ഇടത് കാൽമുട്ടിന് പരിക്കേറ്റതിനാൽ ജാക്ക് ലീച്ചിന് ഇന്ത്യയ്‌ക്കെതിരായ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകൾ നഷ്ടമാകുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) ഫെബ്രുവരി 11 ഞായറാഴ്ച സ്ഥിരീകരിച്ചു. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ലീച്ചിനെ രണ്ടാം മത്സരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ഫെബ്രുവരി 15ന് വ്യാഴാഴ്ച രാജ്‌കോട്ടിൽ ആരംഭിക്കുന്ന മൂന്നാമത്തെയും ടെസ്റ്റിന് മുന്നോടിയായി അബുദാബിയിലുള്ള ഇടങ്കയ്യൻ സ്പിന്നർ നാട്ടിലേക്ക് മടങ്ങും. പരിക്കിൽ നിന്ന് മോചിതനാകാനായി ലീച്ച് ഇംഗ്ലണ്ട്, സോമർസെറ്റ് മെഡിക്കൽ ടീമുകളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഇ.സി.ബി അറിയിച്ചു.
നിലവിൽ ലീച്ചിന് പകരക്കാരനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, റെഹാൻ അഹമ്മദ്, ടോം ഹാർട്ട്‌ലി, ഷൊയ്ബ് ബഷീർ, പാർട്ട് ടൈം സ്പിന്നർ ജോ റൂട്ട് എന്നിവരുൾപ്പെടുന്ന ഇംഗ്ലീഷ് സ്‌പിന്നർമാരുടെ സംഘം കനത്ത പ്രഹര ശേഷിയുള്ളവരാണ്. വിശാഖപട്ടണത്ത് ഇന്ത്യ ജയിച്ചതോടെ പരമ്പര 1-1 ന് സമനിലയിലാണ്.
ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ 28 റൺസിൻ്റെ ആവേശകരമായ വിജയത്തോടെ ഇംഗ്ലണ്ട് ആദ്യ പ്രഹരം നൽകി. എന്നാൽ വിശാഖപട്ടണത്ത് ഇന്ത്യ 106 റൺസിൻ്റെ വിജയത്തോടെ പരമ്പരയിലേക്ക് ശക്തമായി തന്നെ തിരിച്ചുവന്നു. മധ്യനിര ബാറ്ററായ കെ.എല്‍. രാഹുല്‍ മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തുമെന്ന് ഉറപ്പായി. നെറ്റ്സില്‍ ബാറ്റിങ് പരിശീലനം നടത്തുന്നതിന്‍റെ വീഡിയോ രാഹുല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു.
പരിശീലനത്തിനിടെ നന്നായി ബാറ്റുവീശുന്ന രാഹുല്‍ പരിക്കിന്‍റെ യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ല. രാഹുലിനെയും ജഡേജയെയും മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമെ ഇവര്‍ക്ക് കളിക്കാനാവൂയെന്ന് ടീം സെലക്ഷന്‍ സമയത്ത് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കായി തിളങ്ങിയ രാഹുലിന് പരിക്ക് മൂലം രണ്ടാം ടെസ്റ്റിൽ കളിക്കാനായിരുന്നില്ല.