വനിതാ പ്രീമിയർ ലീഗിന്റെ രണ്ടാം സീസൺ ഇക്കുറി മലയാളി പെൺകൊടിമാരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ്. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് മാനന്തവാടി സ്വദേശിനിയായ 26കാരി സജന സജീവൻ. മുംബൈയുടെ ലേഡി പൊള്ളാർഡ് എന്നാണ് സജന അറിയിപ്പെടുന്നത്. ഉദ്ഘാടന മത്സരത്തിൽ അവസാനത്തെ പന്തിൽ ജയിക്കാൻ അഞ്ച് റൺസ് വേണമെന്നിരിക്കെ സിക്സർ പറത്തി കളിതിരിക്കാൻ സജനയ്ക്ക് കഴിഞ്ഞിരുന്നു.
സജനയുടെ ഡബ്ല്യു.പി.എൽ അരങ്ങേറ്റ മത്സരത്തിലെ നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പറത്തിയാണ് മലയാളികളുടെ അഭിമാന താരം മുംബൈ ഇന്ത്യൻസിനെ വിജയതീരമണച്ചത്. ടീമിലെ വാലറ്റത്ത് വെടിക്കെട്ട് ബാറ്ററായാണ് സജന ബാറ്റുവീശാറുള്ളത്. മികച്ച ഓൾറൌണ്ടറുമാണ് അവർ. എന്നാൽ, അവിടേയും തീരുന്നില്ല ഈ മലയാളി താരത്തിന്റെ കഴിവുകൾ. നന്നായി പാട്ടുപാടി കാണികളെ കയ്യിലെടുക്കാനും തനിക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് സജന.
മുംബൈ ഇന്ത്യൻസ് ആരാധകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടയിൽ കലാഭവൻ മണിയുടെ പാട്ടുപാടി മുംബൈ ഇന്ത്യൻസ് ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് സജന സജീവൻ. കാണികളിൽ ഒരാൾക്കൊപ്പമാണ് താരം പാടിത്തകർക്കുന്നത്. ഈ വീഡിയോ മുംബൈ ഇന്ത്യൻസ് അവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്.
ഇവിടെ ആരെങ്കിലും മലയാളികളുണ്ടോയെന്നും കലാഭവൻ മണിച്ചേട്ടനെ ഇഷ്ടമാണോയെന്നും ചോദിച്ച സജന, “ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ ചന്ദനത്തോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ,” എന്ന ഹിറ്റ് നാടൻ പാട്ടാണ് മുംബൈയിൽ ആലപിച്ചത്. ഇതര ഭാഷക്കാരായ താരങ്ങളും ഈ ഗാനം ആസ്വദിക്കുന്നതായി വീഡിയോയിൽ കാണാം.