സൂപ്പർ സ്പോർട്സ് പാർക്കിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഒന്നാം ടെസ്റ്റിന്റ രണ്ടാം ഇന്നിങ്സിലും തകർച്ച നേരിട്ട് ഇന്ത്യൻ ഓപ്പണിംഗ് സഖ്യം. ഒന്നാം ഇന്നിങ്സിന്റെ തനിയാവർത്തനമായിരുന്നു രണ്ടാം ഇന്നിങ്സിലെ ബാറ്റിങ്ങിലും ഇന്ത്യൻ ഓപ്പണിങ്ങിന്
സംഭവിച്ചത്. കഗീസോ റബാഡയ്ക്ക് മുന്നിൽ ഒരിക്കൽക്കൂടി വിക്കറ്റ് നഷ്ടപ്പെടുത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മ 8 പന്ത് നേരിട്ടെങ്കിലും റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. ഇന്ത്യൻ ഇന്നിങ്സിലെ മൂന്നാം ഓവറിൽ കഗീസോ റബാഡ രോഹിത്തിനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.
18 പന്തിൽ നിന്നും 5 റൺസ് നേടിയ മറ്റൊരു ഓപ്പണറായ യശസ്വി ജയ്സ്വാളിനെ നാന്ദ്ര ബർഗർ മികച്ച ഒരു പന്തിലൂടെ കീപ്പറുടെ കൈകളിലെത്തിച്ചാണ് മടക്കിയത്. ഒന്നാം ഇന്നിങ്സിലും റബാഡയുടെ പന്തിലായിരുന്നു രോഹിത്തിന് വിക്കറ്റ് നഷ്ടമായത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇത് ഏഴാം തവണയാണ് റബാഡയുടെ പന്തിൽ രോഹിത് പുറത്താകുന്നത്. 163 റൺസ് പിന്നിലെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ചത്.
മൂന്നാം ദിനത്തിൽ 256 ന് 5 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിംഗ് ആരംഭിച്ചത്. എന്നാൽ ലഞ്ചിന് ശേഷം താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ ദക്ഷിണാഫ്രിക്ക 408 റൺസിന് ഓൾ ഔട്ടായി. 185 റൺസെടുത്ത ഡീൻ എൽഗാറിന്റേയും 84 റൺസെടുത്ത മാർക്കോ യാൻസന്റേയും പ്രകടനമാണ് പ്രോട്ടീസിന് 163 റൺസിന്റെ ലീഡ് സമ്മാനിച്ചത്. നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന നിലയിലാണ് ഇന്ത്യ. ശ്രേയസ് അയ്യരും വിരാട് കോഹ്ലിയുമാണ് ക്രീസിൽ.