നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിന്റെ ബാറ്റിങ് പരാജയത്തിന്റെ പേരിൽ റാഞ്ചിയിലെ പിച്ചിനെതിരെ വിവാദ പരാമർശവുമായി മുൻ ഇംഗ്ലണ്ട് നായകനും കമന്റേറ്ററുമായി മൈക്കൽ വോൺ രംഗത്ത്. ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എന്ന സ്കോറിൽ നിൽക്കവെ ആണ് വോൺ ഇന്ത്യൻ പിച്ചിനെ പേരെടുത്ത് പറയാതെ വിമർശിച്ചത്.
റാഞ്ചിയിലെ പിച്ച് ഞെട്ടിക്കുന്നതാണെന്ന് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം അഭിപ്രായപ്പെട്ടു. “ക്രിക്കറ്റിൽ ഒരു പഴയ പഴഞ്ചൊല്ലുണ്ട്… രണ്ട് ടീമുകളും ബാറ്റ് ചെയ്യുകയും ബൗൾ ചെയ്യുകയും ചെയ്യുന്നതുവരെ ഒരു പിച്ചിനെ വിലയിരുത്തരുത്… എന്നാൽ നമുക്ക് സത്യസന്ധത പുലർത്താം… റാഞ്ചി പിച്ച് ഞെട്ടിക്കുന്നതായി തോന്നുന്നു,” വോൺ ട്വീറ്റ് ചെയ്തു.
The old saying .. Do not judge a pitch till both teams have batted and bowled on it .. but let’s be honest .. this one looks a shocker .. #INDvsENG
— Michael Vaughan (@MichaelVaughan) February 23, 2024
നാലാം ടെസ്റ്റിന് മുന്നോടിയായി, റാഞ്ചിയിൽ ഇന്ത്യക്കെതിരെ തിരിച്ചുവരാനും വിജയം നേടാനും ഇംഗ്ലണ്ടിന് സാധിക്കുമെന്ന് വോൺ അഭിപ്രായപ്പെട്ടിരുന്നു. “റാഞ്ചിയിലെ പിച്ച് ആദ്യ ടെസ്റ്റ് പോലെയാകും. ഇന്ത്യ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകുന്നതോടെ ഇംഗ്ലണ്ടിന് വിജയിക്കാൻ മികച്ച അവസരമുണ്ടാകും,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം.
അതേസമയം, ഇംഗ്ലണ്ട് മധ്യനിര താരം ജോ റൂട്ടിന്റെ അവസരോചിതമായി ബാറ്റിങ്ങിനെ അദ്ദേഹം പ്രശംസിച്ചു. ‘ Love a bit of Root Ball. Lovely to see Common sense Ball.. #INDvsENG’ ബേസ്ബോൾ ശൈലിയെ വിമർശിച്ചു കൊണ്ട് വോൺ ട്വീറ്റ് ചെയ്തു. ജോ റൂട്ടിന്റെ (82*) അർധസെഞ്ചുറി പ്രകടനം ഇംഗ്ലണ്ടിനെ തകർച്ചയിൽ നിന്ന് കരകേറ്റിയിരുന്നു. ബേസ്ബോൾ ശൈലി സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെന്ന് ഒരു ഇംഗ്ലീഷ് മുൻ താരം വിമർശിക്കുന്നത് ഇതാദ്യമായാണ്.
Love a bit of Root Ball .. 😜 #INDvsENG
— Michael Vaughan (@MichaelVaughan) February 23, 2024
ഏറ്റവുമൊടുവിൽ പിച്ചിനെ വിമർശിക്കുന്ന പരാമർശം തെറ്റായെന്ന് മൈക്കൽ വോൺ തന്നെ സമ്മതിക്കുന്നുണ്ട്. ഇംഗ്ലണ്ട് തകർച്ചയിൽ നിന്ന് കരകയറിയതോടെയാണ് വിവാദ പരാമർശം അദ്ദേഹം പിൻവലിച്ചത്.