൂന്ന് ടീമുകളാണുള്ളത്.
12 മത്സരങ്ങൾ വീതം കളിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവർ 1, 2, 4 സ്ഥാനങ്ങളിലുണ്ട്. ഇവർക്കെല്ലാം രണ്ട് മത്സരങ്ങൾ ശേഷിക്കെ ടൂർണമെന്റിൽ മുന്നേറാനും സാധ്യതയേറെയുണ്ട്. കെകെആർ – 18, രാജസ്ഥാൻ – 16, ഹൈദരാബാദ് – 14 എന്നിങ്ങനെയാണ് ഞായറാഴ്ച വരെയുള്ള പോയിന്റ് നില.
അതേസമയം, ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം മാത്രം ശേഷിക്കെ ചെന്നൈ സൂപ്പർ കിങ്സ് (14), റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (12), ഡൽഹി ക്യാപ്പിറ്റൽസ് (12) എന്നിവർക്കും, 12 മത്സരങ്ങൾ മാത്രം കളിച്ച് ഏഴാം സ്ഥാനത്തുള്ള ലഖ്നൌ സൂപ്പർ ജയന്റ്സിനും (12 പോയിന്റ്) ഇപ്പോഴും ആദ്യ നാലിൽ ഇടംപിടിക്കാൻ ഇനി ജയിച്ചേ മതിയാകൂ എന്ന നിലയാണുള്ളത്.
ആർസിബിക്ക് പ്ലേ ഓഫിലേക്ക് എങ്ങനെ യോഗ്യത നേടാനാകും?
തുടർച്ചയായ ആറ് തോൽവികൾക്ക് ശേഷമുള്ള ഉയിർത്തെഴുന്നേൽപ്പ് കോഹ്ലിയുടെ ആർസിബിയെ അഞ്ചാം സ്ഥാനത്തേക്ക് ഉയർത്തി. അവസാന മത്സരത്തിൽ ആർസിബി ജയിച്ചാൽ മാത്രം, പോര നെറ്റ് റൺറേറ്റിലും പോയിന്റ് നിലയിലും മുന്നിലുള്ള സിഎസ്‌കെയെ അവർക്ക് തോൽപ്പിക്കുക കൂടി വേണം. ധോണിപ്പടയുടെ നെറ്റ് റൺറേറ്റ് ഭീഷണി മറികടക്കാൻ അവർക്ക് കുറഞ്ഞത് 18 റൺസ് എങ്കിലും ജയിക്കേണ്ടതുണ്ട്.
ഉദാഹരണത്തിന്, ആർസിബി ആദ്യം ബാറ്റ് ചെയ്യുമ്പോൾ 200 റൺസ് നേടുകയാണെങ്കിൽ, അവർ ചെന്നൈയെ 182 റൺസിൽ ഒതുക്കണം. ലക്ഷ്യം 201 ആണെങ്കിൽ, ഏകദേശം 11 പന്തുകൾ ബാക്കിയുള്ളപ്പോൾ ആർസിബിക്ക് അത് പിന്തുടരേണ്ടി വരും. ലഖ്നൌ, ഹൈദരബാദ്, ഡൽഹി ടീമുകളുടെ മത്സര ഫലങ്ങളും ഇവിടെ നിർണായകമാകും.
പ്ലേ ഓഫ് ഉറപ്പിക്കാൻ സിഎസ്‌കെയ്ക്ക് കഴിയുമോ?
സിഎസ്‌കെയെ സംബന്ധിച്ചിടത്തോളം, അവസാന മത്സരത്തിൽ ആർസിബിക്കെതിരെ ഒരു വിജയം നേടാനായാൽ പ്ലേ ഓഫിൽ അവരുടെ സ്ഥാനം ഉറപ്പിക്കാൻ അതു പര്യാപ്തമാണ്. ഇനി ആർസിബിയോട് തോൽക്കുകയാണെങ്കിൽ ഹൈദരാബാദും ലഖ്നൌവും 14 പോയിൻ്റിൽ മുകളിലേക്ക് പോകാതിരിക്കണം. ചെന്നൈ തോറ്റാലും വിജയ മാർജിൻ കുറവാണെന്നും നെറ്റ്റൺറേറ്റിന്റെ കാര്യത്തിൽ ആർസിബിക്ക് മുകളിലായിരിക്കുമെന്നും ഉറപ്പാക്കേണ്ടതുണ്ട്.
ഹൈദരാബാദിന് വെല്ലുവിളി ഉയർത്തി ധോണിപ്പട
രണ്ട് മത്സരങ്ങൾ ശേഷിക്കെ ഹൈദരബാദിന് ഇനിയും രണ്ടാം സ്ഥാനത്ത് വരെ എത്താനാകും. പരമാവധി 18 പോയിന്റ് വരെ നേടാൻ അവർക്ക് അവസരമുണ്ട്. ചെന്നൈ ജയിച്ചാലും അവരെ മറികടന്ന് പോകാൻ ഒരു മത്സരത്തിലെങ്കിലും ഹൈദരാബാദിന് മികച്ച വിജയം നേടാനാകണം. പരാജയപ്പെടുകയാണെങ്കിൽ അവർ കുഴപ്പത്തിലായേക്കാം. അടിസ്ഥാനപരമായി അവരുടെ വിധി അവരുടെ കൈകളിലാണ്.
വിജയവഴിയിൽ തിരിച്ചെത്താൻ സഞ്ജുവിന്റെ പിങ്ക് ആർമി
ഇനിയുള്ള മത്സരങ്ങളിൽ സഞ്ജുവിനും കൂട്ടർക്കും പഞ്ചാബും കൊൽക്കത്തയുമാണ് എതിരാളികൾ. എതിരാളികൾ ദുർബലരല്ലെന്നും മുന്നോട്ടുള്ള പോരാട്ടങ്ങൾക്ക് ഊർജ്ജമേകാൻ വിജയവഴിയിൽ തിരിച്ചെത്തേണ്ടത് നിർണായകമാണെന്നും രാജസ്ഥാൻ റോയൽസ് മാനേജ്മെന്റിന് അറിയാം.
Read More Sports News Here
- ‘രാഹുൽ അവർ നിങ്ങളെ അർഹിക്കുന്നില്ല’; സ്വന്തം നാട്ടിലേക്ക് തിരികെവിളിച്ച് ഫാൻസ്
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?