ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറിൽ ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഇന്ത്യ. ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന്റെ കളങ്കം മായ്ക്കുന്ന വിധമായിരുന്നു കൊടുങ്കാറ്റായി ആഞ്ഞടിച്ച പേസ് പടയുടെ സംഹാര താണ്ഡവം. വെറും 23.2 ഓവറിൽ 55 റൺസിന് പ്രോട്ടീസ് പട ചാരമായി. ദക്ഷിണാഫ്രിക്കൻ നിരയിൽ വെറീൻ (15), ബെഡിങ്ഹാം (12) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. മറ്റാർക്കും നിലയുറപ്പിച്ച് കളിക്കാനായില്ല.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയ്ക്കെതിരെ ഏതൊരു ടീമിന്റേയും ഏറ്റവും ചെറിയ സ്കോറാണിത്. ടെസ്റ്റ് കരിയറിലെ മികച്ച പ്രകടനമാണ് മുഹമ്മദ് സിറാജ് ഇന്ന് പുറത്തെടുത്തത്. ഒമ്പത് ഓവറിൽ വെറും 15 റൺസ് മാത്രം വിട്ടുനൽകിയാണ് സിറാജ് ആറ് വിക്കറ്റുകൾ കൊയ്തത്. മൂന്ന് മെയ്ഡൻ ഓവറുകളും അദ്ദേഹം എറിഞ്ഞു. എട്ടോവറിൽ 25 റൺസിന് രണ്ട് വിക്കറ്റെടുത്ത ബുംറയും മൂന്നോവറിൽ റണ്ണൊന്നും വിട്ടു കൊടുക്കാതെ രണ്ട് വിക്കറ്റെടുത്ത മുകേഷ് കുമാറും മികച്ച പിന്തുണയാണ് അവർക്ക് നൽകിയത്.
2023 നവംബറിൽ നടന്ന ഏകദിന ലോകകപ്പിൽ ശ്രീലങ്കയെ 50 റൺസിൽ എറിഞ്ഞിട്ടപ്പോഴും മുഹമ്മദ് സിറാജാണ് 6 വിക്കറ്റുമായി തിളങ്ങിയത്. അതേസമയം, മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യ 7.3 ഓവറിൽ 50 റൺസെടുത്തിട്ടുണ്ട്. രോഹിത് ശർമ്മ (36), ശുഭ്മൻ ഗിൽ (6) എന്നിവരാണ് ക്രീസിലുള്ളത്. നേരത്തെ യശസ്വി ജെയ്സ്വാളിനെ (0) ഇന്ത്യയ്ക്ക് തുടക്കത്തിലേ നഷ്ടമായിരുന്നു.
Read More
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
- അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും