ഹൈദരാബാദിലെ ബേസ്ബോളിന് വിശാഖപട്ടണത്ത് മറുപടി നൽകി രോഹിത്തും സംഘവും പരമ്പരയിൽ ഒപ്പമെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടീം ഇന്ത്യ ജയിക്കാനിടയായ സാഹചര്യങ്ങളെ ഇഴകീറി പരിശോധിക്കുകയാണ് നമ്മൾ ഇവിടെ ചെയ്യുന്നത്. രണ്ട് ദിനം ശേഷിക്കെ ഇന്ത്യ ഉയർത്തിയ 398 റൺസിന്റെ വിജയലക്ഷ്യം മറികടക്കാൻ ഇംഗ്ലീഷ് ബാറ്റർമാർ പരാജയപ്പെടുകയായിരുന്നു.
1. നിർണായകമായത് ഇരട്ട സെഞ്ചുറി
ഒന്നാമിന്നിംഗ്സിൽ ലഭിച്ച 143 റൺസ് ലീഡാണ് കളിയിൽ നിർണായകമായത്. യുവ ഓപ്പണർ യശസ്വി ജെയ്സ്വാളിന്റെ ഇരട്ട സെഞ്ചുറിയാണ് ഇന്ത്യൻ ടീമിനെ രക്ഷിച്ചത്. ജെയിംസ് ആൻഡേഴ്സണിന്റെ റിവേഴ്സ് സ്വിങ് അനുഭവ സമ്പത്തിനേയും മറികടന്നാണ് ജെയ്സ്വാൾ 209 റൺസ് വാരിയത്.
2. കുറ്റിപറപ്പിക്കുന്ന ബൂം ബൂം ബുംറ
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് ആറ് വിക്കറ്റുകൾ വീഴ്ത്തി ജസ്പ്രീത് ബുംറ നടത്തിയ പേസ് ആക്രമണമാണ് കളി ഇന്ത്യയുടെ വരുതിയിൽ നിർത്തിയത്. ആദ്യ ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചതിൽ ബുംറയുടെ പങ്ക് വലുതാണ്. രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റെടുത്ത ബുംറയാണ് കളിയിലെ കേമനായും തിരഞ്ഞെടുക്കപ്പെട്ടത്. ഒന്നാം ഇന്നിംഗ്സിൽ 15.5 ഓവറിൽ വെറും 45 റൺസ് വിട്ടുനൽകിയാണ് 6 വിക്കറ്റെടുത്തത്. രണ്ടാം ഇന്നിംഗ്സിൽ 17.2 ഓവറിൽ വെറും 46 റൺസ് മാത്രമാണ് താരം വിട്ടുനൽകിയത്. 2.80, 2.70 എന്നിങ്ങനെയായിരുന്നു ഇന്ത്യൻ സ്റ്റാർ പേസറുടെ ബോളിങ് എക്കോണമി.
3. ചേതോഹരമായ ശതകവുമായി ഗിൽ
നാലാം ദിനം സെഞ്ചുറി നേടിയ ശുഭ്മൻ ഗില്ലൊഴികെയുള്ള (104) മറ്റു ഇന്ത്യൻ ബാറ്റർമാർ അതിദയനീയമായി പരാജയപ്പെട്ടപ്പോൾ ഇന്ത്യ രണ്ടാമിന്നിംഗ്സിൽ 255 റൺസിന് പുറത്തായിരുന്നു. ആദ്യ ഇന്നിംഗ്സിലെ 143 റൺസ് ലീഡും കളി ഇന്ത്യയുടെ വരുതിയിൽ നിർത്തി.
4. അവസരത്തിനൊത്ത് ഉയർന്ന ബോളിങ് നിര
രവിചന്ദ്രൻ അശ്വിനും ജസ്പ്രീത് ബുംറയും മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ രണ്ടാം ഇന്നിംഗ്സിലെ ഇംഗ്ലീഷ് ബാറ്റർമാരുടെ ചെറുത്തുനിൽപ്പ് ഫലം കാണാതെ പോയി. കുൽദീപ് യാദവിനും മുകേഷ് കുമാറിനും അക്സർ പട്ടേലിനും ഓരോ വിക്കറ്റ് കൂടി ലഭിച്ചു. ഇന്ത്യയുടെ മൈൻഡ് ഗെയിം ഫലം കാണുകയായിരുന്നു.
5. കൂട്ടുകെട്ട് ഉണ്ടാക്കാൻ ഇംഗ്ലണ്ട് പരാജയപ്പെട്ടു
ഇംഗ്ലീഷ് ബാറ്റർമാരെ നിലയുറപ്പിച്ച് കളിക്കാൻ ഇന്ത്യ ബോളർമാർ അനുവദിച്ചില്ലെന്നതാണ് കളിയിൽ പ്രധാനപ്പെട്ട കാര്യം. ജസ്പ്രീത് ബുംറ, അശ്വിൻ, എന്നിവർക്ക് പുറമെ കുൽദീപ് യാദവും അക്സർ പട്ടേലും നിർണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്റെ മുൻനിരയെ സ്പിന്നർമാരാണ് കൂടാരം കയറ്റിയതെങ്കിൽ വാലറ്റത്തെ വീഴ്ത്താൻ ബുംറയുടെ യോർക്കറുകളെ രോഹിത് ശർമ്മ പ്രത്യേകം മാറ്റിവച്ചിരുന്നു.
- ‘ഇതാണ് ആ യോർക്കർ;’ മിഡില്‍ സ്റ്റംപ് തെറിപ്പിച്ച് ബുമ്ര മാജിക്ക്
- ചേതോഹരമായ ശതകം; വിമർശകരുടെ വായടപ്പിച്ച് ശുഭ്മൻ ഗിൽ
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ