2023ലെ ഏകദിന ലോകകപ്പിന് മുമ്പേ തന്നെ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായുള്ള സൂചനകൾ ഡേവിഡ് വാർണർ നൽകിയിരുന്നു. എന്നാൽ, ലോകകപ്പിലെ കിരീടനേട്ടത്തിന് തൊട്ടുപിന്നാലെ തനിക്ക് കളി തുടരാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് നിഴലിച്ചത്. എന്നാൽ, പുതുവർഷ ദിനത്തിൽ ഏകദിന ക്രിക്കറ്റ് മതിയാക്കുകയാണെന്ന് പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം.
അതിന് പിന്നാലെ ബുധനാഴ്ച തന്റെ ടെസ്റ്റ് കരിയറിലെ അവസാന മത്സരത്തിന് ഒരുങ്ങുകയാണ് ഓസീസ് ടീമിലെ ഈ ഛോട്ടാ ഡൈനാമൈറ്റ്. ടെസ്റ്റ് ക്രിക്കറ്റിൽ വിരേന്ദർ സെവാഗ് തുടങ്ങി തട്ടുപൊളിപ്പൻ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ശൈലി അതുപോലെ പകർത്തിയ അന്താരാഷ്ട്ര ക്രിക്കറ്റിലെ ചുരുക്കം ചില ബാറ്റർമാരിൽ ഒരാളാണ് ഡേവിഡ് വാർണർ. വിശാലമായ ഷോട്ട് സെലക്ഷനുകളുള്ള സെൻസിബിൾ ക്രിക്കറ്ററാണ് വാർണർ. ക്രിക്കറ്റിന്റ ഏത് ഫോർമാറ്റിനും അനുയോജ്യനായ ബാറ്ററാണ് അദ്ദേഹം. അതോടൊപ്പം അസാമാന്യ ഫീൽഡിങ് പാടവവും അദ്ദേഹം പ്രകടിപ്പിക്കാറുണ്ട്.
അതേസമയം, കളിക്കളത്തിന് പുറത്ത് രസികൻ സ്വഭാവമാണ് ഇന്ത്യൻ ആരാധകർക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നത്. ഐപിഎൽ മത്സരങ്ങൾ കളിക്കാൻ ഇന്ത്യയിലെത്തിയ താരം, ഒരു ഘട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനും കീ പ്ലേയറുമായിരുന്നു. ആ സമയം നടൻ അല്ലു അർജുന്റെ തെലുങ്ക് സിനിമകളുടെ കടുത്ത ആരാധകനായി വാർണർ മാറി. അല്ലുവിന്റെ ഡാൻസ് സോങ്ങുകൾക്ക് ഒപ്പം ചുവട് വെക്കുന്നതും കുടുംബത്തോടൊപ്പം റീൽസ് ഉണ്ടാക്കുന്നതും അദ്ദേഹത്തിന് എന്നും ഹരമായിരുന്നു. ഇക്കഴിഞ്ഞ ലോകകപ്പിൽ ഉൾപ്പെടെ ‘ശ്രീവല്ലി’ ഗാനത്തിനൊപ്പം ചുവടുവെക്കുന്നതും കാണാമായിരുന്നു.
പന്തു ചുരണ്ടൽ വിവാദത്തിൽ ഉൾപ്പെട്ട് സ്റ്റീവൻ സ്മിത്തിനൊപ്പം ആരോപണവിധേയനായ ഡേവിഡ് വാർണർ അനുഭവിച്ച അപമാനങ്ങൾക്കും ഒറ്റപ്പെടലുകൾക്കും കയ്യും കണക്കുമില്ല. കാണികളുടെ കൂക്കി വിളികൾക്ക് നടുവിൽ കളിച്ച് സ്വയം ഊതിക്കാച്ചിയെടുത്ത ക്യാരക്ടറും, പ്രതിഭയുമാണ് അയാളുടേത്. വിവാദങ്ങൾക്ക് പിന്നാലെ ഹൈദരാബാദിന്റെ ക്യാപ്റ്റൻസി നഷ്ടമാകുകയും ദീർഘനാൾ ഫോമില്ലാതെ ഉഴലുകയും ചെയ്തു. സ്വന്തം ടീമിൽ ചിലർ പോലും ഇപ്പോഴും അദ്ദേഹത്തെ പന്ത് ചുരണ്ടലിന്റെ പേരിൽ പരിഹസിച്ച് രണ്ടാഴ്ച പോലും പിന്നിട്ടിട്ടില്ല.
എന്നാൽ, ഐസിസി ടൂർണമെന്റുകളിൽ സടകുഴഞ്ഞെണീക്കുന്ന ഓസ്ട്രേലിയൻ വീര്യത്തിന് അയാളൊരു മികച്ച ഉദാഹരണം കൂടിയാണ്. ഇക്കഴിഞ്ഞ ഐസിസി ഏകദിന ലോകകപ്പിലും വാർണറുടെ റൺവേട്ട ശ്രദ്ധേയമായിരുന്നു. രോഹിത്തിനും കോഹ്ലിക്കും ഡീകോക്കിനുമെല്ലാം പിറകിൽ ഡേവിഡ് വാർണർ എന്ന കുറിയ മനുഷ്യൻ ഉണ്ടായിരുന്നു. 11 മത്സരങ്ങളിൽ നിന്ന് 530 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്.
ഇനി ട്വന്റി 20യില്‍ മാത്രമായിരിക്കും വാര്‍ണര്‍ കളിക്കുക. 161 ഏകദിനങ്ങളില്‍ നിന്ന് 22 സെഞ്ചുറിയും 33 ഫിഫ്റ്റിയും ഉള്‍പ്പടെ 6,932 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. 179 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഓസ്‌ട്രേലിയയുടെ 2015, 2021 ഏകദിന ലോകകപ്പ് നേട്ടങ്ങളിലും നിര്‍ണായക പങ്കാളിയായി. ജനുവരി 3ന് ആരംഭിക്കുന്ന പാക്കിസ്ഥാനെതിരായ മത്സരത്തോടെ ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നുവെന്ന് വാര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. 109 ടെസ്റ്റുകളിലെ 199 ഇന്നിംഗ്സുകളില്‍ 25 സെഞ്ചുറിയും, മൂന്ന് ഇരട്ട സെഞ്ചുറിയും, 36 ഫിഫ്റ്റികളും സഹിതം 44.43 ശരാശരിയില്‍ 8,487 റണ്‍സ് നേടി.
Read More
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
- അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും