തിരുവനന്തപുരം: നാളുകളായുള്ള മലയാളികളുടെ കാത്തിരിപ്പിനൊടുവിൽ കേരളത്തിൽ കളിക്കാൻ സമ്മതമറിയിച്ച് ലോകകപ്പ് ജേതാക്കളായ ലയണൽ മെസ്സിയുടെ അർജന്റീന ദേശീയ ഫുട്ബോൾ ടീം. കേരളത്തിൽ കളിക്കാൻ താൽപ്പര്യം അറിയിച്ചുകൊണ്ടുള്ള അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഇ മെയില്‍ ലഭിച്ചതായി സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്‌മാൻ സ്ഥിരീകരിച്ചു. കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നുന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ സൗഹൃദമത്സരം കളിക്കാനുള്ള ലോകകപ്പ് ജേതാക്കളായ അർജന്റീന ദേശീയ ടീമിന്റെ ക്ഷണം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയർന്ന തുക താങ്ങാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആവശ്യം തള്ളിയത്.
ഇത് കേരളത്തിൽ വലിയ ചർച്ചയാകുകയും സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാൻ അർജന്റീന ദേശീയ ടീമിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് മെസ്സിയേയും സംഘത്തേയും കേരളത്തിലേക്ക് ക്ഷണിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ചു. 2022ലെ ലോകകപ്പ് വിജയത്തിന് ശേഷം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു.
ഖത്തർ ലോകകപ്പിൽ മലയാളികൾ നൽകിയ പിന്തുണ വലുതാണെന്ന് ടീം അധികൃതർ അന്നേ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ഫുട്ബോൾ കമ്പം ആഗോളതലത്തിൽ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.