ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ബാറ്റർമാരിൽ ഒരാളായാണ് കായികലോകം വിരാട് കോഹ്‌ലിയെ വിലയിരുത്തുന്നത്. അതിനാൽ, തന്റെ സമകാലികരായ സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവരുമായി താരതമ്യപ്പെടുത്തുക മാത്രമല്ല, മുൻകാല ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിംഗ് തുടങ്ങിയ എന്നിവരുമായും അദ്ദേഹത്തെ താരതമ്യപ്പെടുത്താറുണ്ട്.
വിരാട് കോഹ്ലിയെ മുമ്പ് ഏകദിന ക്രിക്കറ്റിൽ സച്ചിനും പോണ്ടിംഗും നേരിട്ട വെല്ലുവിളികളുമായി വച്ച് താരതമ്യം ചെയ്യാൻ ശ്രമിച്ചിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ഷോയിബ് അക്തർ. “അന്ന് സച്ചിൻ ലോകത്തിലെ ഏറ്റവും മികച്ച റിവേഴ്സ് സ്വിംഗ് ബൗളർമാർക്കെതിരെയാണ് കളിച്ചിരുന്നത്. ഇന്നായിരുന്നുവെങ്കിൽ സച്ചിൻ ഒരുപാട് റൺസ് നേടുമായിരുന്നു,” അക്തർ ചൂണ്ടിക്കാട്ടി
“വിരാട് ഞങ്ങളുടെ കാലഘട്ടത്തിൽ ആയിരുന്നുവെങ്കിൽ കടുത്ത വെല്ലുവിളി നേരിട്ടേനെ. പക്ഷേ ഇപ്പോൾ നേടിയ റൺസ് കോഹ്ലി അന്നും നേടുമായിരുന്നു. ഞങ്ങൾക്കും സമാനമായ തല്ല് നേരിടേണ്ടി വരുമായിരുന്നു. എന്നാൽ വസീം അക്രമിനെ കളിക്കുന്നത് അത്ര എളുപ്പമല്ല. എങ്കിലും വിരാട് വിരാട് ആണ്,” അക്തർ എഎൻഐയോട് പറഞ്ഞു.
ഇക്കഴിഞ്ഞ ഇന്ത്യ-ന്യൂസിലൻഡ് ഏകദിന ലോകകപ്പ് സെമി ഫൈനലിൽ, 50 ഏകദിന സെഞ്ചുറികൾ നേടുന്ന ആദ്യ കളിക്കാരനായി കോഹ്ലി മാറിയിരുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, ഈ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറെ അദ്ദേഹം മറികടന്നു. ഒരു ദശാബ്ദം മുമ്പ് കളി തുടങ്ങിയ സച്ചിൻ 50 ഓവർ ഫോർമാറ്റിൽ 49 സെഞ്ചുറികളും ടെസ്റ്റിൽ 51 സെഞ്ചുറികളും നേടിയിരുന്നു. മറുവശത്ത്, ടെസ്റ്റിൽ കോഹ്‌ലിക്ക് 29 സെഞ്ചുറിയും ഒരു ടി20 സെഞ്ചുറിയും 50 ഏകദിന സെഞ്ചുറികൾക്കൊപ്പം ഉണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൊത്തത്തിൽ 80 സെഞ്ചുറികളാണ് കോഹ്ലി നേടിയത്.
ഒരു ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ 673 റൺസ് റെക്കോർഡും കോഹ്‌ലി സച്ചിനിൽ നിന്ന് തട്ടിയെടുത്തു. 2023 കലണ്ടർ വർഷത്തിൽ കരിയറിലെ ഏഴാം തവണയാണ് 35കാരൻ 2000 റൺസ് പിന്നിട്ടത്. 146 വർഷത്തെ ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു ബാറ്റർക്കും ഈ നേട്ടം കൈവരിക്കാനായിട്ടില്ല. 2012 (2186 റൺസ്), 2014 (2286 റൺസ്), 2016 (2595 റൺസ്), 2017 (2818 റൺസ്), 2018 (2735 റൺസ്), 2019 (2455 റൺസ്) എന്നീ വർഷങ്ങളിലാണ് കോഹ്‌ലി മുമ്പ് ഈ നേട്ടം കൈവരിച്ചത്.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു